ഭരത്‌ഗോപി ഓര്‍മ്മയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ അഭിനയത്തികവിനെയാണ് ഭരത്‌ഗോപിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. കയറൂരിവിട്ട കോമാളികളുടേയും കണ്ണീരിന്റേയും ലോകത്തുനിന്ന് മലയാള സിനിമയെ ശക്തമായൊരു സാംസ്‌കാരിക മാദ്ധ്യമത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിയതില്‍ അദ്ദേഹം വഹിച്ച പങ്ക് സിനിമാലോകം എന്നും ഓര്‍ക്കും.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ആല്‍ത്തറമൂട് കൊച്ചുവീട്ടില്‍ വേലായുധന്‍ പിള്ളയുടെ നാലു മക്കളില്‍ ഇളയവനായി 1936 നവംബര്‍ 8നാണ് ഭരത് ഗോപിയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു .ജയലക്ഷ്മിയാണ് ഭാര്യ മുരളീ ഗോപി മീനു ഗോപി എന്നിവര്‍ മക്കളാണ് . ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിന്‍കീഴില്‍ 'പ്രസാധന ലിറ്റില്‍ തിയേറ്റര്‍' പിറവിയെടുത്തത്. ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരന്‍.ശ്രീരംഗം വിക്രമന്‍നായരുടെ ശൂന്യം ശൂന്യം ശൂന്യം എന്ന നാടകവുമായി മത്സരവേദിയിലെത്തിയ ഇദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. സാമുവല്‍ ബെക്കറ്റിന്റെ വിഖ്യാതമായ ഗോദോയെ കാത്ത് എന്ന നാടകം അടൂര്‍ ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ചപ്പോള്‍ അതിലെ 'എസ്ട്രഗോണ്‍' എന്ന കഥാപാത്രമായി വേഷമിട്ടത് ഗോപിയായിരുന്നു.അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഗോപിയെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത് . സിനിമാ അഭിനയത്തില്‍ തത്പരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്വയംവരത്തില്‍ ചെറിയൊരു വേഷം ചെയ്തത്.മലയാളിക്ക് നായകനാവണമെങ്കില്‍ പൂവന്‍ പഴത്തിന്റെ ചേലുതന്നെ വേണമെന്നാണ് പ്രമാണം.ചെറിയൊരു സിനിമാഗാനം ചിത്രീകരിക്കുന്നതിനിടയില്‍ തലയില്‍ മുടിയുള്ളവര്‍പോലും വിഗ്ഗുകള്‍ മാറ്റി മാറ്റിവെയ്ക്കുന്ന കാലം. അപ്പോഴാണ് കഷണ്ടി കയറിയ തലയുമായി മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യന്‍ മേല്‍പ്പറഞ്ഞ നായക സങ്കല്‍പ്പത്തെ അപ്പാടെ കീഴ്‌മേല്‍ മറിച്ചുകൊണ്‍് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മുഖസൗന്ദര്യത്തെക്കാള്‍ അഭിനയത്തെ സൗന്ദര്യമായി സ്വീകരിച്ച നടനായിരുന്നു ഗോപി. മലയാളിക്ക് അന്നുവരെ അന്യമായ ഒരു സിനിമാറ്റിക് കള്‍ച്ചറിന്റെ കൊടിയേറ്റത്തിന് അതു നിമിത്തമായിത്തീരുകയും ചെയ്തു.1975ല്‍ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയില്‍ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള 'ഭരത്' അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചു. യവനികയിലെ തബലിസ്റ്റ് അയ്യപ്പന്‍, ഓര്‍മ്മക്കായ് എന്ന ചിത്രത്തിലെ ഊമ, കള്ളന്‍ പവിത്രനിലെ മാമച്ചന്‍, ഷെയ്ക്‌സ്പിയര്‍ കൃഷ്ണപിള്ള അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍, കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയില്‍ നിന്നും തബലിസ്റ്റ് അയ്യപ്പനിലേക്കുള്ള അകലം ഒരു നിത്യവിസ്മയമായി ഇന്നും നമുക്ക് മുന്നിലവശേഷിക്കുന്നു.പിന്നീട് 1978, 82, 83, 85 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും ഗോപിയെ തേടിയെത്തി. 1985ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യാ പസഫിക് മേളയില്‍ നല്ല നടനുള്ള പ്രത്യേക പുരസ്‌കാരവും നേടി. ആഖാത്, സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തില്‍ തനതായൊരു ശൈലി വേണമെന്ന നിര്‍ബ്ബന്ധക്കാരനായിരുന്നു അദ്ദേഹം. അഭിനയിക്കുന്ന ഏത് കഥാപാത്രത്തിനും ഒരു ഗോപി ടച്ച് വേണമെന്ന വാശി. മുഖ്യാധാരാ സിനിമാരംഗത്തെ അറിയപ്പെടുന്ന നിര്‍മ്മാതാക്കള്‍ വച്ചുനീട്ടിയ വേഷങ്ങള്‍ അദ്ദേഹം നിരാകരിച്ചു. എണ്‍പത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ അതിലേറെ ചിത്രങ്ങളില്‍ കൈവന്ന അവസരങ്ങള്‍ ബോധപൂര്‍വ്വം അദ്ദേഹം ഉപേക്ഷിച്ചു. അന്ധമായി അനുകരിക്കുന്നതിനോടും കഥാപാത്രങ്ങളെ ഇങ്ങോട്ട് പറിച്ചുനടുന്നതിനോടും അദ്ദേഹം വിയോജിച്ചു.
ഫ്രഞ്ചു സര്‍ക്കാര്‍ ലോകത്തെ അഭിനയപ്രതിഭകളെ ആദരിക്കാനായി അഞ്ചു ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ പരിഗണിച്ച ഏക മലയാളിയും ഭരത്‌ഗോപി തന്നെ. സ്മിതാപാട്ടീല്‍, നസ്‌റുദ്ദീന്‍ ഷാ, ഓംപുരി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് മാത്രമാണ് മറ്റു ഭാഷകളില്‍ നിന്നായി ഒരു അപൂര്‍വ്വ ബഹുമതി ലഭിച്ചിട്ടുള്ളത്. അപ്പോഴും മലയാളത്തില്‍ നിന്ന് ഭരത്‌ഗോപി മാത്രം. ഇവിടെ ഗോപിയെന്ന അഭിനയപ്രതിഭയെ പുരസ്‌കാരങ്ങള്‍ തേടിയെത്തിയത് സ്വാഭാവികം മാത്രം. പ്രാദേശികതലത്തില്‍ നിന്നു തുടങ്ങി അന്തര്‍ദേശീയ തലത്തിലുള്ള പുരസ്‌കാരങ്ങളിലേയ്ക്ക് അത് വളര്‍ന്നുനിന്നു. ഭാവാഭിനയത്തിന്റെയും, ശരീര ഭാഷയുടെയും, ശബ്ദ വിന്യാസത്തിന്റെയും തനതായ ശൈലിയുടേ പുതിയ അഭിനയ സമവാക്യങ്ങള്‍ നെയ്ത കലാകാരന്‍.1986ല്‍ രേവതിക്കൊരു പാവക്കുട്ടി എന്നചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടത്. വിധിക്കു കീഴടങ്ങാന്‍ ധൈര്യപ്പെടാതിരുന്ന ഗോപി സ്വന്തം നിയന്ത്രണത്തിലല്ലാത്ത ശരീരം കൊണ്ട് പിന്നെയും നിരവധി കഥാപാത്രങ്ങളെ വരുതിയിലാക്കി. 80 കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മുരളി. അനായാസമായ അഭിനയ ശൈലിയും പരുക്കന്‍ ശബ്ദവും കൊണ്ട് പ്രേക്ഷകരെ കീഴടക്കി.ലാല്‍സലാം, ചമ്പക്കുളം തച്ചന്‍, താലോലം, വെങ്കലം, ചമയം, അമരം, പ്രായിക്കര പാപ്പാന്‍, ആകാശദൂത്, ഗര്‍ഷോം, എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ഉത്സവപിറ്റേന്ന്, യമനം, ഞാറ്റടി, എന്റെ ഹൃദയത്തിന്റെ ഉടമ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകവേഷത്തിലും ഗോപി അഭ്രപാളിയിലെ സാനിധ്യമായി.ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകളെമാനിച്ച് 1991ല്‍ രാഷ്ട്രം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു. നിരവധി ദേശീയ അന്താരാഷ്ട്ര ബഹുമതികള്‍ക്കൊപ്പം നാലുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 1993ല്‍ പുറത്തിറങ്ങിയ ഭരതന്റെ പാഥേയം എന്ന ചിത്രം നിര്‍മിച്ചതും അദ്ദേഹമായിരുന്നു. ഗോപിയെഴുതിയ ''അഭിനയം അനുഭവം'' എന്ന കൃതിയ്ക്ക് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള 1995ലെ ദേശീയ അവാര്‍ഡും അദ്ദേഹം സംവിധാനം ചെയ്ത യമനത്തിന് 1991ലെ മികച്ച സാമൂഹ്യ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.രസതന്ത്രം എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തു . ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ടു നോക്കിയേ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രം.
ജനുവരി 29 ന് 71 ആം വയസില്‍ ആ അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞു.ഒരുവാചകത്തിനു പകരം ഒരു നോട്ടം കൊണ്ട് രംഗങ്ങള്‍ക്ക് പൂര്‍ണത നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏതു കഥാപാത്രങ്ങള്‍ക്കും പാകമായിരുന്നു ആ ശരീരം.ഗോപിയാശാന്റെ വിയോഗത്തോടെ അസ്തമിച്ചത് ഒരുയുഗത്തിനെക്കാള്‍ ഉപരിയായി മലയാള സിനിമയുടെ ഒരുമഹത്തായ പാരമ്പര്യം കൂടിയായിരുന്നു.അതുകൊണ്ടാകാം ജീവിതത്തിന്റെ അരങ്ങില്‍നിന്ന് ഈമനുഷ്യന്‍ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞെങ്കിലും അദ്ദേഹം നമുക്ക് പ്രിയപ്പെട്ടവനായി തുടരുന്നത്.