2012ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ കമാല്‍ ധമാല്‍ മാലമാലിലെ ഒരു രംഗം ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വിവാദമായിരിക്കുന്നത്. ബോളിവുഡ് നടന്‍ ശ്രേയസ് തല്‍പാഡെ ഒരു വാഹനത്തെ കാല്‍ ഉയര്‍ത്തി വച്ച് തടയുന്ന രംഗമാണ് വിവാദത്തിന് കാരണം. വാഹനത്തില്‍ പതിച്ചിരുന്ന ഓം ചിഹ്നത്തിലാണ് നടന്‍ കാല് വച്ചതെന്നാണ് കണ്ടെത്തല്‍. ഇതാണ് നീണ്ട 11 വര്‍ഷത്തിന് ശേഷം വിവാദത്തിന് വഴി തെളിച്ചത്.
സംഭവം വിവാദമായതോടെ ശ്രേയസ് തല്‍പാഡെ ഖേദം പ്രകടിപ്പിച്ചു.
ക്രിസ്ത്യന്‍ മതവിശ്വാസിയായിട്ടാണ് നടന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'ക്രിസ്ത്യന്‍ ഓമില്‍ കാല്‍ വയ്ക്കുന്നു. മറ്റേതെങ്കിലും മതത്തോടുള്ള ഇത്തരത്തിലുള്ള അനാദരവ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?' എന്നിങ്ങനെയായിരുന്നു ഈ സീനിനെ കുറിച്ച് ട്വിറ്ററില്‍ ഉയര്‍ന്ന ആരോപണം. സംഭവം വിവാദമായതോടെ 'ഞാന്‍ അത് കാണുകയും സംവിധായകന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യണമായിരുന്നു. ' എന്ന് നടന്‍ ശ്രേയസ് തല്‍പാഡെ പ്രതികരിച്ചു.
ഒരാള്‍ ഷൂട്ട് ചെയ്യുമ്പോള്‍ വളരെയധികം ഘടകങ്ങളുണ്ടെന്നും, വീഡിയോയില്‍ കാണുന്നതിനെ കുറിച്ച് ന്യായീകരിക്കുകയല്ലെന്നും പൂര്‍ണ്ണമായും മനഃപൂര്‍വമല്ലാത്ത കാര്യമായിരുന്നു എന്നും നടന്‍ പ്രതികരിച്ചു.നടന്റെ സമൂഹമാദ്ധ്യമത്തിലെ പ്രതികരണം ഉള്‍ക്കൊണ്ടുകൊണ്ട് നിരവധി പേര്‍ ശ്രേയസിനെ അനുകൂലിച്ച് രംഗത്തെത്തി.
ഇന്‍ഡസ്ട്രിക്കകത്തും പുറത്തുമുള്ള ആളുകള്‍ നിങ്ങളെ സ്നേഹിക്കുന്നതിനുള്ള ഒരു കാരണമാണിതെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. അതേസമയം ജോലിയില്ലാത്ത ആളുകള്‍ ഇത്തരം മണ്ടത്തരങ്ങള്‍ നിരീക്ഷിക്കുകയും അതില്‍ നിന്ന് വലിയ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നത് വളരെ സങ്കടകരമാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.