മലയാളത്തില്‍ മിനിമം ഗ്യാരണ്ടിയുള്ള നടനാണ് ആസിഫ് അലി. സിനിമയ്‌ക്കൊപ്പം കുടുംബത്തെയും സ്‌നേഹിക്കുന്ന ആസിഫ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ മികച്ച തീരുമാനത്തെകുറിച്ചും, കോളേജില്‍ തോറ്റതിനെകുറിച്ചും ബിസിനസിനെകുറിച്ചുമെല്ലാം മനസുതുറന്നത്. തന്റെ ചിത്രമായ ബിടെക്കിലെ കഥാപാത്രം പോലെ തന്നെയാണ് താന്‍ എന്നാണ് ആസിഫ് അലി പറയുന്നത്. പഠിക്കുന്ന കാര്യത്തില്‍ ഉഴപ്പന്‍ ആയിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോള്‍ എന്തെങ്കിലും പഠിക്കണമല്ലോ എന്ന് വിചാരിച്ചാണ് ബിബിഎ ചെയ്യുന്നത്. പക്ഷേ മൂന്നു കൊല്ലം കൊണ്ട് എടുക്കേണ്ട ബിബിഎ താന്‍ നാലര വര്‍ഷം കൊണ്ടാണ് തീര്‍ത്തത്. ഏകദേശം 22 പേപ്പര്‍ സപ്ലി ഉണ്ടായിരുന്നു എന്നും താരം പറയുന്നു. തുടര്‍ന്നാണ് ഒരു ചാനലില്‍ ജോലിക്ക് കയറുകയും അതിലൂടെ സിനിമയില്‍ എത്തുകയും ചെയ്തത്.
ബിസിനസ് രംഗത്തും താരം ഇപ്പോള്‍ സജീവമാണ്. കോഫി ഷോപ്പ് ആണ് ആസിഫ് ആദ്യം തുടങ്ങിയത്. കോഫി ഷോപ്പുകളില്‍ പോയിരുന്ന് കമ്പനിയടിക്കാനുള്ള ഇഷ്ടം കൊണ്ടാണ് 'വാഫിള്‍ സ്ട്രീറ്റ്' എന്ന കോഫി ഷോപ്പ് പനമ്പിള്ളി നഗറില്‍ താരം തുടങ്ങുന്നത്. പിന്നെ, അത് നിര്‍ത്തിപകരം കോഴിക്കോട് ആദാമിന്റെ ചായക്കട ഫ്രണ്ട്‌സിനൊപ്പം തുടങ്ങി. ദുബായിലും ഇപ്പോള്‍ ആദാമിന്റെ ചായക്കട തുടങ്ങിയിട്ടുണ്ട്. അതേപോലെ തന്നെ ചുറ്റും എപ്പോഴും സിനിമ ഉണ്ടായിരിക്കണം എന്നാണ് ആഗ്രഹത്തിന്റെ പുറത്താണ് പ്രൊഡക്ഷന്‍ കമ്പനിയും തുടങ്ങിയതെന്ന് താരം പറയുന്നു. ഒരുപാട് പുതിയ സംവിധായകര്‍ ഉണ്ട് അവരോടൊപ്പം ചെറിയ ബജറ്റിലുള്ള സിനിമകള്‍ ചെയ്യണം എന്നതാണ് പ്രൊഡക്ഷന്‍ കമ്പനിയിലൂടെ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.
മക്കളായ ആദത്തിന്റെയും ഹയയുടെയും എല്ലാ കാര്യങ്ങളും ആസിഫ് ആണ് ചെയ്യുന്നത്. ആദം ജനിച്ച സമയത്ത് ആയയെ പറഞ്ഞുവിട്ട് മകന്റെ എല്ലാ കാര്യങ്ങളും നോക്കിയതും ആസിഫ് തന്നെയാണ് എന്നാണ് ഭാര്യ സമ പറയുന്നത്. എണ്ണ തേയ്ക്കുകയുംം, കുളിപ്പിക്കുകയും, തുണിയലക്കുകയും എല്ലാം ആസിഫ് ആണ് ചെയ്തത്. ഇതിനൊക്കെ കാരണമായി താരം പറയുന്നത് സമയുടെ പ്രസവസമയത്ത് ഒപ്പം നിന്നതാണ്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത് എന്നും താരം പറയുന്നു. അതോടെ സമയോടുള്ള ആറ്റിറ്റിയൂഡ് മാറിപ്പോയി. പ്രസവസമയത്ത് സമ വേദനിക്കുന്ന കാഴ്ചയാണ് കുഞ്ഞുങ്ങളെ താന്‍ ഇത്രയ്ക്ക് നോക്കുന്നതിന് കാരണം എന്നും ആസിഫ് പറയുന്നു.