ഏറെ പ്രസിദ്ധമാണ് മറയൂര്‍ ചന്ദനവും ശര്‍ക്കരയും. മറയൂരിലെ ശര്‍ക്കര കഴിച്ചവരാകട്ടെ ഒരിക്കലും ആ രുചി മറക്കാറുമില്ല. മായം ചേര്‍ക്കാതെ ഉണ്ടാക്കുന്നതിനാല്‍ തന്നെ ഏറെ രുചികരവുമാണ്. പായ്കറ്റില്‍ കിട്ടുന്ന ശര്‍ക്കര വാങ്ങി കഴിക്കുംമുമ്പ് അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല. എന്നാല്‍ വ്യാജ ശര്‍ക്കരകളാണ് ഇപ്പോള്‍ അങ്ങാടികള്‍ വാഴുന്നത്. മറയൂര്‍ ശര്‍ക്കര ആകട്ടെ മായമൊന്നും ചേര്‍ക്കാതെയാണ് ഉണ്ടാക്കുന്നത്. 2000 ലിറ്റര്‍ കരിമ്പിന്‍ നീരില്‍ നിന്ന് 180 കിലോ മാത്രം ശര്‍ക്കര ഉണ്ടാക്കാമെന്ന് അറിയുമ്പോള്‍ മാത്രമാണ് മറയൂര്‍ ശര്‍ക്കരയ്ക്ക് പിന്നില്‍ ഇത്രയും കഷ്ടപാടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുക.
മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് മറയൂര്‍. കരിമ്പിന്‍ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ ആയതിനാല്‍ കരിമ്പാണ് ഇവിടുത്തെ പ്രധാന വിള. അതിനാല്‍ രുചിയും ഗുണവും കൂടുതലാണ്. ഇത് വച്ചുണ്ടാക്കുന്ന ശര്‍ക്കരയ്ക്കും ഗുണം കൂടുതലായതിനാല്‍ തന്നെയാണ് ഇവിടുത്തെ ശര്‍ക്കര പ്രസിദ്ധമായതും. രാസവസ്തുകളില്ലാത്തതും ഉപ്പില്ലാത്തതും അഴുക്കില്ലാത്തതും ഇരുമ്പിന്റെ അംശം കൂടുതലുള്ളതുമായ ശര്‍ക്കരയാണ് മറയൂരിലേതെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കിണറുകളിലെ വെള്ളം ശുദ്ധീകരിക്കാന്‍ കുമ്മായം ഇടുന്ന പോലെ ശര്‍ക്കര ശുദ്ധീകരിക്കാനായി അല്‍പം കുമ്മായം മാത്രമാണ് മറയൂരിലെ ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്. 180 കിലോ ശര്‍ക്കരയ്ക്ക് വേണ്ടി 70 കെട്ട് കരിമ്പ് അഥവാ 1 ടണ്ണോളം കരിമ്പാണ് വേണ്ടി വരിക. ഇതില്‌നിന്നും 2000 ലിറ്റര്‍ കരിമ്പിന്‍ നീരാണ് ലഭിക്കുക. അത് ഉപയോഗിച്ചാണ് ശര്‍ക്കര നിര്‍മ്മിക്കുന്നത്. ഞങ്ങളുടെ സബ്‌സ്‌ക്രൈബര്‍ പ്രകാശ് ചന്ദ്രശേഖരന്‍ മറയൂര്‍ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ മറയൂരിലെ ശര്‍ക്കര ഫാക്ടറിയുടെ കാഴ്ചകള്‍ കാണാം. മറയൂര്‍ കോഓപറേറ്റീവ് സൊസൈറ്റിയുടെ ജീവനക്കാരന്‍ രംഗനാണ് പ്രേക്ഷകര്‍ക്കായി ശര്‍ക്കര നിര്‍മാണം വിശദീകരിക്കുന്നത്.
മറയൂരില്‍ കര്‍ഷകര്‍ കൃഷി ഇടങ്ങളില്‍ കൃഷി ചെയ്യുന്ന കരിമ്പ് പാകമാകുമ്പോള്‍ വെട്ടിയെടുത്തു ശര്‍ക്കര ഉണ്ടാക്കുന്ന ഫാക്ടറികളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകര്‍ വിചാരിക്കുന്ന പോലെ വലിയ ഫാക്ടറി എന്നൊന്നും പറയാന്‍ സാധിക്കില്ല. ഷീറ്റ് കൊണ്ടോ ഓല കൊണ്ടോ മേഞ്ഞ കെട്ടിടങ്ങളാണിവ. കര്‍ഷകര്‍ കൊണ്ടുവരുന്ന കരിമ്പ് വലിയ ജ്യൂസ് പിഴിഞ്ഞെടുക്കാന്‍ ഉള്ള യന്ത്രത്തിലൂടെ കടത്തി വിട്ടു നീര് മുഴുവന്‍ പിഴിഞ്ഞെടുക്കുന്നു. ഇങ്ങനെ പിഴിഞ്ഞെടുത്ത നീര് തുടര്‍ന്ന് വലിയ ടാങ്കില്‍ സ്‌റ്റോക്ക് ചെയ്യുന്നു. ഇവിടുത്ത് ഒരു വലിയ വാര്‍പ്പിലേക്ക് നീര് പകര്‍ത്തി തിളപ്പിച്ച് വറ്റിക്കും. കരിമ്പിന്‍ ചണ്ടി ഉണക്കി എടുത്തു അതാണ് അടുപ്പിലെ തീ കത്തിക്കാനായി ഉപയോഗിക്കുന്നത്.
പാത്രത്തില്‍ നിന്ന് തടികൊണ്ട് ഉണ്ടാക്കിയ തളത്തിലേക്ക് ശര്‍ക്കര മാറ്റുന്നു. ഇവിടെ വച്ച് ഇളക്കി ഇളക്കി പദം വരുത്തിയാണ് ചെറിയ ചൂടോടെ തന്നെയാണ് ശര്‍ക്കര കൈ കൊണ്ട് ഉരുട്ടി എടുക്കുന്നത്. കൈ കളുടെ പാട് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയാണ്. ശേഷം തഴപ്പായില്‍ വച്ച് ഉണക്കിയാണ് ശര്‍ക്കര വിപണിയിലേക്ക് എത്തിക്കുന്നത്. മറ്റ് സ്ഥലങ്ങളിലെ ശര്‍ക്കരയ്ക്കില്ലാത്ത രുചിയാണ് മറയൂരിലെ സ്‌പെഷ്യല്‍ കരിമ്പ് കൊണ്ടുണ്ടാക്കുന്ന ശര്‍ക്കരകള്‍ക്ക്.
വെറും 60 രൂപ മാത്രമാണ് മറയൂരിലെ ഒരു കിലോ ശര്‍ക്കരയ്ക്ക് വില. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന വ്യാജശര്‍ക്കരയാണ് ഇപ്പോഴും കേരളത്തില്‍ സുലഭമായി ലഭിക്കുന്നത്. രാസപദാര്‍ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഈ ശര്‍ക്കര വേഗം പൊടിഞ്ഞുപോകും. ആരോഗ്യത്തിന് ഹാനികരവുമാണ്. ഇരിക്കുന്തോറും മുറുക്കം കൂടുന്നതാണ് മറയൂര്‍ ശര്‍ക്കര. ഇടയ്ക്കിടെ ഉണ്ടാകുന്ന വില തകര്‍ച്ച മറയൂര്‍ ശര്‍ക്കര നിര്‍മ്മാണത്തെ സാരമായി ബാധിക്കാറുണ്ട്. മൂന്നാറും മറയൂരും സന്ദര്‍ശിക്കുന്നവര്‍ കിലോ കണക്കിനാണ് വാങ്ങി നാട്ടിലേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ യാതൊരു മായവും ചേര്‍ക്കാതെ ഉണ്ടാക്കുന്ന ശര്‍ക്കരയ്ക്ക് കാര്യമായ ലാഭം ഒന്നും പാവപ്പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കാറില്ലെന്നതാണ് സത്യം.