വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന ചര്‍ച്ചകളുടെ വക്താവല്ലെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. വോയ്സ് ഓഫ് അമേരിക്കയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുഷാറഫ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ കാണിച്ച താല്പര്യം നരേന്ദ്ര മോദിക്ക് സമാധാന ത്തിലില്ല എന്ന ആരോപണമുന്നയിച്ചത്.
താന്‍ അധികാരത്തിലിരുന്നപ്പോള്‍ പാകിസ്താനും ഇന്ത്യയും അനുരജ്ഞനത്തിന്റെ പാതയിലായിരുന്നു. മോദി അധികാരത്തിലെത്തിയതോടെ അതിന് മാറ്റം വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'ഞാന്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ എ.ബി. വാജ്പയോടും മന്മോഹന് സിങ്ങിനോടും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഇരു നേതാക്കളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അവര്‍ ഞങ്ങളെ മറയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍ പരമാധികാരം ഉറപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്.' - മുഷാറഫ് പറഞ്ഞു.
ആണവ സമ്പത്തിനെ നിയന്ത്രിക്കാന്‍ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉയര്‍ത്തുന്ന ആണവ ഭീഷണിയെ ആരും ചോദ്യം ചെയ്യുന്നില്ല. ഇന്ത്യ അസ്വാഭാവിക ഭീഷണി ഉയര്‍ത്തിയതിനാലാണ് പാകിസ്താന് ഒരു ആണവ ശക്തിയായതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.