സുരേഷ് ഗോപി ഗര്‍ഭിണിയുടെ നിറവയറലില്‍ തൊട്ട സംഭവം രാഷ്ട്രീയലാക്കാക്കി ഉപയോഗിച്ചവര്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി നടി ശ്രയാ രമേശ്. മതത്തിന്റെയും രാഷ്ടീയത്തിന്റെയും പേരില്‍ മനുഷ്യരുടെ മനസ്സില്‍ വെറുപ്പ് കുമിഞ്ഞു കൂടുന്നതില്‍ തനിക്ക് അതിയായ ദുഖം തോന്നുന്നുവെന്ന് നടി പ്രതികരിക്കുന്നു. കേരളത്തില്‍ ഈയിടെ അരങ്ങേറിയ ഏതാനും സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രിയയുടെ പരാമര്‍ശം.
മംഗലാപുരത്ത് നിന്നു നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ചതിനെപ്പറ്റി മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിനില്‍ സോമസുന്ദരം എന്ന യുവാവിന്റെ പ്രവൃത്തിയെ അപലപിച്ച ശ്രിയ അറസ്റ്റുകൊണ്ടൊന്നും അയാളുടെ മനോനിലയില്‍ മാറ്റം വരില്ലെന്ന് പറയുന്നു.
ഗര്‍ഭിണിയുടെ വയറ്റില്‍ കൈവെച്ചനുഗ്രഹിച്ച തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്കും മറുപടി നല്‍കുകയാണ് ശ്രിയ. മത-രാഷ്ടീയ വിദ്വേഷം ഇനിയും ലോകത്തേക്ക് പിറന്ന് വീണിട്ടില്ലാത്ത ഒരു കുരുന്നിന്റെ മേല്‍ പോലും പ്രയോഗിക്കുവാന്‍ എങ്ങിനെ മലയാളികള്‍ക്ക് മനസ്സുവരുന്നുവെന്നും ശ്രിയ ചോദിക്കുന്നു.
ശ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:-
പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഒരു അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിനെ എല്ലാം എത്ര ക്രൂരമായാണ് മലയാളികള്‍ വാക്കുകള്‍ കൊണ്ട് മുറിവേല്പിക്കുന്നത്. ഒരു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുവാന്‍ ആ ആംബുലന്‍സ് അതിവേഗം കടന്നു പോയത് മലയാളി തീര്‍ത്ത സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാര്‍ഥനയുടേയും മനോഹരമായ വീഥിയിലൂടെ ആയിരുന്നു. അവള്‍ സുരക്ഷിതയായി അമൃതാ ആശുപത്രിയില്‍ എത്തിയെന്നറിയും വരെ ഒരമ്മയെന്ന നിലയില്‍ ഞാനടക്കം അനേകര്‍ അവള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടേ ഇരുന്നു. അതിനിടയിലാണ് ആ കുരുന്നിനെ കുറിച്ച് അങ്ങെയറ്റം മനുഷ്യത്വരഹിതമായ പരാമര്‍ശവുമായി ഒരാള്‍ രംഗത്തെത്തിയത്. അയാള്‍ക്കെതിരെ ഒരുപാട് പേര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി, പോലീസ് അയാള്‍ക്കെതിരെ നടപടിയും എടുത്തു. പക്ഷെ അയാളുടെ മനസ്സ് മാറാതെ എന്തു കാര്യം?
അതുകൊണ്ട് തീര്‍ന്നില്ല തൊട്ടടുത്ത ദിവസം പ്രചാരണത്തിനിടെ സുരേഷ് ഗോപിച്ചേട്ടന്‍ ഇതാ തൃശ്ശൂരില്‍ ഒരമ്മയുടെ ഉദരത്തില്‍ കിടക്കുന്ന കുരുന്നിനെ ഒന്ന് ആശിര്‍വദിച്ചതിനെ പറ്റി എന്തൊക്കെ വൃത്തികേടുകളാണ് പറഞ്ഞത്. എന്തൊരു കഷ്ടമാണിത്. മത-രാഷ്ടീയ വിദ്വേഷം ഇനിയും ലോകത്തേക്ക് പിറന്ന് വീണിട്ടില്ലാത്ത ഒരു കുരുന്നിന്റെ മേല്‍ പോലും പ്രയോഗിക്കുവാന്‍ എങ്ങിനെ മലയാളികള്‍ക്ക് മനസ്സുവരുന്നു. നിങ്ങളെ പോലെ ഉള്ള അസുര ജന്മങ്ങളുടെ ഇടയിലേക്കല്ലെ ആ കുരുന്നു ജനിച്ചു വീഴേണ്ടത്?
അമൃതയില്‍ ചികിത്സയില്‍ ഇരിക്കുന്ന പതിനഞ്ചു ദിവസം പ്രായമായ കുരുന്നും പിച്ചവെക്കേണ്ടത് എന്ന് ഓര്‍ക്കുമ്പോല്‍ വല്ലാത്ത വേദന തോന്നുന്നു. നിങ്ങളുടെ വീടുകളിലും കുരുന്നുകളും ഗര്‍ഭിണികളും ഇല്ലെ? മതത്തിന്റെ പേരിലും രാഷ്ടീയത്തിന്റെ പേരിലും മനസ്സില്‍ വെറുപ്പ് കുമിഞ്ഞു കൂടിയ ഒരു സമൂഹമായി അധ:പതിച്ചല്ലോ നമ്മുടെ നാട് എന്ന് ദു:ഖത്തോടെ ചിന്തിച്ചു പോകുകയാണ്.
സ്വന്തം തട്ടകമായ തൃശ്ശൂരില്‍ മല്‍സര രംഗത്തുള്ള സഹപ്രവര്‍ത്തകന്‍ സുരേഷ് ഗോപിച്ചേട്ടനു പിന്തുണ അര്‍പ്പിച്ചതിന്റെ പേരില്‍ ബിജു മേനോനും, പ്രിയാ വാര്യരുമെല്ലാം നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ കാണുമ്പോള്‍ ചിലതു ചോദിക്കുവാന്‍ തോന്നുന്നു. അവര്‍ക്ക് എന്താ വ്യക്തിസ്വാതന്ത്യവും അഭിപ്രായ സ്വാതന്ത്യവും ഈ നാട്ടില്‍ ഇല്ലെ? ബഹളം വെക്കുന്ന ചിലരുടെ കുത്തകയാണൊ അഭിപ്രായ സ്വാതന്ത്യവും ആവിഷ്‌കാര സ്വാതന്ത്യവുമൊക്കെ? നിങ്ങള്‍ക്കുള്ള പോലെ അവര്‍ക്കും എനിക്കും ഉണ്ട് അത് എന്ന് മനസ്സിലാക്കുക.
മതവിശ്വാസത്തിനും രാഷ്ടീയ വിശ്വാസത്തിനും അഭിപ്രായ- ആവിഷ്‌കാര-സഞ്ചാര സ്വാതന്ത്യത്തിനുമെല്ലാം ഉറപ്പുവരുത്തുന്നതിനാണ് . ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ തെരഞ്ഞെടുപ്പ് പ്രകിയ എന്ന് സാമാന്യ ബോധം എങ്കിലും ബഹളം വയ്ക്കുന്നവര്‍ക്ക് ഉണ്ടാകണം. ആ തെരഞ്ഞെടുപ്പില്‍ ഇഷ്ടപ്പെട്ട രാഷ്ടീയ പാര്‍ട്ടിയില്‍ വിശ്വസിക്കുവാനും വോട്ടു ചെയ്യാനും സ്ഥാനാര്‍ഥിയായി മല്‍സരിക്കുവാനും പ്രചാരണത്തില്‍ ഏര്‍പ്പെടുവാനും ഏതു വ്യക്തിക്കും അവകാശവും സ്വാതന്ത്യവും ഉണ്ട്. കലാകാരന്മാരായി എന്നതുകൊണ്ട് മമ്മൂക്കക്കും ബിജു മേനോനും പ്രിയവാര്യര്‍ക്കും ഇന്നസെന്റ് ചേട്ടനും സുരേഷ് ഗോപിച്ചേട്ടനും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചേട്ടനും ഒന്നും വ്യക്തിപരമായ ആ സ്വാതന്ത്യങ്ങള്‍ ഇല്ലാതാകുന്നില്ല.
സിനിമ കാണുന്നവരുടെ താല്പര്യത്തിനനുസരിച്ചാകണം അഭിനേതാക്കളുടെ രാഷ്ടീയ ചിന്താഗതി എന്ന് നിര്‍ബന്ധം പിടിക്കുന്നത് ഫാസിസമല്ലെ? തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ടീയം പിന്തുടരുന്ന താരങ്ങളുടെ സിനിമ ബഹിഷ്‌കരിക്കുണം എന്നാണ് ചിലര്‍ പറയുന്നത്. സുരേഷ് ഗോപിച്ചേട്ടനും, ഇന്നസെന്റ് ചേട്ടനും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചേട്ടനും ഉള്ള ഒരു സിനിമ വന്നാല്‍ നിങ്ങള്‍ തീയേറ്ററില്‍ ആ സമയത്ത് കണ്ണടച്ച് ചെവിയും പൂട്ടി ഇരിക്കുമോ? ഇവരുടെ കോമ്പിനേഷന്‍ സീന്‍ വന്നാല്‍ എന്തു ചെയ്യും?
നമ്മുടെ സുഹൃത്തുക്കളൊ ഇഷ്ടപ്പെട്ടവരോ മല്‍സര രംഗത്തുവരുമ്പോള്‍ അവരെ സപ്പോര്‍ട്ട് ചെയ്യുക സ്വാഭാവികമാണ്. സുരേഷ് ഗോപിച്ചേട്ടനും ഇന്നസെന്റ് ചേട്ടനും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചേട്ടനുമെല്ലാം സിനിമാ പ്രവര്‍ത്തകര്‍ കൂടെയാണ്. മലീമസപ്പെട്ട മാനസികാവസ്ഥയും വച്ച് പിഞ്ചുകുഞ്ഞുങ്ങളില്‍ പോലും ശത്രുതാ മനോഭാവവും വച്ചുപുലര്‍ത്തുവാന്‍ കലാകാരന്മാര്‍ക്കിടയിലെ നല്ല മനസ്സുകള്‍ക്ക് ആകില്ല. വ്യക്തിപരമായ രാഷ്ടീയത്തിനപ്പുറം കലാകാരിയെന്ന നിലയില്‍ ഞാന്‍ എം.പിമാരായ സുരേഷ് ഗോപിച്ചേട്ടനും ഇന്നസെന്റ് ചേട്ടനും ഒപ്പം എം.പി.ആകാനായി മല്‍സരിക്കുന്ന രാജ്‌മോഹന്‍ ചേട്ടനും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുവരുവാന്‍ ആശംസകള്‍ നേര്‍ന്നു.
തീര്‍ച്ചയായും അവര്‍ മൂന്ന് പേരും വിജയിക്കും എന്നാണ് എന്റെ പ്രത്യാശ. വിജയിച്ച് മികച്ച പാര്‍ലമെന്റേറിയന്മാരായി നാടിനു നന്മ ചെയ്യുവാന്‍ അവര്‍ക്ക് ആകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അവര്‍ മാത്രമല്ല രമ്യാ ഹരിദാസും ഷാനിമോള്‍ ഉസ്മാനും ശോഭാസുരേന്ദ്രനും ശ്രീമതിടീച്ചറും ഉള്‍പ്പെടെ ഉള്ള വനിതകളും വിജയിച്ച് മികച്ച പാര്‍ലമെന്റേറിയന്മാരായി നാടിനു നന്മ ചെയ്യുവാന്‍ അവര്‍ക്ക് ആകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.ഒരിക്കല്‍ കൂടെ വിജയാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ശ്രീയ രമേഷ്.