വന്‍ജനാവലിയെ സാക്ഷി നിര്‍ത്തി അന്തരിച്ച പിടി തോമസിന് വിട. പിടിയുടെ ആഗ്രഹ പ്രകാരം രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ഒടുവില്‍ പൊതുദര്‍ശനത്തിന് വച്ച തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നിന്ന് രവിപുരത്തേക്ക് വിലാപയാത്രയായാണ് തിരിച്ചത്. മരണാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ മാസങ്ങള്‍ക്ക് മുമ്ബുതന്നെ പി.ടി തോമസ് അറിയിച്ചിരുന്നു. റീത്തുകള്‍ വെക്കരുത്, പൊതുദര്‍ശനത്തിനു വെക്കുമ്ബോള്‍ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...' എന്ന ഗാനം പശ്ചാത്തലത്തില്‍ വേണം, രവിപുരം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണം, ചിതാഭസ്മത്തില്‍ ഒരുഭാഗം അമ്മയുടെ കല്ലറയില്‍ സമര്‍പ്പിക്കണം, കണ്ണുകള്‍ ദാനം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം നേരത്തെ തന്നെ തന്റെ അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു. ചന്ദ്രകളഭം പാട്ടിന്റെ അകമ്ബടിയോടെയായിരുന്നു മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.
സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നായിരുന്നു നേതാക്കള്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാന്‍ ആളുകള്‍ കൂടിയതോടെ സംസ്‌കാര ചടങ്ങുകള്‍ അല്‍പ്പം വൈകുകയായിരുന്നു. പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍.
ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി അടക്കം പ്രമുഖര്‍
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പി.ടി തോമസിന് ആദരാഞ്ജലി അര്‍പ്പിച്ചത്.ശ്രദ്ധേയനായ പര്‍ലമെന്റേറിയനെയാണ് പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പാലാരിവട്ടത്തെ വീട്ടില്‍ അരമണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. പിന്നീട് എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവച്ചു. രാഹുല്‍ഗാന്ധി ടൗണ്‍ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, കെ.സി.ജോസഫ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലാപയാത്രയിലുണ്ടായിരുന്നു.
പിടിയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമെന്ന് രാഹുല്‍
പി.ടി തോമസ് എംഎല്‍എയ്ക്ക് രാഹുല്‍ ഗാന്ധി അന്ത്യാഞ്ജലി അര്‍പ്പിച്ചു. എറണാകുളം ടൗണ്‍ഹാളിലെത്തിയാണ് രാഹുല്‍ ഗാന്ധി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പി.ടിയുടെ മക്കളോടും ഭാര്യ ഉഷയോടും ഏറെനേരം സംസാരിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
പി ടിയുടെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേര്‍ത്തുപിടിച്ചു. ഡിസിസി ഓഫീസിലെ .
സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ബുധനാഴ്ചയായിരുന്നു രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. എന്നാല്‍ പി.ടി തോമസിന്റെ വിയോഗം അറിഞ്ഞതോടെ പരിപാടികള്‍ മാറ്റിവെച്ച് രാഹുല്‍ ഗാന്ധി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു.
സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് പി.ടിയുടെ അന്ത്യമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് വിവിധ സമുദായങ്ങളിലുള്ള ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പി.ടി നല്‍കിയ ഊര്‍ജ്ജം ചെറുതല്ലെന്നും തനിക്കും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അത് മഹത്തായ നേട്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍
പൊതുദര്‍ശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടൗണ്‍ ഹാളിലെത്തിയത്.ആയിരങ്ങളാണ് പി.ടിയെ അവസാനമായൊന്ന് കാണാന്‍ ടൗണ്‍ഹാളിലും പരിസരത്തും തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇന്നലെ മുതല്‍ തന്നെ കൊച്ചിയില്‍ ക്യാമ്ബ് ചെയ്യുന്നുണ്ടായിരുന്നു.
മൃതദേഹം ഇന്നു പുലര്‍ച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. അര്‍ബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. രണ്ടു മാസം മുന്‍പാണ് രോഗം കണ്ടെത്തിയത്.
പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് നിലവില്‍ പിടി തോമസ്. 20092014 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്.കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കെപിസിസി. നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ് യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നു ജയിച്ചു.
തൊടുപുഴയില്‍ 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിജെ ജോസഫിനോട് പരാജയപ്പെട്ടു.ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്ബില്‍ തോമസിന്റെയും അന്നമ്മയുടേയും മകനാണ് പിടി തോമസ്. ഭാര്യ ഉമ തോമസ്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2007ല്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം.