കന്നഡ സൂപ്പര്‍ താരങ്ങളായ ശിവരാജ് കുമാര്‍, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യ രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം '45' ന്റെ ടീസര്‍ പുറത്ത്. അര്‍ജുന്‍ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അര്‍ജുന്‍ ജന്യ തന്നെയാണ്. ഉഗാദി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടത്.
ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സമീപകാല മലയാള ചിത്രങ്ങളായ ടര്‍ബോ, കൊണ്ടല്‍ എന്നിവയിലൂടെ കേരളത്തിലും ജനപ്രിയനായ താരമാണ് രാജ് ബി ഷെട്ടി. ജയിലര്‍ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ ശിവരാജ് കുമാറും കേരളത്തില്‍ കയ്യടി നേടിയിരുന്നു. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് '45' റിലീസിനൊരുങ്ങുന്നത്. 2025 ഓഗസ്റ്റ് 15 ന് ചിത്രം ആഗോള റിലീസായി പ്രദര്‍ശനം ആരംഭിക്കും.