ഫാസിലിന്റെ ലിവിങ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവതാരമാണ് ഹേമന്ദ് മേനോന്‍. പിന്നീട് 20 ഓളം ചിത്രങ്ങളില്‍ താരം ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഓര്‍ഡിനറിയിലെ ദേവന്‍ എന്ന കഥാപാത്രമാണ് ഹേമന്ദിന്റെ അഭിനയ ജീവിതത്തില്‍ ബ്രേക്ക് നല്‍കിയ കഥാപാത്രം. ഹേമന്ദ് വിവാഹിതനാകുന്നു എന്നതാണ് ഇപ്പോഴെത്തുന്ന വാര്‍ത്ത. താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിലീന നായരാണ് ഹേമന്ദിന്റെ വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ചാണ് വിവാഹനിശ്ചയം നടന്നതെന്നാണ് സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് നിശ്ചയം നടന്നതെന്ന്. നിശ്ചയചടങ്ങിന് പിന്നാലെയുള്ള ഇരുവരുടെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചുവപ്പുലഹങ്കയില്‍ അതിസുന്ദരിയായിട്ടാണ് നിലീന ചിത്രങ്ങളിലുളളത്. വെളളനിറത്തിലുളള കുര്‍ത്തയിലാണ് ഹേമന്ദ്. ഇരുവരും തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
'ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി. അവള്‍ സമ്മതവും മൂളി. നമ്മുടെ യാത്ര പരിപൂര്‍ണമാകണമെന്നില്ല. എങ്കിലും അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ നിന്നോടു ഞാന്‍ ചേര്‍ന്നിരിക്കും എന്ന കുറിപ്പോടെയാണ് താരം നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. താരത്തിന്റെ പോസ്റ്റില്‍ താരങ്ങള്‍ ആശംസ അറിയിച്ചിട്ടുണ്ട്. ലിവിങ് ടുഗെതര്‍, ഡോക്ടര്‍ ലവ്, ചട്ടക്കാരി, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഹേമന്ദ്. തെങ്കാശിക്കാറ്റ് ആണ് തിയേറ്ററിലെത്തിയ ഹേമന്ദിന്റെ ഏറ്റവും പുതിയ ചിത്രം. കടലിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.