സുന്ദരിയിലെ ചോട്ടു, സത്യ എന്ന പെണ്‍കുട്ടിയിലെ ഇക്രു ഒക്കെയായി മിനിസ്‌ക്രീന്‍ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് സച്ചിന്‍ ജോസഫ്. പൊക്ക ക്കുറവാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതു പോലെ ആ വാക്കുകള്‍ അന്വര്‍ത്ഥമാക്കി ജീവിക്കുന്ന താരമാണ് സച്ചിന്‍. കാരണം, സച്ചിന്‍ ഒരു മാത്രമല്ല, ഒരു മികച്ച സ്‌കേറ്റിംഗ് താരവും നര്‍ത്തകനും ഡ്രൈവിംഗ് ഒരു പാഷനായി കൊണ്ടു നടക്കുന്ന താരം കൂടിയാണ്. ചിലപ്പോള്‍ പ്രേക്ഷകര്‍ ചിന്തിച്ചേക്കാം ഇത്രയും മാത്രം പൊക്കമുള്ള ഒരാള്‍ക്ക് എങ്ങനെ സ്‌കേറ്റിംഗും ഡ്രൈവിംഗുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന്. എന്നാല്‍ സച്ചിന്‍ അതെല്ലാം നേടിയെടുത്തു. സ്വന്തം ആത്മവിശ്വാസത്തിന്റെ പുറത്തും അമ്മ നല്‍കിയ കരുത്തും ആണ് സച്ചിനെ ഇപ്പോഴൊരു സൂപ്പര്‍ താരമാക്കി വളര്‍ത്തിയത്.
28 വയസുകാരനായ തിരുവനന്തപുരം സ്വദേശിയാണ് സച്ചിന്‍. നാലടി അഞ്ചിഞ്ച് ഉയരമാണ് സച്ചിന്. സ്‌കൂളില്‍ പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ക്കെ പൊക്കക്കുറവിന്റെ പേരില്‍ നിരവധി മാറ്റിനിര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടു. അമ്മയുടെ കൂടെ കോണ്‍വെന്റ് സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയപ്പോള്‍ പൊക്കക്കുറവ് ആയതിനാല്‍ പ്രവേശനം ലഭിക്കാതെ തിരിച്ചു പോരേണ്ടി വന്നിട്ടുണ്ട്. അതൊക്കെ അന്നത്തെ കാലഘട്ടത്തിന്റെതായ പ്രശ്നം മാത്രമായി കണക്കിലെടുത്ത് മുന്നോട്ടു പോയ സച്ചിനെ കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കാത്തിരിപ്പുണ്ടായിരുന്നു. തുടര്‍ന്ന് ഔര്‍ ലേഡി മേഴ്സി ഹൈസ്‌കൂള്‍ എന്ന കന്യാസ്ത്രീമാര്‍ നടത്തുന്ന സ്‌കൂളിലാണ് സച്ചിന് പ്രവേശനം കിട്ടിയത്.
അവിടെയുള്ളവരാണ് സച്ചിനെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും എല്ലാം ചെയ്തത്. ഡാന്‍സ് ചെയ്യാനുള്ള സച്ചിന്റെ കഴിവ് തിരിച്ചറിയുകയും പരിപാടികളില്‍ അവസരം നല്‍കുകയും എല്ലാം ചെയ്തത് അവരാണ്. അവിടെ നിന്നുമാണ് ഇന്‍ലൈറ്റ് സ്‌കേറ്റിംഗിലേക്ക് സച്ചിന്‍ എത്തിയത്. നല്ല സ്‌കൂളും നല്ല അധ്യാപകരും നല്ല കൂട്ടുകാരെയും മാതാപിതാക്കളേയും കിട്ടിയതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് സച്ചിന്‍ പറഞ്ഞിട്ടുണ്ട്. ഒരു തവണ സ്‌കൂളിലെ കുട്ടികള്‍ ഇന്‍ലൈന്‍ സ്‌കേറ്റിംഗ് പ്രാക്ടീസ് ചെയ്യുന്നത് കണ്ട സച്ചിന് അതൊന്നു ചെയ്യണമെന്ന് മോഹം തോന്നി. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അവര്‍ ഇട്ടിട്ടുപോയ സ്‌കേറ്റിംഗ് ബോര്‍ഡിനു മുകളില്‍ നില്‍ക്കാന്‍ തന്നെ മറ്റു കുട്ടികള്‍ പാടു പെട്ടപ്പോള്‍ സച്ചിന് അതില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ സാധിച്ചു. അതോടൊപ്പം പിടി അധ്യാപകരുടെ പ്രോത്സാഹനവും ലഭിച്ചു. അങ്ങനെയാണ് സ്‌കേറ്റിംഗിലേക്ക് എത്തിയത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വീട്ടുകാര്‍ സൈക്കിള്‍ വാങ്ങി നല്‍കിയത്. പ്ലസ് ടു ഒക്കെ ആയപ്പോഴേക്കും കൂട്ടുകാരെ പിന്നിലിരുത്തി ആക്ടീവ ഓടിച്ച് ബാലന്‍സും നേടി. ഫോര്‍ വീലര്‍ ഓടിക്കാന്‍ അറിയാമെങ്കിലും ലൈസന്‍സ് നേടിയിട്ടില്ല. അതിന്റെ മുകളിലും അഭ്യാസ പ്രകടനങ്ങള്‍ നടത്തിയ സച്ചിനെ പൊക്കക്കുറവിന്റെ പേരില്‍ മാറ്റിനിര്‍ത്തിയവരെല്ലാം പതുക്കെ അംഗീകരിക്കുവാന്‍ തുടങ്ങി. അവനില്‍ എന്തോ ഒരു കഴിവ് ഉണ്ടെന്ന തിരിച്ചറിയലായിരുന്നു ചുറ്റുമുള്ളവര്‍ക്കെല്ലാം ഉണ്ടായത്. അങ്ങനെയിരിക്കെയാണ് സത്യ എന്ന പെണ്‍കുട്ടിയുടെ ഡയറക്ടര്‍ ഫൈസല്‍ അടിമാലി വഴി സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷമാണ് സുന്ദരിയിലെ ചോട്ടുവിലേക്കും എത്തിയത്. കട്ട വിജയ് ഫാന്‍ കൂടിയാണ് സച്ചിന്‍. അതുകൊണ്ടു തന്നെ വിജയ് ടെ കൂടെ അഭിനയിക്കണമെന്നതാണ് സച്ചിന്റെ ഏറ്റവും വലിയ ആഗ്രഹം. ഒരിക്കല്‍ പോലും ഡാന്‍സ് പഠിക്കാഞ്ഞിട്ടും സൂപ്പര്‍ ഡാന്‍സര്‍ എന്നു പ്രേക്ഷകര്‍ കയ്യടിക്കത്തക്ക രീതിയിലാണ് സച്ചിന്റെ പ്രകടനം.
മാത്രമല്ല, ഒരു മിമിക്രി താരം കൂടിയാണ്. പൊക്കക്കുറവിന്റെ പേരില്‍ സങ്കടപ്പെട്ടും നിരാശപ്പെട്ടും ജീവിക്കുന്ന അനേകരാണ് നമ്മുടെ സമൂഹത്തിലുള്ളത്. അവര്‍ക്കെല്ലാം ഒരു മോട്ടിവേഷനായി ആത്മവിശ്വാസം പകരുവാന്‍ താന്‍ വഴി സാധിച്ചാല്‍ അതാണ് ഏറ്റവും വലിയ കാര്യമെന്നാണ് സച്ചിന്‍ വിശ്വസിക്കുന്നത്.