നടി മീന എന്നു പറഞ്ഞാല്‍ അല്ല സ്ത്രീധനത്തിലെ അമ്മായിയമ്മ.. മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ഭാനുമതിയമ്മ.. യോദ്ധയിലെ അശോകന്റെ അമ്മ തുടങ്ങിയ ഒട്ടനേകം വേഷങ്ങളിലൂടെയാണ് ഈ നടി മലയാളികള്‍ക്ക് സുപരിചിതയായത്. ദുഷ്ടയായ അമ്മയായും അമ്മായിയമ്മയായും എല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മീന കയ്യെത്തിപ്പിടിക്കാന്‍ ആഗ്രഹിച്ച മോഹങ്ങളെല്ലാം ബലി നല്‍കിയാണ് ജീവിതമെന്ന ഒഴുക്കിന് അനുസരിച്ച് നീങ്ങിയത്. വര്‍ഷങ്ങളോളം ഭര്‍ത്താവിനും കുടുംബത്തിനും ഏക മകള്‍ക്കും വേണ്ടിയാണ് നടി ജീവിച്ചു തീര്‍ത്തത്. ഒടുക്കം ഇനിയും ചെയ്യാന്‍ നല്ലയേറെ കഥാപാത്രങ്ങള്‍ ബാക്കിനില്‍ക്കവേയാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങി മീനയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
1941ല്‍ ആലപ്പുഴ ഹരിപ്പാടുകാരിയായാണ് മീന ജനിച്ചത്. കുമാരപുരത്തെ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ കോയിക്കലേത്ത് ഇട്ടി ചെറിയ ഈപ്പന്റെയും ഏലിയാമ്മ ഈപ്പന്റേയും എട്ടാമത്തെ കുട്ടി. അതായിരുന്നു മീന. മേരി ജോസഫ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. എന്നാല്‍ മരണം വരെ അക്കാര്യം ആരുമറിഞ്ഞില്ലായെന്നതാണ് സത്യം. നാടകങ്ങളിലൂടെയാണ് മീന സിനിമയിലേക്ക് എത്തിയത്. കലാനിലയം, ഗീതാ ആര്‍ട്‌സ് ക്ലബ്ബ് തുടങ്ങിയവയുടെ നാടകങ്ങളിലൂടെ പ്രശസ്തയായ മീന തന്റെ 23-ാം വയസിലാണ് കുടുംബിനി എന്ന ചിത്രത്തിലൂടെ സിനിമാപ്രവേശനം നടത്തുന്നത്. അതിലെ സുന്ദരി കണിയാത്തി എന്ന വേഷത്തിലൂടെ ശ്രദ്ധേയയായ മീനയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരോ വര്‍ഷങ്ങളില്‍ 10 മുതല്‍ 25 സിനിമകളില്‍ വരെയാണ് മീന അഭിനയിച്ചത്.
അതില്‍ അന്നത്തെ കാലത്ത് ചെറുതും വലുതും സൂപ്പര്‍ ഹിറ്റും ബംബര്‍ ഹിറ്റുകളുമായ ചിത്രങ്ങളെല്ലാം ഉള്‍പ്പെടും. പ്രേം നസീറിനും തിക്കുറിശ്ശിക്കും ഷീലയ്ക്കും ഒപ്പം തുടങ്ങി കമല്‍ ഹാസനും രജനീകാന്തിനും ജയനും അടക്കമുള്ള നടന്‍മാര്‍ക്കൊപ്പം നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച മീന അടുത്ത കാലഘട്ടമായ മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും മമ്മൂട്ടിയ്ക്കും ശങ്കറിനും റഹ്മാനും ജയറാമിനും ഒപ്പമെല്ലാം തിളങ്ങിനിന്നു. നടന്‍ ജയന്റെ മരണകാരണമായ കോളിളക്കം എന്ന ചിത്രത്തിലും മീന അഭിനയിച്ചിരുന്നു. സിനിമകളില്‍ തിളങ്ങി നില്‍ക്കവേയാണ് കെ കെ ജോസഫ് എന്ന വ്യക്തിയെ വിവാഹം കഴിച്ചത്. വിക്കി പീഡിയില്‍ കെ കെ ഭാഗവതരെയാണ് വിവാഹം കഴിച്ചതെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ അതു തെറ്റാണ്.
ജോസഫുമായുള്ള ദാമ്പത്യത്തില്‍ ഒരു മകളും ജനിച്ചു. മകളെ നന്നായി പഠിപ്പിക്കണം എന്നതു മാത്രമായിരുന്നു മീനയുടെ ചിന്ത. അതിനായി രാപ്പകലില്ലാതെ സിനിമകളിലും നാടകങ്ങളിലുമെല്ലാം അഭിനയിച്ചിരുന്നു. അങ്ങനെ നന്നായി പഠിച്ച എലിസബത്ത് എന്ന മകള്‍ ഡോക്ടറാവുകയും ചെയ്തു. എന്നാല്‍ കുടുംബത്തിനു വേണ്ടി തന്റെ സ്വപ്നങ്ങളെല്ലാം ബലി കഴിച്ചുള്ള ജീവിതമായിരുന്നു മീനയുടേത്. അമ്മ വേഷങ്ങളും അമ്മായിയമ്മ വേഷങ്ങളും പെങ്ങള്‍ - നാത്തൂന്‍ വേഷങ്ങളുമെല്ലാം അഭിനയിച്ചു തകര്‍ക്കുമ്പോഴും തന്നെ തേടി നല്ല വേഷങ്ങളൊന്നും എത്താതിരുന്നതിന്റെ സങ്കടം മനസില്‍ മീനയ്ക്ക് എന്നുമുണ്ടായിരുന്നു. കാരണം, നടിയെ തേടിയെത്തിയ കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു നെഗറ്റീവ് ടച്ച് എന്നുമുണ്ടായിരുന്നു. തന്റെ തലവിധി ഇങ്ങനെയായിപ്പോയല്ലോ എന്ന സങ്കടം മനസില്‍ സൂക്ഷിച്ചായിരുന്നു മീന ഓരോ സിനിമയിലും അഭിനയിച്ചിരുന്നത്.
മകള്‍ എലിസബത്ത് ചെന്നൈയിലെ പ്രശസ്തമായ വിജയ ഹോസ്പിറ്റലിലെ തിരക്കേറിയ ഡോക്ടറാണ്. സണ്ണി ജോര്‍ജ്ജ് എന്ന വ്യക്തിയെയാണ് എലിസബത്ത് വിവാഹം കഴിച്ചത്. അവര്‍ക്കും ഒരു മകള്‍ ജനിച്ചു. സാറാ ലിസാ സണ്ണി. പേരക്കുട്ടിയ്ക്കും കുടുംബത്തിനും ഒപ്പം സിനിമയിലും സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി മീനയെ തേടി മരണമെത്തിയത്. ഒരു സിനിമയുടെ ഷൂട്ടിനിടെയാണ് മീനയ്ക്ക് മരണം സംഭവിച്ചത്. പെട്ടെന്നായിരുന്നു ആ മരണം. ദ കിങ് എന്ന സൂപ്പര്‍ ഹിറ്റ് മലയാള സിനിമയ്ക്ക് പിന്നാലെ മദ്രാസിലെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കവേ അതിന്റെ ഷൂട്ടിംഗിനിടെയാണ് മീനയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. എല്ലാം വളരെ പെട്ടെന്നായിരുന്നു. ആ മരണം എല്ലാവരെയും ഞെട്ടിപ്പിക്കുന്നും മീനയുടെ മൃതശരീരം നാട്ടിലേക്ക് എത്തിച്ചിരുന്നു. ഫ്‌ളൈറ്റില്‍ മൃതദേഹം എത്തിയപ്പോള്‍ ഷീലയും ശാരദയും ജയഭാരതിയും അടക്കം അക്കാലത്തെ മുതിര്‍ന്ന ഒരു വിധം നടിമാരെല്ലാം കണ്ണീരോടെയാണ് അവസാന നോക്കുകാണാന്‍ എത്തിയത്.
മീനയുടെ മൃതശരീരം കണ്ടപാടെ അവരെല്ലാം വിതുമ്പിക്കരയുകയായിരുന്നു. മരണം വരെ മലയാളികളടക്കമുള്ള നടിയുടെ ഭൂരിഭാഗം ആരാധകരും മനസിലാക്കിയിരുന്നത് മീന ഒരു ഹിന്ദുവാണെന്നാണ്. എന്നാല്‍ മൃതശരീരത്തില്‍ പള്ളിയില്‍ നിന്നും കുരിശും മറ്റും കണ്ടപ്പോഴാണ് മീന ക്രിസ്ത്യാനിയാണെന്നും അവരുടെ യഥാര്‍ത്ഥ പേര് മേരി ജോസഫ് എന്നാണെന്നും പലര്‍ക്കും മനസിലായത്. സിനിമയില്‍ വില്ലത്തി വേഷമായിരുന്നു മീനയ്ക്കെങ്കിലും വളരെ സൗമത്യയോടെ എല്ലാവരോടും സംസാരിക്കുന്ന സ്നേഹത്തോടെ പെരുമാറിയുന്ന നടിയായിരുന്നു മീന. വില്ലത്തി വേഷങ്ങള്‍ മാത്രം ലഭിക്കുന്നതിനാല്‍ മീനയ്ക്ക് അതില്‍ വളരെയേറെ ദുഃഖമുണ്ടായിരുന്നു. എന്നാല്‍ ആരോടും പരാതിപ്പെടാതെ തന്റെ തലവര എന്തേ ഇങ്ങനെ ആയിപ്പോയതെന്നാണ് മീന സ്വയം പഴിച്ചിരുന്നത്.