Latest News

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇടംനേടി സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം; ചോല പ്രദര്‍ശനത്തിനെത്തുക ലോകസിനിമകളിലെ പുതിയ ട്രെന്റുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി വിഭാഗത്തില്‍

Malayalilife
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇടംനേടി സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം; ചോല പ്രദര്‍ശനത്തിനെത്തുക ലോകസിനിമകളിലെ പുതിയ ട്രെന്റുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി വിഭാഗത്തില്‍


നല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല' പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമാണ് ഒറിസോണ്ടി.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് ലോകത്തെ മൂന്ന് പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ചിത്രത്തിന്റെ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറിന് സനല്‍ കുമാര്‍ ശശിധരന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ പങ്കെടുക്കും.

പ്രധാന മത്സരവിഭാഗത്തിന് സമാന്തരമായുള്ള ഹൊറൈസണ്‍സ് വിഭാഗത്തില്‍ മറ്റ് 19 അന്താരാഷ്ട്ര സിനിമകള്‍ക്കൊപ്പമാണ് ചോലയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഈ വിഭാഗത്തില്‍ നല്‍കുന്നത്. ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ സിനിമയാണ് ചോല.

ലോകത്തിലെ തന്നെ ആദ്യത്തെ ചലച്ചിത്രോത്സവമായ വെനീസ് ചലച്ചിത്രമേളയില്‍ ഇതിനു മുന്‍പ് പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള സിനിമകള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍ കുത്ത് എന്നിവയാണ്.അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.

ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് ചോലയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനു മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ എന്ന ചിത്രം 2017 ല്‍ നെതര്‍ലാന്‍ഡിലെ റോട്ടര്‍ ഡാം, സ്വിറ്റ്സര്‍ലന്‍ഡിലെ ജെനീവ, അര്‍മീനിയയിലെ യെരവാന്‍, മെക്സിക്കോയിലെ ഗുവാനോജുവാട്ടോ, ഇറ്റലിയിലെ പെസാറോ, സ്പെയിനിലെ വാലന്‍സിയ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളില്‍ പുരസ്‌കാരം നേടിയിരുന്നു

ഇത് വലിയ അംഗീകാരമാണെന്നും താനുള്‍പ്പെടെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ഇത് വിനയാന്വിതരും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'കുഞ്ഞുകുഞ്ഞ് ചുവടുകള്‍ വച്ചാണ് ഇപ്പോഴും നടക്കുന്നത്. വലിയ കൊമ്പുകള്‍ കാണുമ്പോള്‍ പറന്നുചെന്നിരിക്കാന്‍ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിന്‍വലിയലാണ് ഇപ്പോഴും. കുഞ്ഞു കുഞ്ഞു ചുവടുകള്‍ കൊണ്ടാണ് ചോലയും നടന്നു തീര്‍ത്തത്. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്. വളരെ വലിയ സന്തോഷം..', സനലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Read more topics: # chola,# r venice film festival
chola selected for venice film festival

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES