കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ മേഖലാകേന്ദ്രങ്ങള്‍ വഴിയാണ് ഓഫ്ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. ഓരോ മേഖലാകേന്ദ്രത്തില്‍ നിന്നും 500 പാസുകള്‍ വീതമായിരിക്കും വിതരണം ചെയ്യുക. ഇതില്‍ 200 പാസുകള്‍ 50 വയസ്സിന് മുകളിലുള്ള പൗരന്‍മാര്‍ക്കായി നീക്കിവയ്ക്കും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10 മുതല്‍ ആരംഭിക്കും. ഡെലിഗേറ്റ് ഫീ 2000 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് പകുതി നിരക്കില്‍ പാസ് ലഭിക്കും.
ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ രണ്ട് ചിത്രങ്ങളും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളും തെരഞ്ഞെടുത്തു. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കീത്തു, ഫാറൂഖ് അബ്ദുള്‍ റഹിമാന്‍, ഡോ. ടി അനിത കുമാരി, ഡോ. വി.മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായി സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
മലയാള സിനിമ ഇന്ന് വിഭാഗത്തിലുള്ള ചിത്രങ്ങള്‍:
1. ഓത്ത്- പി.കെ ബിജുകുട്ടന്‍
2. പറവ- സൗബിന്‍ ഷാഹിര്‍
3. ഭയാനകം- ജയരാജ്
4. ഉടലാഴം- ഉണ്ണികൃഷ്ണന്‍ ആവള
5. മായാനദി- ആഷിക് അബു
6. ബിലാത്തിക്കുഴല്‍- വിനു എ.കെ
7. പ്രതിഭാസം- വിപിന്‍ വിജയ്
8. ഈട- ബി. അജിത്ത് കുമാര്‍
9. കോട്ടയം- ബിനു ഭാസ്‌കര്‍
10. Humans of someone- സുമേഷ് ലാല്‍
11. Sleeplessly yours - ഗൗതം സൂര്യ
12. Ave Maria- വിപിന്‍ രാധാകൃഷ്ണന്‍