ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' റിലീസിന് എത്തുകയാണ്. ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടൈനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സിനിമയുടെ ഇതുവരെ പുറത്തിറങ്ങിയ അപ്‌ഡേറ്റുകള്‍ നല്‍കുന്ന സൂചന. ഇപ്പോഴിതാ വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തുന്ന സിനിമ കാണാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കിട്ടാണ് നടന്റെ പ്രതികരണം. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വ്യാഴാഴ്ച എന്നും ആരാധകര്‍ ഒപ്പം ഉണ്ടാകണമെന്നും നടന്‍ കുറിച്ചു.
'എല്ലാ പ്രിയപ്പെട്ടവര്‍ക്കും, കഴിഞ്ഞ പത്ത് പന്ത്രണ്ട് വര്‍ഷങ്ങളായിട്ട് ഞാന്‍ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ വഴി ഞാന്‍ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. ഇടവേളകളില്‍ കയ്യടിച്ചും ഇടയ്‌ക്കെല്ലാം എന്നെ തിരുത്തിയും എന്നും നിങ്ങള്‍ കൂടെയുണ്ടായിരുന്നു. എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്‌സ് ഇല്ലായെന്നു തന്നെ ഞാന്‍ വിശ്വസിച്ചോട്ടെ? ഇന്ന് ഈ നോട്ട് എഴുതുമ്പോള്‍ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു.
അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങള്‍ എല്ലാവരോടും ഞാനാ സപ്പോര്‍ട്ട് ചോദിച്ചു വാങ്ങുകയാണ്. The Pet Detective നാളെ റിലീസാവുകയാണ്. നിങ്ങള്‍ എല്ലാവരും തിയേറ്ററില്‍ തന്നെ പോയി ഞങ്ങളുടെ ഈ സിനിമ കാണണം. എന്ന് നിങ്ങളുടെ സ്വന്തം ഷറഫുദ്ദീന്‍. NB: ഈ ഫോട്ടോ പലതവണ ഞാന്‍ പോസ്റ്റ് ചെയ്യാന്‍ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കറിയാം ഇതാണ് അതിനുള്ള സമയം!,' ഷറഫുദ്ദീന്‍ പറഞ്ഞു.
അതേസമയം, ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിന്റെ തിയേറ്റര്‍ ഡിസ്ട്രിബൂഷന്‍ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
രാജേഷ് മുരുകേശന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രന്‍ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായകാണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍.