തിരുവനന്തപുരം: മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു. നിരഞ്ജനയാണ് വധു. ഡിസംബർ ആദ്യ വാരമായിരിക്കും വിവാഹം. ഫാഷൻ ഡിസൈനറാണ് നിരഞ്ജന. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിന് പങ്കെടുക്കുക. ശേഷം തിരുവനന്തപുരത്ത് വച്ച് സഹപ്രവർത്തകർക്കായി വിരുന്ന് സംഘടിപ്പിക്കും. ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിൽ എത്തുന്നത്. വിവാഹആവാഹനമാണ് ഏറ്റവും പുതിയ ചിത്രം.
'ഡ്രാമ', 'സകലകലാശാല', 'ബോബി', 'ഫൈനൽസ്', 'സൂത്രക്കാരൻ', 'താത്വിക അവലോകനം' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 'വിവാഹ ആവാഹനം' ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. 'കാക്കിപ്പട', 'ഡിയർ വാപ്പി', 'നമുക്ക് കോടതിയിൽ കാണാം' തുടങ്ങിയ സിനിമകൾ അണിയറയിൽ ആണ്.
സെന്ന ഹെഗ്‌ഡെ ചിത്രം 'തിങ്കളാഴ്ച നിശ്ചയ'ത്തിലൂടെ പ്രശസ്തയായ നടി അനഘ നാരായണൻ നായികയാകുന്ന ചിത്രമാണ് ഡിയർ വാപ്പി. നടൻ ലാൽ ആണ് നിരഞ്ജിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രം. ശ്രീനാഥ് ഭാസി നായകനായി പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് 'നമുക്ക് കോടതിയിൽ കാണാം'. 'പ്ലസ് ടു', 'ബോബി' എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത 'കാക്കിപ്പട' ക്രിസ്മസ് റിലീസാണ്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രം, തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് പറയുന്നത്.