28-ാം വയസില്‍ പെണ്ണുകണ്ട പ്രീഡിഗ്രിക്കാരി.; ഒറ്റനോട്ടത്തില്‍ ആ 17കാരി മമ്മൂക്കയുടെ മനസിളക്കി; വിവാഹം കഴിഞ്ഞ് ഏഴാം ദിവസം സൂപ്പര്‍സ്റ്റാറും.. സുല്‍ഫത്ത് മമ്മൂക്കയുടെ ഭാഗ്യനക്ഷത്രമായ കഥ

Malayalilife
topbanner
 28-ാം വയസില്‍ പെണ്ണുകണ്ട പ്രീഡിഗ്രിക്കാരി.; ഒറ്റനോട്ടത്തില്‍ ആ 17കാരി മമ്മൂക്കയുടെ മനസിളക്കി; വിവാഹം കഴിഞ്ഞ് ഏഴാം ദിവസം സൂപ്പര്‍സ്റ്റാറും.. സുല്‍ഫത്ത് മമ്മൂക്കയുടെ ഭാഗ്യനക്ഷത്രമായ കഥ

രു പുരുഷന്റെ വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുടെയും സ്ത്രീയുടെ വിജയത്തിനു പിന്നില്‍ ഒരു പുരുഷനും ഉണ്ടായിരിക്കുമെന്ന് പറയുന്നത് വെറുതെയല്ല. അതിന്റെ നേര്‍ ഉദാഹരണം നമുക്ക് ചുറ്റുമുള്ള ചിലപ്പോള്‍ സ്വന്തം മാതാപിതാക്കളില്‍ തന്നെ കാണാന്‍ കഴിഞ്ഞേക്കും. എങ്കിലും സിനിമാ മേഖലയിലുമുണ്ട് അത്തരം താരദാമ്പത്യങ്ങള്‍. പരസ്പര സ്നേഹത്തിന്റെയും തിരിച്ചറിവുകളുടെയും പിന്തുണയില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് കരുത്തും പ്രാണശ്വാസവുമായി മാറിയ ദാമ്പത്യങ്ങള്‍. അതിലൊന്നാണ് നടന്‍ മമ്മൂട്ടിയുടേയും ഭാര്യ സുല്‍ഫത്തിന്റേയും. എല്‍എല്‍ബി പഠനം കഴിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യുകയും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു വരവേയാണ് 28-ാം വയസില്‍ മമ്മൂട്ടി വിവാഹിതനാകുന്നത്. സുല്‍ഫത്തിന്റെ വരവ് ഒരു ഭാഗ്യ നക്ഷത്രമായിട്ടാണെന്ന് തിരിച്ചറിയാന്‍ മമ്മൂട്ടിയ്ക്ക് പിന്നെ അധികകാലം വേണ്ടിവന്നില്ല.

നാട്ടുനടപ്പ് അനുസരിച്ചായിരുന്നു 1979 മെയ് ആറിന് മമ്മൂക്കയുടേയും സുല്‍ഫത്തിന്റേയും വിവാഹം. ആദ്യ ഒന്ന് രണ്ട് പെണ്ണുകാണലുകള്‍ കഴിഞ്ഞപ്പോഴാണ് 17കാരിയും അന്ന് പ്രീഡിഗ്രിയ്ക്ക്് പഠിക്കുകയുമായിരുന്ന സുല്‍ഫത്തിനെ കാണാന്‍ മമ്മൂക്ക കുടുംബസമേതം പെണ്ണു വീട്ടിലെത്തിയത്. ഉപ്പയും ഉമ്മയും എല്ലാം ഉണ്ടായിരുന്നു ഒപ്പം. ആദ്യ ഒന്ന, രണ്ട് പെണ്ണുകാണലുകള്‍ കഴിഞ്ഞതിനു ശേഷം മൂന്നാമതായാണ് സുലുവിനെ മമ്മൂട്ടി കാണുന്നത്. മമ്മൂട്ടിക്ക് ഒറ്റനോട്ടത്തില്‍ തന്നെ സുല്‍ഫത്തിനെ ഇഷ്ടമായി. മമ്മൂട്ടിയുടെ മനസറിഞ്ഞതോടെ ബാപ്പയും ഉമ്മയും നിക്കാഹിന് സമ്മതം മൂളി. അങ്ങനെയാണ് അധികം വൈകാതെ തന്നെ പരമ്പരാഗത മുസ്ലിം വിവാഹ ചടങ്ങുകള്‍ അനുസരിച്ച് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതസഖിയായത്. അന്ന് സുല്‍ഫത്ത് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന സുല്‍ഫത്ത് പിന്നീട് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഡിഗ്രി പ്രവേശനം നേടിയില്ല.

വിവാഹത്തിന് മുന്‍പ് മമ്മൂട്ടി ചെയ്തതെല്ലാം ചെറിയ വേഷങ്ങളായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ മേള എന്ന കെ ജി ജോര്‍ജ്ജ് ചിത്രത്തില്‍ വിജയനെന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയത് കരിയറിലെ ഒരു വലിയ വഴിത്തിരിവിലേക്ക് ആയിരുന്നു. തൊട്ടടുത്ത വര്‍ഷം തൊട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു മമ്മൂട്ടിയെ തേടിയെത്തിയത്. ശരിക്കും ഭാഗ്യ നക്ഷത്രം ഉദിച്ചതു പോലെ തന്നെ. മുപ്പതാം വയസില്‍ സുല്‍ഫത്തിലൂടെ മമ്മൂട്ടി തന്റെ ഭാഗ്യം തിരിച്ചറിയുകയായിരുന്നു. വിജയത്തിന്റെ പാരമ്യതയില്‍ നില്‍ക്കവേയാണ് വിവാഹത്തിന്റെ മൂന്നാം വര്‍ഷം മകള്‍ സുറുമിയും നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ മകന്‍ ദുല്‍ഖറും ജനിച്ചത്. മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. സുറുമിയുടെയും ദുല്‍ഖറിന്റെയും പ്രഥമ വിദ്യാഭ്യാസം അവിടെയായിരുന്നു. പിന്നീടാണ് കൊച്ചി പനമ്പള്ളി നഗറിലേക്ക് മാറിയത്.

കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രത്യേകം ശ്രദ്ധിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവ് എന്ന് പലപ്പോഴും സുല്‍ഫത്ത് പറഞ്ഞിട്ടുണ്ട്. ഉത്തരവാതിത്വങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ആള്‍ കൂടിയാണ് മമ്മൂട്ടിയെന്നും സുല്‍ഫത്ത് പലകുറി പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമ കരിയറിലും വ്യക്തിജീവിതത്തിലും അന്നും ഇന്നും താങ്ങും തണലുമായി സുല്‍ഫത്ത് നില്‍ക്കുന്നുണ്ട്. സുലു എന്നാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിളിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ് എന്നതാണ് ഇവരുടെ ദാമ്പത്യ വിജയത്തിന്റെ രഹസ്യം. ഇരുവരുടേയും 45-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മലയാള സിനിമയ്ക്കകത്തെ മാതൃകാ ദമ്പതികളായി മാറിയ മമ്മൂട്ടിയും സുല്‍ഫത്തും മകന്‍ ദുല്‍ഖര്‍ സല്‍മാന് ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്ക് മാതൃകയാണ്. കുടുംബത്തിലേക്ക് കടക്കുമ്പോള്‍ ഒരു 'പെര്‍ഫക്ട് ഫാമിലി മാനാ'ണ് മമ്മൂട്ടി. കുടുംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്നാണ് സുല്‍ഫത്ത് പറയാറുള്ളത്.

കാര്‍ഡിയോ വിഭാഗം സര്‍ജന്‍ ഡോ.മുഹമ്മദ് റെഹാന്‍ സയീദിനെയാണ് മകള്‍ സുറുമി വിവാഹം കഴിച്ചത്. ചെന്നൈയില്‍ ആര്‍ട്ടിടെക്റ്റ് ആയ അമാല്‍ സൂഫിയ ആണ് ദുല്‍ഖറിന്റെ ഭാര്യ. 45ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഉപ്പയ്ക്കും ഉമ്മയ്ക്കും മകന്‍ ദുല്‍ഖര്‍ ആശംസ അറിയിച്ച് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. '45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്‌നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.' ഇതിനൊപ്പം യാത്രക്കിടെയെടുത്ത മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.

Read more topics: # മമ്മൂട്ടി
mammootty and sulfath life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES