മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് പേളി മാണി. വ്യത്യസ്തമായ അവതരണ ശൈലിയാണ് പേളിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ കാരണം. അവതരണം മാത്രമല്ല അഭിനേത്രിയായും ഗായികയായുമൊക്കെ താരം തിളങ്ങിയിരുന്നു. മോഹന്‍ലാല്‍ അവതരകനായ ബിഗ്‌ബോസില്‍ എത്തിയതോടെയാണ് പേളിക്ക് ആരാധകരേറിയത്. ബിഗ്‌ബോസില്‍ പേളി വിജയി ആകുമെന്നു തന്നെയായിരുന്നു ആരാധകരുടെ വിശ്വാസം. അത്രയ്ക്കായിരുന്നു പ്രേക്ഷക പിന്തുണ. പേളിയെ പിന്തുണച്ച് നിരവധി ഫാന്‍സ് ഗ്രൂപ്പുകളും ഉണ്ടായി. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമായി താരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവന്നത് ഈ പരിപാടിയിലൂടെയായിരുന്നു.പുറമേ കാണുന്നത് പോലെയല്ല താനെന്ന് പേളി തെളിയിക്കുകയായിരുന്നു ബിഗ് ബോസിലൂടെ. സ്‌ക്രീനിലെ നിലനില്‍പ്പിനായാണ് ബോള്‍ഡെന്ന് ഭാവിക്കുന്നതെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ പാവമാണെന്നും താരം തെളിയിച്ചിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രണയനായകനായ ശ്രിനിഷ് അരവിന്ദുമായി പേളി പ്രണയത്തിലായതും ബിഗ് ബോസില്‍ നിന്നാണ്. ഇവരുടെ പ്രണയം ആരാധകര്‍ ഏറ്റെടുക്കുന്നതിനിടയിലാണ് ഡി ഫോര്‍ ഡാന്‍സില്‍ പേളി എത്തുന്നുവെന്ന് അഭ്യുഹങ്ങള്‍ വന്നത്.
നായിക നായകന്‍ അവസാനിച്ചതോടെയാണ് ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ മഴവില്ലില്‍ വീണ്ടുമെത്തുന്നത്. ഇതേതുടര്‍ന്ന് പേളി ഷോയില്‍ ഇത്തവണയും അവതാരകയായി എത്തുമോ എന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയിയല്‍ സജീവമായത്. . ഡി 4 ഡാന്‍സിന്റെ അവതാരകയായി പേളി മാണി മികച്ച പ്രകടനമായിരുന്നു നടത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു പരിപാടിക്ക് ലഭിച്ചത്. പ്രസന്ന മാസ്റ്റര്‍, നീരവ് ബവ്‌ലേച, പ്രിയാമണി എന്നിവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്. ഇവര്‍ക്കൊപ്പം അതിഥികളായി താരങ്ങളും എത്തിയിരുന്നു. പേളിക്കൊപ്പം ആദില്‍ ഇബ്രാഹിം, ഗോവിന്ദ് പത്മസൂര്യ എന്നിവരും അവതാരകരായി എത്തിയിരുന്നു. വിധികര്‍ത്താക്കളുമായുള്ള ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.
നായകനായകന്‍ എന്ന പരിപാടിയില്‍ അവതാരകയായിരിക്കുമ്പോഴാണ് പേളി ബിഗ്‌ബോസിലേക്ക് മത്സരാര്‍ത്ഥിയായി പോകുന്നത്. ബിഗ്‌ബോസിനു ശേഷം ഡി ഫോര്‍ ഡാന്‍സിലൂടെ പേളി വീണ്ടും മിനിസ്‌ക്രീനിലേക്ക് തിരികെ എത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് അവതാരകയായി താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. സമൂഹ മാധ്യമത്തിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ആരാധകരിലൊരാളാണ് അവതാരകയായി എത്തുന്നതിനെക്കുറിച്ച് ചോദിച്ചത്. താനില്ലെന്നും പരിപാടിക്കും ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നുമായിരുന്നു താരത്തിന്റെ മറുപടി. അതേസമയം താരത്തിന്റെ മറുപടിയില്‍ ആരാധകര്‍ നിരാശരാണ്.