Latest News

വിവാഹം കഴിക്കാത്ത അച്ഛന്റെയും അമ്മയുടെയും മകള്‍; പൂര്‍ണ്ണനഗ്നയായി പോസ് ചെയ്ത മോഡല്‍; പത്താം ക്ലാസില്‍ കുസൃതി പേരിനൊപ്പം ചേര്‍ത്തു; ലിവിങ്ങ് ടുഗെദറില്‍ ജീവിക്കുന്ന കനിയുടെ ജീവിതം

Malayalilife
വിവാഹം കഴിക്കാത്ത അച്ഛന്റെയും അമ്മയുടെയും മകള്‍; പൂര്‍ണ്ണനഗ്നയായി പോസ് ചെയ്ത മോഡല്‍; പത്താം ക്ലാസില്‍ കുസൃതി പേരിനൊപ്പം ചേര്‍ത്തു; ലിവിങ്ങ് ടുഗെദറില്‍ ജീവിക്കുന്ന കനിയുടെ ജീവിതം

കോഴിക്കോട്: കനി കുസൃതി! ജാതിപ്പേരും, പിതാവിന്റെ പേരും, തറവാട്ടുപേരുമൊക്കെ സ്വന്തം പേരിന്റെ വാലായി ഇടുന്ന കലാകാരന്മാർ ഏറെയുള്ള ഇക്കാലത്ത് ഒരു നടിക്ക് 'കുസൃതി' എന്ന പേര് എങ്ങനെ വന്നു എന്ന് പലരും അമ്പരന്നേക്കാം. മികച്ച നടിക്കുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചപ്പോൾ, പലരും തെരഞ്ഞത് ഈ 'കുസൃതിയുടെ' രഹസ്യം എന്താണെന്നാണ്. എന്നാൽ 'ബിരായാണി' എന്ന ചലച്ചിത്രത്തിലൂടെ സംസ്ഥാനത്തെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കനി കുസൃതിക്ക് ഈ വാൽ വെറും തമാശ ആയിരുന്നില്ല. പുരുഷാധിപത്യ സമൂഹത്തോടുള്ള ഒരു പ്രതിഷേധം തന്നെയായിരുന്നു അത്. അത്രമേൽ സംഭവബഹുലമാണ് കനി കുസൃതിയുടെ വ്യക്തി ജീവിതം.

പേരിന്റെ വാൽ സ്വന്തമായി കണ്ടെത്തിയത്

സ്വതന്ത്രചിന്തകരും മനുഷ്യാവകാശ പ്രവർത്തകരുമായ ഡോ. എ.കെ. ജയശ്രീയുടെയും,
മൈത്രേയൻെയും മകളായി 1985 സെപ്റ്റംബർ 12ന് തിരുവനന്തപുരത്താണ് കനി ജനിച്ചത്. കോ ഹാബിറ്റേഷനെ കുറിച്ചൊക്കെ മലയാളി കേട്ടിട്ടില്ലാത്ത കാലത്ത്, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചു വിപ്ലവം സൃഷ്ടിച്ചവരാണ് മൈത്രേയനും ജയശ്രീയും. സ്ത്രീകളെ അടിമകളാക്കി വെക്കുന്ന പരമ്പരാഗത വിവാഹ രീതിയോട് യാതൊരു യോജിപ്പും ഇല്ലാത്തതുകൊണ്ടുതന്നെ മകളെ ആധുനിക പൗര ബോധത്തോടെയാണ് അവർ വളർത്തിയത്.

തന്നെ എന്ന് പേര് വിളിച്ചാൽ മതിയെന്നും സുഹൃത്തായാണ് കാണേണ്ടതെന്നും കനിയെ പഠിപ്പിച്ചത് പിതാവ് മൈത്രേയൻ തന്നെയാണ്. അച്ഛനെയും അമ്മയെ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്ന മകൾ ആദ്യ കാലത്ത് സൗഹൃദ സദസ്സുകളിലൊക്കെ വലിയ ചർച്ചയായിരുന്നു. എന്നാൽ രക്ഷിതാക്കൾ അവരുടെ ഇഷ്ടത്തിനുസരിച്ച് തല്ലിപ്പഴുപ്പിക്കേണ്ടതല്ല കുട്ടികളുടെ ജീവിതം എന്നായിരുന്നു മൈയ്‌രേയന്റെ നിലപാട്. അച്ഛനും മകളും തമ്മിൽ വേണ്ടത് ആരോഗ്യകരമായ സൗഹൃദവും സ്നേഹവും ആണെന്നും, വ്യക്തി ജീവിതത്തിൽ പകർത്താൻ കഴിയാത്ത ആശയങ്ങൾ പ്രസംഗിക്കരുത് എന്നുമായിരുന്നു മൈത്രേയന്റെ എക്കാലത്തെും ഉറച്ച നിലപാട്.

ഇന്ത്യയിലും കേരളത്തിലും പൊതുവെയുള്ള, തങ്ങളുടെ പേരുകൾ കുട്ടികളുടെ പേരിന്റെ വാലാക്കുന്ന സാമൂഹ്യ അധികാര ശ്രേണിയുടെ ഭാഗമായ രീതി ഇല്ലാതാക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് 15 വയസ്സിൽ കനി പത്താം ക്ലാസ് പരീക്ഷയുടെ അപേക്ഷയിൽ 'കുസ്രുതി' എന്ന് ചേർത്തത്. തിരുവനന്തപുരത്താണ് കനി വളർന്നത്. ചെറുപ്പത്തിലേ നാടകത്തിലും അഭിനയത്തിലും തന്നെയായിരുന്നു കനിയുടെ കമ്പം. അവിടെ അഭിനയ തിയേറ്റർ റിസേർച്ച് സെന്റർ, എന്ന നാടക പ്രവർത്തകർക്ക് വേണ്ടിയുള്ള ഒരു പൊതുവേദിയായി മാറി. പിന്നീട് തൃശ്ശൂരിലേക്ക് താമസം മാറി. തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ 2005 നും 2007 നും ഇടയിൽ നാടക പരിപാടികളിൽ ഉണ്ടായിരുന്നു. ലാഗോൺസ് ഇന്റർനാഷണൽ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിൽ നാടക പഠനം പൂർത്തിയാക്കി . അവിടെ രണ്ടു വർഷം ഫിസിക്കൽ തിയേറ്ററിൽ പഠനം നടത്തി.

ബൗധയനയുടെ ക്ലാസിക്ക് പ്രഹസനമായ ഭാഗവദജ്ജുകത്തിലൂടെ അഭിനത്തിൽ കുസൃതി തന്റെ തിയേറ്റർ അരങ്ങേറ്റം കുറിച്ചു. 2000 മുതൽ 2006 വരെ വാസന്തസേനയുടെ പ്രധാന വേഷത്തിൽ അഭിനയിച്ചു. ഭാരതരംഗ മഹോത്സവവും കേരളത്തിലെ അന്താരാഷ്ട്ര തിയേറ്റർ ഉത്സവവും ഉൾപ്പെടെയുള്ള നാടക വേദിയിലൂടെ ഈ നാടകം പര്യടനം നടത്തി. ഹെർമൻ ഹെസ്സേയുടെ സിദ്ധാർഥ എം.ജി.ജ്യോതിഷ് രംഗവതരണത്തിന് സജ്ജമാക്കിയപ്പോൾ കമലയുടെ ഭാഗം അവതരിപ്പിച്ചു.അങ്ങനെ നിരവധി നാടകങ്ങളിലൂടെയും ഹസ്ര ചിത്രങ്ങളിലൂടെയും കനി തന്റെ സാന്നിധ്യം അറിയിച്ചു.

ശിക്കാറിലെ നക്സലൈറ്റ്, കോക്ടെയിലിനെ സെക്സ് വർക്കർ

2009-ൽ ലക്നിക്കിലെ ഇന്റർനാഷണലൈസ് ദ ജാക്വസ് ലെക്കോക് എന്ന പ്രൊഡക്ഷനിൽ നിന്ന് തിരിച്ചെത്തിയ കുസൃതി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ഐലൻഡ് എക്പ്രസ് എന്ന സമാഹാരത്തിലെ കേരള കഫേ എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്നങ്ങോട്ട് ചെറുതാണെങ്കിലും ശ്രദ്ധേയമായ വേഷമാണ് പല ചിത്രങ്ങളിലും കനിക്ക് കിട്ടയത്. 2010 ൽ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നക്സലൈറ്റായി അഭിനയിച്ചു. എന്നാൽ 2010 ലെ കോക്ടെയ്ലിൽ എന്ന സിനിമയിലെ സെക്സ് വർക്കറായി ജോലി ചെയ്യുന്ന വ്യത്യസ്തമായ അവതരണം ശ്രദ്ധേയമായി. 2010 ഡിസംബറിൽ കനി നടനും പ്രചരണ നാടക പ്രവർത്തകനുമായ ഏലിയാസ് കോഹാൻ സംവിധാനം നിർവഹിച്ച 'ലാസ് ഇൻഡിയസ്' എന്ന ഒരു മികച്ച അവതരണ പരിപാടിയുടെ രൂപകൽപനയിൽ പങ്കാളിയായി. അതിന്റെ അവതരണം പ്രത്യേകമായി രൂപകല്പന ചെയ്ത ബസിലായിരുന്നു.

2011ൽ ഷേക്സ്പിയറുടെ ' ടെമ്പസ്റ്റ് ' എന്ന പുതിയ പ്രൊഡക്ഷനുവേണ്ടി പ്രശസ്ത ടൂറിസ്റ്റ് തീയേറ്റർ ഫൂട്ട്സ്ബാർനിൽ കനി ചേർന്നു. തുടർന്ന് 'ഇന്ത്യൻ ടെമ്പസ്റ്റ്' എന്ന പ്രൊഡക്ഷനിൽ മിറാൻഡ എന്ന കഥാപാത്രമായി അഭിനയിച്ചു. അയർലാന്റ്, സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പര്യടനത്തിനുള്ള ശേഷം, 2013 ൽ ഷേക്സ്പിയർ ഗ്ലോബിൽ പ്രൊഡക്ഷൻ ആരംഭിച്ചു.പാവൽ സോകോടക് സംവിധാനവും ടട്രർ ബിയൂറോ പോഡ്റോസിയുടെ നിർമ്മാണവും നിർവ്വഹിച്ച 'ബേണിങ് ഫ്ലവേഴ്സ്-സെവൻ ഡ്രീംസ് ഓഫ് എ വുമൺ' എന്ന ഇൻഡോ-പോളിഷ് പ്രൊഡക്ഷനിൽ കനി അഭിനയിച്ചിട്ടുണ്ട്.

സീരിയലിനോടും അവൾ പുറത്തിരിച്ച് നിന്നിട്ടില്ല. 2015 ൽ കെ കെ രാജീവൻ സംവിധാനം നിർവ്വഹിച്ച 'ഇശ്വരൻ സക്ഷിയായി' എന്ന പരമ്പരയിലൂടെ കനി ഒരു കുടുംബ സാന്നിധ്യമായി. സഹോദരന്റെ കൊലപാതകത്തെക്കുറിപ്പ് അന്വേഷിക്കുന്ന അഭിഭാഷക വക്താവ് അഡ്വക്കേറ്റ് ട്രീസ എന്ന കഥാപാത്രമായാണ് കനി ഈ പരമ്പരയിൽ അഭിനയിച്ചത്. 24 നോർത്ത് കാതം അടക്കമുള്ള പല ചിത്രങ്ങളിലും ചെറുതെങ്കിലും ശക്തമായ വേഷമായിരുന്നു കനിയുടേത്.

മലയാള സിനിമയിലെ കാസ്റ്റിങ്ങ് കൗച്ച് വെളിപ്പെടുത്തി

കനിയെ എന്നും വ്യത്യസ്തയാക്കിയിരുന്നത് അവർ എടുത്തിരുന്ന പൊളിറ്റിക്കൽ നിലപാടുകൾ തന്നെയാണ്. ബോ്്ളിവുഡിൽ ഒരു മോഡലായും കനി ജോലിനോക്കിയിരുന്നു. എന്റെ ശരീരം എന്റെ അവകാശം എന്ന വിശാലമായ ബോഡി പൊളിറ്റിക്സിന്റെ ഭാഗമായിരുന്നു അവർ എന്നും. അതുകൊണ്ടുതന്നെ സദാചാരക്കുരുപൊട്ടുന്ന ശരാശരി മലയാളിക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതായിരുന്നില്ല കനിയുടെ വ്യവഹാരങ്ങൾ. ഒരു വിദേശ മാഗസിനിൽ അവൾ പൂർണ നഗ്നായി പോസ് ചെയ്തതായിരുന്നു ഒരു കാലത്ത സോഷ്യൽ മീഡയയിൽ ഉയർന്ന വലിയ വിവാദം. അതുപോലെ ആദ്യത്തെ ലൈംഗികാനുഭവം പറയുന്ന, അവരുടെ ഒരു ടെലിഫിലിമും , സദാചാരവാദികളുടെ പഴി കേട്ടു. ഇക്കാരണത്താലൊക്കെ സോഷ്യൽ മീഡിയയിൽ നിരവധി തവണ സൈബർ ലിഞ്ചിങ്ങിന് കനി ഇരയായിട്ടുണ്ട്.

രണ്ടുവർഷം മുമ്പ് മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റെലിന് കനി നൽകിയ ഒരു അഭിമുഖവും വൻ വിവാദമായിരുന്നു. ഒരു മലയാള ചലച്ചിത്രത്തിൽ കരാർ ഏറ്റശേഷം അതിന്റെ ഒരു അണിയറ പ്രവർത്തകൻ തന്നെ രാത്രി ഫോൺ ചെയ്തിരുന്നെന്നും അതിൽ പ്രതിഷേധിച്ചതോടെ ചിത്രത്തിൽനിന്ന് ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. എന്നാൽ എല്ലാ സിനിമക്കാരും ഇങ്ങനെയാണെന്ന് ധരിക്കരുതെന്നും നല്ലവരെ നോക്കി തെരഞ്ഞെടുക്കണമെന്നും അവർ പറയുന്നു.

പക്ഷേ തൊട്ടടുത്ത വർഷം കനി വിമർശനം കടുപ്പിച്ചു. കൊച്ചി ബിനാലെ വേദിയിൽ ഡബ്ല്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനവേദിയിൽ കനി കുസൃതി നടത്തിയ വെളിപ്പെടുത്തൽ കേരളം ഏറെ ചർച്ച ചെയ്തതാണ്. 'സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നല്ല വേഷങ്ങൾ ലഭിക്കുവാനായി ചില സംവിധായകർക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു. അവർക്ക് അത് നിർബന്ധമായിരുന്നു. അവരിൽ നിന്നും രക്ഷപ്പെടാനായി അഭിനയം നിർത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നു. പെൺശബ്ദങ്ങൾ ഉയർന്നുതന്നെ കേൾക്കണം. മീടൂ മൂവ്മെന്റുകൾ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകൾ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായി. സിനിമയിൽ അഭിനയിക്കണമെന്ന അതിയായ ആഗ്രഹവുമായാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നത്. എന്നാൽ, നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം തന്നെ നിർത്തിയാലോ എന്നുവരെ ആലോചിച്ചുപോയി.- കനി പറഞ്ഞു.

ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള അവകാശത്തിന് പിന്തുണ നൽകിയ അച്ഛൻ

സ്വാതന്ത്ര്യമാണ് ഈ ലോകത്തിൽ ഏറ്റവും വിലപിടിച്ചത് എന്ന പക്ഷക്കാരിയാണ് കനി. രക്ഷിതാക്കളെപോലെ ഔദ്യോഗികമായി വിവാഹം കഴിക്കാതെ ലിവിങ്് ടുഗദറുമായാണ് ഈ 35കാരിയും ജീവിക്കുന്നത്. സംവിധായകനും, ശാസ്ത്ര സംവാദകനുവായ ആനന്ദ് ഗാന്ധിയോണ് പങ്കാളി. 2003 സെപ്റ്റംബർ 12ന്, തനിക്ക് പതിനെട്ടു വയസ്സ് പൂർത്തിയായപ്പേൾ അച്ഛൻ മൈത്രേയൻ നൽകിയ കത്താണ് കനി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'എന്റെ പ്രിയമുള്ള മകൾ കനിക്ക്, ഇന്ന് നിനക്ക് പതിനെട്ടു വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി നീ സ്വതന്ത്രമായി തീരുമാനം എടുക്കുവാൻ അവകാശമുള്ള ഒരു വ്യക്തിയായി തീർന്നിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം, നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ, നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി, ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതിമതവിശ്വാസങ്ങളുടെയും വർഗ്ഗ, വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും പുരുഷമേധാവിത്ത മൂല്യങ്ങളുടെയും ഒരു സമ്മിശ്ര സംസ്‌കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്രവ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല.അതിൽ ഏതു ശരി ഏതു തെറ്റ് എന്ന് സംശയമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാർക്ക് നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗികാവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്തു വന്നത്. നിന്റെ സ്വാതന്ത്ര്യബോധം പുരുഷസമൂഹത്തിന്റെ മൂല്യബോധത്തിനെതിരെയാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാകുമെന്നു ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറയ്ക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

വീട് വിട്ടുപോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു. ഇഷ്ടപ്പെടുന്ന വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും സങ്കരവർഗ്ഗമായാലും, ലൈംഗികബന്ധത്തിലേർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു. ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപെടുത്തുന്ന ഇന്നത്തെ നടപ്പിനു വിരുദ്ധമായി നിനക്ക് അത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.നിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ട എന്ന് വെക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.ഒരേസമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കി അതിനും പിന്തുണ നൽകുന്നു.

ആരോടും പ്രേമം തോന്നുന്നില്ല.?അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനമെങ്കിൽ അതും സമ്മതമാണ്. മദ്യം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുള്ള പ്രവൃത്തി ചെയ്ത് ജീവിക്കുവാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഈ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിന്റെ ഏതു സമരത്തിലും പങ്കാളിയായി നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്. ഇനി ചില അഭ്യർത്ഥനകളാണ്. ബലാത്സംഗത്തിനു വിധേയയായാൽ, അതിനെ അക്രമം എന്ന് കണ്ട്, ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആർജ്ജവം നേടിയെടുക്കണം.

മറ്റുള്ളവർക്ക് അസ്വസ്ഥതകളും ഹാനിയുമുണ്ടാക്കുന്നതിനാൽ പുകവലി ശീലമാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കിൽ അത് മിതമായി ഉപയോഗിക്കുവാൻ ശീലിക്കുക. പക്ഷേ കുറ്റവാളികളെ പോലെ രഹസ്യമായി ചെയ്യരുത്. രാഷ്ട്രീയത്തിന്റെ, മതത്തിന്റെ, വംശത്തിന്റെ, ലിംഗത്തിന്റെ, വർണ്ണത്തിന്റെ, ദേശത്തിന്റെ, ജാതിയുടെ, ഭാഷയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ, മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു തത്ത്വചിന്തയേയും സ്വീകരിക്കരുത്.

ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ, ചില സന്ദർഭങ്ങളിൽ, മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാൻ അറിയുന്പോൾ പോലും അറിഞ്ഞുകൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ, നോട്ടംകൊണ്ടോ, ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം. ബലാൽസംഗം ചെയ്തവരെപ്പോലും വെറുക്കരുത്. ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിതവിജയമാണ്.

തന്റെയും മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം സമരം ചെയ്യണം. നമ്മുടെ സമരം വ്യക്തികൾക്കെതിരെയല്ല, വ്യവസ്ഥിതികൾക്കും സന്പ്രദായങ്ങൾക്കുമെതിരെയാണ്. നീ അറിഞ്ഞു സ്നേഹിക്കാൻ കഴിവുള്ളവൾ ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. ആ സ്നേഹം അഗാധമാക്കാൻ ശ്രമിക്കുക.നമ്മുടെ പ്രവൃത്തിയുടെ അളവുകോൽ മറ്റുള്ളവരോടുള്ള സ്നേഹമാണോ എന്ന് എപ്പോഴും നോക്കുക. വളരെ കുറച്ചുനാൾ മാത്രം ജീവിതമുള്ള ഒരു വർഗ്ഗമാണ് മനുഷ്യൻ, അതിനാൽ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുള്ളവർക്ക്? എന്നും ആനന്ദം നൽകി ജീവിക്കാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്, അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ.-മൈത്രേയൻ

ബിരിയാണിയിലൂടെ കിട്ടിയത് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ

ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്ക് രണ്ട് അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ് ആദ്യം ലഭിച്ചത്. പിന്നാലെ മാസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു.1935-ൽ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നുമായ മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്.ബ്രിക്സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി. മികച്ച നടൻ, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാർഡുകളാണ് ജൂറി പ്രഖ്യാപിച്ചത്.ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ഈ ചിത്രം ചെയ്തിരുന്നു. ബാഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്‌ക്കാരം, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷൻസ് എന്നിവയും ചിത്രത്തിന് നേട്ടമായി.

കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു..കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.. യു ഏ എൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ച 'ബിരിയാണി ' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സജിൻ ബാബു നിർവ്വഹിക്കുന്നു. ഇപ്പോഴിതാ സംസ്ഥന പുരസ്‌ക്കാരവും കനിയെ തേടിയെത്തുകയാണ്. ഇതുവരെ മലയാള സിനിമയിൽ മുഴുനീള വേഷങ്ങൾ ചെയ്യാൻ കനിക്ക് കഴിഞ്ഞിരുന്നില്ല. ഈ അവാർഡ് ഈ 35കാരിക്ക് കൂടുതൽ മികച്ച മലയാള ചിത്രങ്ങളിലേക്കുള്ള പ്രവേശനവും ആകുമെന്ന് ഉറപ്പാണ്.

life story of kani kusruti

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES