റാന്നി: എരുമേലി മുക്കൂട്ടുതറയിൽനിന്നു കാണാതായ ഡിഗ്രി വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ജസ്നയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷിക തുക വർധിപ്പിക്കുകയും ചെയ്തു. പാരിതോഷികം അഞ്ചു ലക്ഷമാക്കിയാണ് ഉയർത്തിത്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജെസ്ന കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ജെസ്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു കുടുംബത്തിന്റെ ആവശ്യം. അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും പരാതിയും നൽകി. ഇതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.