മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. ഇന്ന് താരത്തിന് തന്റെ അറുപത്തിയൊന്നാം പിറന്നാൾ ദിനമാണ്.
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്. കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ 2000 ൽ മരണമടഞ്ഞിരുന്നു.
മോഹൻലാൽ എന്ന മലയാളികളുടെ സ്വന്തം താരത്തിന്‍റെ വെള്ളിത്തിരയിലേക്കുള്ള ആദ്യ സിനിമയായി 1978ൽ 'തിരനോട്ടം' എന്ന സിനിമയാണ് പറയുന്നത്. ‘തിരനോട്ടം’ എന്ന് പറയുന്നത് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ചിത്രമായിരുന്നു, പക്ഷേ ചിത്രം ചില സാങ്കേതിക പ്രശ്നങ്ങളാൽ റിലീസ് ചെയ്തില്ല. ഇതിന് പിന്നാലെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ വില്ലനായെത്തി. അതോടെ മലയാളസിനിമക്ക് കിട്ടിയത് ഒരു നായക നടനെയായിരുന്നു ലഭിച്ചത്. വിവിധ വേഷങ്ങളിലൂടെ പിന്നീട് 1980-'90 ദശകങ്ങളിലെ ചലച്ചിത്രങ്ങളിൽ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. മോഹൻലാലിന്‍റെ എന്നത്തേയും സ്ഥാനം എന്ന് പറയുന്നത് വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരുടെ ഗണത്തിലാണ്. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി ആയും, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനായും , സ്പടികത്തിലെ ആട് തോമയായും, ആറാംതമ്പുരാനിലെ ജഗനായും , വെള്ളാനകളുടെ നാട്ടിലെ പവിത്രനായും ദൃശ്യത്തിലെ ജോർജ് കുട്ടിയേയും എല്ലാം തന്നെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുന്ന ഒരു നടൻ നടൻ ആണ് മോഹൻലാൽ. ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി. മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്.
മറ്റ് മലയാള നടീ നടന്മാരെപ്പോലെ ലാലിന് ഒരു നാടക അഭിനയ ചരിത്രമില്ല. പക്ഷേ, അദ്ദേഹം ചില സുപ്രധാന നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ത് കർണ്ണഭാരം എന്ന നാടകത്തിൽ മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ വേഷത്തിൽ എത്തിയ ലാലിനെ ആരാധകർ നെഞ്ചിലേറ്റുകയും ചെയ്തു.അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ് മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഒരു പ്രണയ വിവാഹം കൂടിയാണ്. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്. പ്രണവ്, വിസ്മയ. അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് തന്നെ മകനും സിനിമയിലേക്ക് ചേക്കേറി കഴിഞ്ഞു. മകൾ വിസ്മയയാകട്ടെ എഴുത്തുകളുടെയും ആയോധന കല അഭ്യസിക്കുന്നതിന്റെ ലോകത്താണ് ഉള്ളത്. മക്കളെ കൊണ്ട് ഈ പിതാവിന് എന്നും അഭിമാനമാണ് ഉള്ളതും. എന്നും മോഹൻലാലിന് തന്റെ അമ്മയോട് ഉള്ള അറ്റാച്ച്മെന്റ് ഏറെയാണ്. മകനെപറ്റിയും മകന്റെ ചിത്രങ്ങളെപറ്റിയുമാണ് താരത്തിന്റെ അമ്മ വാചാലയാകുന്നത്. മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്ടം. കിരീടം, അതിന്റെ രണ്ടം ഭാഗമായ ചെങ്കോല്‍, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ കാണാന്‍ താല്‍ പര്യമില്ലെന്ന് അമ്മ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുന്നവയായിരുന്നു. ഒരു അഭിനേതാവ് എന്നതിലുപരി ഗായകൻ എന്ന നിലയിലും മോഹൻ ലാൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു മാതൃകാൻ എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്.
പ്രശസ്ത മാന്ത്രികനായ ഗോപിനാഥ് മുതുകാട് എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടുള്ള മാജിക് അക്കാദമിയിൽ ഏകദേശം ഒരു വർഷം മാജിക് മോഹൻലാൽ അഭ്യസിച്ചിട്ടുണ്ട്. 2008, ഏപ്രിൽ 27-ന് തിരുവനന്തപുരത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ചുണ്ടായ ഇന്റർനാഷ്ണൽ മാജിക് ഫെസ്റ്റിവലിൽ മോഹൻലാലിന്റെ ബേണിംഗ് ഇല്ല്യൂഷൻ എന്ന മാന്ത്രിക പ്രകടനം നടത്താനിരുന്നതാണ്. പക്ഷെ ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളും മറ്റും ലാലിനെ ഇതിൽ നിന്ന് പിൻതിരിപ്പിച്ചു. ഈ പ്രകടനത്തിനു വേണ്ടി ലാൽ മുതുകാടിന്റെ കീഴിൽ 18 മാസത്തോളം അഭ്യസിക്കുകയുണ്ടായി. മോഹൻലാൽ, ഒരു മദ്യ ബ്രാൻഡിന്റെ പരോക്ഷ പ്രചരണത്തിനായി ഒരു ടെലിവിഷൻ പരസ്യത്തിൽ അഭിനയിക്കുകയുണ്ടായി. ഈ പരസ്യവും, പരസ്യത്തിൽ ഉപയോഗിച്ച 'വൈകീട്ടെന്താ പരിപാടി' എന്ന വാചകവുമാണ് പിന്നീട് വിവാദത്തിൽ മുങ്ങിയത്. ആനക്കൊമ്പ് കേസ് ഉൾപ്പെടെ ഉള്ളവയിൽ താരം പെട്ടിട്ടുമുണ്ട്.
നിരവധി ബാധുമധികൾക്ക് താരം അർഹനായിട്ടുമുണ്ട്. സിനിമാലോകത്തിനു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ 2001ൽ മോഹൻലാലിനു പത്മശ്രീ ബഹുമതി നൽകി താരത്തെ ആദരിച്ചു. കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന് വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ മോഹൻ ലാൽ നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) നൽകി രാജ്യം താരത്തെ ആദരിക്കുകയും ഉണ്ടായി. നിരവധി പുരസ്‌കാരങ്ങളാണ് താരത്തെ തേടി എത്തിയിട്ടുള്ളതും. മോഹൻലാലിനെ നായകനാക്കി അണിയറയിൽ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, എമ്പുരാൻ, റാം എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം. മാത്രമല്ല അദ്ദേഹം ആദ്യമായി സംവിധായക കുപ്പായമണിയുന്ന ബാരോസ് എന്ന ചിത്രവും വരും വര്‍ഷങ്ങളിൽ ഒരുങ്ങുന്നുണ്ട്.