മലയാള സിനിമ പ്രേക്ഷകരെ ചിരിയുടെ ലോകത്ത് വിസ്മയം തീർത്ത നടനാണ് ജഗതി ശ്രീകുമാർ. ഇന്ന് താരത്തിന്റെ എഴുപതാം പിറന്നാൾ ദിനമാണ്. കോവിഡ് നില നിൽക്കുന്ന സാഹചര്യമായതിനാൽ തന്നെ ഇത്തവണത്തെ പിറന്നാൾ ആഘോഷം വളരെ ലളിതമായിട്ടാണ് നടത്തുന്നതും. പേയാട്ടെ വീട്ടിൽ കുടുംബത്തോടൊപ്പം സദ്യയും കേക്ക് മുറിക്കലുമായി ചെറിയ ആഘോഷം മാത്രമാകും ഉണ്ടാകുക.
തിരുവനന്തപുരം ജഗതിയിലാണു 1951 ജനുവരി അഞ്ചിന് ജഗതി ശ്രീകുമാറിന്റെ ജനനം. 8 വർഷമായി അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജഗതിക്ക് സപ്തതി വർഷം മടങ്ങിവരവിന്റേത് കൂടിയാണ്. ഇതിനിടെ രണ്ട് പരസ്യ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് ഇടയിൽ സജീവമായിരുന്നു. എന്നാൽ ഈ കൊല്ലം സിനിമയിലേക്ക് വീണ്ടും ഒരു മടങ്ങി വരവ് നടത്തും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.
മലയാള സിനിമയുടെ ചിരി തമ്പൂരാന്റെ സിംഹാംസനം അദ്ദേഹത്തിന് പകരംവെക്കാൻ മറ്റൊരാളില്ല എന്നുള്ളതുകൊണ്ട തന്നെ ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ഗാംഭീര്യത്തോടെ വീണ്ടും അദ്ദേഹത്തെ ആ ഇരിപ്പിടത്തിൽ വീണ്ടും ഉപവിഷ്ടനാകുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് മലയാളികൾ.
ജഗതിക്ക് 2012 മാർച്ച് 10ന് കാലിക്കട്ട് സർവകലാശാലക്ക് സമീപത്ത് പാണമ്പ്രയിലെ വളവിൽ വെച്ചാണ് അപകടം സംഭവിച്ചത്. ജഗതി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം നടന്നത്. ജഗതി അന്ന് അഭിനയിച്ച് വന്നിരുന്നത് തിരുവമ്പാടി തമ്പാൻ, ഇടവപ്പാതി, ഗ്രാൻഡ് മാസ്റ്റർ, കിംഗ് ആൻഡ് കമ്മീഷണർ, മാസ്റ്റേഴ്സ്, കൗബോയ്സ്, സ്ട്രീറ്റ് ലൈറ്റ്, ബോംബെ മിഠായി തുടങ്ങി പത്തോളം ചിത്രങ്ങളിലായിരുന്നു. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നതും. അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞാടട്ടെ എന്നാണ് ആശംസിക്കുന്നത്.