മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നതാണ് ശ്രീകുമാര്‍ മേനോന്റെ ബിഗ് ബജറ്റ് ചിത്രം ഒടിയന്‍. മോഹന്‍ലാല്‍ ഒടിയനായി എത്തുന്ന ചിത്രത്തില്‍ നമുക്ക് കാണാനാകുക ആറാം തമ്പുരാനിലും കണ്ട മഞ്ജുവിനെയാകും എന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം മലയാളികളുടെ മറ്റൊരുപ്രിയതാരത്തെകൂടി ചിത്രത്തില്‍ കാണാനാകും. ഒരിടവേളയ്ക്കു ശേഷം ഒടിയനില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ പ്രിയതാരം നരേനും തിരിച്ചെത്തുകയാണ്. ഒടിയനിലേക്ക് എത്തിയതിനെക്കുറിച്ചും ചിത്രീകരണ അനുഭവത്തെക്കുറിച്ചും നരേന്‍ പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരമായ നരേന്‍ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. മോഹന്‍ലാല്‍ നായകനായ ഒടിയനില്‍ ശ്രദ്ധേയമായ വേഷമാണ് നരേന്‍ അവതരിപ്പിക്കുന്നത്. ഒടിയനില്‍ ഒരു അതിഥി കഥാപാത്രമായാണ് നരേന്‍ എത്തുന്നത്. സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രകാശന്‍ എന്ന തന്റെ കഥാപാത്രമെന്ന് നരേന്‍ പറയുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഒടിയനിലേക്ക് വിളിക്കുന്നത്. ഒടിയനിലെ കഥയെയും പശ്ചാത്തലത്തെയും കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അത് തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് നരേന്‍ പറയുന്നു.
പ്രേക്ഷകരെ തിയറ്ററിലേക്ക് ഇടിച്ചു കയറ്റുന്ന തരത്തിലുള്ള മാസ് സിനിമകള്‍ വരാറുണ്ട്. എന്നാല്‍ അതില്‍ കലാമൂല്യമുള്ള കഥയുണ്ടാകണമെന്നില്ല. ഒടിയന്‍ അങ്ങനെയല്ലെന്നും നല്ല തിരക്കഥയ്ക്കുള്ളില്‍ ഒരു മാസ് സിനിമയാണെന്നും നരേന്‍ പറയുന്നു.
സാധാരണ അതിഥിവേഷത്തില്‍ അഭിനയിച്ചു പോകുമ്പോള്‍ വലിയൊരു സിനിമ ചെയ്തതായി സാധാരണ തോന്നാറില്ല. കുറച്ചു രംഗങ്ങളില്‍ മാത്രമല്ലേ വന്നു പോകുന്നുള്ളൂ. എന്നാല്‍ ഒടിയന്റെ കാര്യത്തില്‍ അങ്ങനെയല്ലെന്നും അത്ര ഗംഭീര തിരക്കഥയാണെന്നും നരേന്‍ പറയുന്നു.
സിനിമയില്‍ അനായാസമായി ലാലേട്ടന്‍ അഭിനയിച്ചു പോകുന്നത് കാണാന്‍ ഇപ്പോഴും കൗതുകമാണെന്നും നമ്മുടെ കൂടെ വളരെ സൗഹൃദത്തോടെ സംസാരിക്കുകയും ക്യാമറയ്ക്കു മുന്നില്‍ എത്തിയാല്‍ കഥാപാത്രമാകുകയും കട്ട് പറഞ്ഞാല്‍ വീണ്ടും പഴയപോലെ നമ്മുടെ സൗഹൃദ സംഭാഷണം തുടരുകയും ചെയ്യുന്ന വിസ്മയമാണ് അദ്ദേഹമെന്നും നരേന്‍ പറയുന്നു. മഞ്ജു വാര്യര്‍ക്കൊപ്പം മനോഹരമായ രംഗം സിനിമയിലുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാരില്‍ ഒരാള്‍ കൂടി ആയതിനാല്‍ അവര്‍ക്കൊപ്പം അഭിനയിക്കുക എന്നു പറയുന്നത് ഇരട്ടി സന്തോഷമായിരുന്നെന്നും നരേന്‍ പറയുന്നു. കേരളത്തിനു പുറത്തുളള പ്രേക്ഷകരും ഒടിയന്‍ കാണാനുളള കാത്തിരിപ്പിലാണെന്ന് നരേന്‍ പറയുന്നു. ചെന്നൈയിലുള്ള തന്റെ മലയാളികളല്ലാത്ത സുഹൃത്തുക്കള്‍ പോലും മലയാളത്തിലെ ഈയടുത്ത് ഇറങ്ങിയ സിനിമകള്‍ കാണുന്നുണ്ടെന്നും അത് വളരെ പ്രതീക്ഷ നല്‍കുന്ന മാറ്റമാണെന്നും നരേന്‍ പറയുന്നു.