ദിലീപും ആന്റണി പെരുമ്ബാവൂരും ചേര്‍ന്ന് ഉണ്ടാക്കിയതാണ് ഫിയോക് എന്ന തിയേറ്ററുകാരുടെ സംഘടന. ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യത്തില്‍ നിന്നും തിയേറ്ററുകാരെ രക്ഷിച്ച് കൂട്ടായ തീരുമാനങ്ങളിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള ഇടപെടല്‍. ദിലീപ് മുന്നില്‍ നിന്നു. തൊട്ടു പിന്നില്‍ മോഹന്‍ലാലിന്റെ പിന്തുണയുമായി ആന്റണിയും. ഇതോടെ തിയേറ്ററുകാരുടെ സംഘടനയായ ഫെഡറേഷനില്‍ വിള്ളല്‍ വന്നു. ഫിയോക്കിന് ശക്തിയും കൂടി. ഇതോടെ ദിലീപിന്റെ കൈയില്‍ സിനിമാ നിയന്ത്രണം എത്തി. നടിയെ ആക്രമിച്ച കേസോടെ ദിലീപ് പിന്നിലേക്ക് മാറി. ഇതോടെ സംഘടനയില്‍ പുതിയ ശക്തിയെത്തി. ഫിയോക്കിന്റെ പ്രസിഡന്റായി വിജയകുമാര്‍ എത്തി. വിജയകുമാറിന്റെ പിടിവാശികളാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ തിയേറ്ററില്‍ നിന്ന് അകറ്റുന്നത്.
ഫിയോക് എന്ന സംഘടനയുടെ ചെയര്‍മാനാണ് ദിലീപ്. വൈസ് ചെയര്‍മാന്‍ ആന്റണിയും. ഇരുവരും ഭരണഘടന പ്രകാരം ആജീവനാന്ത ചുമതലക്കാരാണ്. എന്നാല്‍ ഇപ്പോള്‍ സംഘടനയുടെ പൂര്‍ണ്ണ നിയന്ത്രണം വിജയകുമാറിനാണ്. ആന്റണിയേയും ദിലീപിനേയും പുകച്ച് പുറത്തു ചാടിച്ച് ഫിയോക്കില്‍ പിടിമുറുക്കാനാണ് ശ്രമം. അതാണ് മരയ്ക്കാറെ തിയേറ്ററില്‍ നിന്ന് അകറ്റിയതെന്നാണ് സിനിമാക്കാരില്‍ ബഹുഭൂരിഭാഗവും പറയുന്നത്. മോഹന്‍ലാലിനെ കച്ചവടക്കാരനെന്നും കലാകാരനല്ലെന്നും പറഞ്ഞ് വിജയകുമാര്‍ അപമാനിച്ചു. ആന്റണിയെ ഉപരോധിക്കാന്‍ പദ്ധതിയിട്ടു. ഇതെല്ലാം കടന്ന ഇടപെടലുകളായിരുന്നു. ഇതെല്ലാം ദിലീപിനേയും വേദനിപ്പിച്ചിട്ടുണ്ട്. ഫിയോക്കുമായി ഇപ്പോള്‍ ദിലീപും അകലത്തിലാണെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.
താരസംഘടനയായ അമ്മയുടേയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടേയുമെല്ലാം പിന്തുണയോടെയാണ് ഫിയോക് എന്ന സംഘടനയുമായി ദിലീപും ആന്റണി പെരുമ്ബാവൂരും എത്തുക. തിയേറ്റര്‍ സമരം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ സംഘടനയെത്തിയത്. സിനിമയിലെ കൊച്ചി ലോബിയും തിരുവനന്തപുരം ലോബിയും ഒരുമിച്ചു നടത്തിയ നീക്കം. ഇത് ഫലം കാണുകയും തിയേറ്ററുകളുടെ നിയന്ത്രണം സിനിമാക്കാരിലേക്ക് തന്നെ എത്തുകയും ചെയ്തു. ഇത് ലിബര്‍ട്ടി ബഷീറിനെ അപ്രസക്തനാക്കുകയും ചെയ്തു. എന്നാല്‍ ഫിയോക്കില്‍ ദിലീപിനും ടീമിനും പിന്തുണ നഷ്ടമാകുമ്ബോള്‍ വീണ്ടും തിയേറ്ററുകാരുടെ വില പേശലും എത്തുന്നുവെന്ന് സിനിമാക്കാര്‍ തിരിച്ചറിയുകയാണ്.
മരയ്ക്കാറെ തിയേറ്ററില്‍ നിലനിര്‍ത്താന്‍ ഇടപെടലിന് ദിലീപ് രംഗത്തു വന്നിരുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തു കൂടിയായ ജി സുരേഷ് കുമാര്‍ ചര്‍ച്ചകള്‍ക്ക് എത്തി. വിട്ടുവീഴ്ചകള്‍ക്ക് മോഹന്‍ലാലും ആന്റണിയും തയ്യാറായി. എന്നാല്‍ വിജയകുമാര്‍ കടുംപിടിത്തത്തിലായിരുന്നു. ലിബര്‍ട്ടി ബഷീറും അദ്ദേഹത്തിന്റെ ഫെഡറേഷനും പോലും ആന്റണിയെ അവസാനം പിന്തുണച്ചു. എന്നാല്‍ ഫിയോക്കിനെ പ്രസിഡന്റിന്റെ ചുമതലയില്‍ ഇരുന്ന് നയിക്കുന്ന വിജയകുമാര്‍ ഏകാധിപതിയായി. ഇതോടെ ദിലീപും ഒത്തുതീര്‍പ്പില്‍ നിന്ന് പിന്മാറി. ഇതിന് ശേഷമാണ് സിനിമാ മന്ത്രി സജി ചെറിയാനും പോലും പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് തര്‍ക്കം മാറിയത്. മരയ്ക്കാറെ ഓടിടിക്ക് കൊടുക്കാന്‍ ആന്റണി തീരുമാനിക്കുകയും ചെയ്തു.
അതായത് ഫിയോക്കിന്റെ നിയന്ത്രണം ദിലീപിന് എല്ലാ അര്‍ത്ഥത്തിലും നഷ്ടമാകുകയാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ലിബര്‍ട്ടി ബഷീര്‍ മറ്റൊരു ഭാഗത്തും. മോഹന്‍ലാല്‍ കലാകാരനല്ലെന്നും കച്ചവടക്കാരനാണെന്നുമൊക്കെ പറയാന്‍ വിജയകുമാറിന് എന്ത് അവകാശമാണുള്ളത്. തിയേറ്ററുടമകള്‍ കലയെ പറ്റി ചന്തിക്കാറേ ഇല്ല. പല മികച്ച സിനിമകള്‍ക്കും കച്ചവട മൂല്യമില്ലെന്ന് പറഞ്ഞ് പ്രദര്‍ശനത്തിന് അനുമതി പോലും കൊടുക്കാത്തവരാണ് തിയേറ്ററുകാര്‍. അവര്‍ മോഹന്‍ലാലിനെ കലാകാരനല്ലെന്ന് പറയുന്നതിനെ എങ്ങനെ അനുവദിക്കാനാകുമെന്നാണ് സിനിമാക്കാര്‍ പോലും ഉയര്‍ത്തുന്ന ചോദ്യം. ഫിയോക്കിലെ ബഹുഭൂരിപക്ഷം തിയേറ്ററുകളും ഇപ്പോള്‍ വിജയകുമാറിനൊപ്പമാണെന്നും അവര്‍ പറയുന്നു.
2018ലെ ക്രിസ്മസുകാലത്ത് ലിബര്‍ട്ടി ബഷീര്‍ ഉണ്ടാക്കിയതിന് സമാനമായ പ്രതിസന്ധിയാണ് വിജയകുമാറും പിടിവാശിയിലൂടെ ഉണ്ടാക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഒടിടി വ്യവസായം തിയേറ്ററുകളെ തകര്‍ക്കുമെന്നും അതിനെതിരെയാണ് പോരാട്ടമെന്ന് വിജയകുമാറും പറയുന്നു. ഏതായാലും ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയേറ്ററില്‍ എത്തുന്നതോടെ എല്ലാം വ്യക്തമാകുമെന്നാണ് പലരുടേയും പ്രതീക്ഷ. തിയേറ്ററില്‍ ആളുകള്‍ എത്തുമോ എന്ന് അപ്പോഴറിയാം. അതാകും മലയാള സിനിമയുടെ തിയേറ്ററിലെ ഭാവി നിശ്ചയിക്കുകയെന്നും സിനിമാക്കാര്‍ സമ്മതിക്കുന്നു.
മരയ്ക്കാര്‍ റിലീസിന്റെ പേരില്‍ മലയാള സിനിമയില്‍ പോര് മുറുകുന്നു. മരയ്ക്കാര്‍ മാത്രമല്ല ഇനിയുള്ള ആശീര്‍വാദ് ഫിലിംസിന്റെ പല ചിത്രങ്ങളും ഒടിടിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആന്റണി പെരുമ്ബാവൂര്‍. നേരത്തെ തന്നെ ഇനി തിയേറ്ററുകള്‍ക്ക് മരയ്ക്കാര്‍ വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു ഫിയോക്. ഇതിനുള്ള മറുപടിയെന്നോണമാണ് ആന്റണി അടുത്ത റിലീസുകളെല്ലാം ഒടിടിക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം മറ്റ് റിലീസുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് തിയേറ്റര്‍ ഉടമകള്‍. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പാണ് വമ്ബന്‍ റിലീസിനായി മലയാളത്തില്‍ തയ്യാറെടുക്കുന്നത്.
മരയ്ക്കാര്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്ബര്‍ പ്രസിഡന്റ് സുരേഷ് കുമാറാണ് വ്യക്തമാക്കിയത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നും ഫിലിം ചേമ്ബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ വ്യക്തമാക്കി. മരയ്ക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ അഡ്വാന്‍സ് തുക വേണമെന്നായിരുന്നു ആന്റണി പെരുമ്ബാവൂര്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാനാവില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ പറഞ്ഞിരുന്നു. നൂറ് കോടിയാണ് മരയ്ക്കാറിന്റെ ബജറ്റ്. 15 കോടി വരെ നല്‍കാമെന്നാണ് ഫിയോക് നേരത്തെ പറഞ്ഞിരുന്നത്. മൂന്നാഴ്‌ച്ച ഓപ്പണ്‍ റിലീസ് നല്‍കാമെന്നും അറിയിച്ചിരുന്നു. നാലാഴ്‌ച്ചത്തേക്ക് പടം മാറ്റരുതെന്നായിരുന്നു ആന്റണിയുടെ ആവശ്യം.
അതേസമയം ചിത്രം തിയേറ്റര്‍ റിലീസാവാത്തതില്‍ ഫിയോക്കിനെയാണ് ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തുന്നത്. ഫിയോക് റിലീസിന്റെ കാര്യത്തില്‍ വാശിപിടിക്കരുതെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആന്റണി പെരുമ്ബാവൂര്‍ തിയേറ്റര്‍ റിലീസില്ലെന്ന വാശിയിലാണ്. തിയേറ്റര്‍ റിലീസ് ചെയ്യാത്തതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും, അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും ആന്റണി വ്യക്തമാക്കി. ഈ സിനിമ തിയേറ്ററുകള്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ചര്‍ച്ചയ്ക്ക് പോലും തിയേറ്റര്‍ ഉടമകള്‍ തയ്യാറായില്ലെന്നും ആന്റണി പറയുന്നു.
മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അടക്കം എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. തിയേറ്ററുകള്‍ തുറക്കുമ്ബോള്‍ അവര്‍ വേറെ പടങ്ങള്‍ ചാര്‍ട്ട് ചെയ്ത് കളിക്കുന്നു. മരയ്ക്കാര്‍ എന്ന് റിലീസ് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ തന്നോട് ചോദിച്ചിട്ട് പോലുമില്ലെന്നും ആന്റണി പെരുമ്ബാവൂര്‍ വ്യക്തമാക്കി. സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കില്‍ ഇങ്ങനെയുണ്ടാവില്ല. ഇത് വലിയ ബജറ്റാണ്. മുന്നോട്ട് പോകണമെങ്കില്‍ തനിക്ക് പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്നം നേടണമെങ്കില്‍ നമുക്ക് ബലം വേണമം. ഇങ്ങനെയാണ് ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ലാല്‍ സാര്‍ എന്നോട് പറഞ്ഞതെന്നും ആന്റണി വ്യക്തമാക്കി.
തിയേറ്ററുകാര്‍ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം സഹിക്കാന്‍ പോലുമാകുന്നില്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന നിലപാടിലാണ്. അതൊരിക്കലും അംഗീകരിക്കാനാവില്ല. തിയേറ്ററുകാര്‍ ഒരു കോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കൈയില്‍ വെച്ചത് തിയേറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകള്‍ ലഭിച്ചിട്ടില്ല. നഷ്ടം വന്നാല്‍ മുന്നോട്ട് പോകാനാവില്ല. അത്ര മാത്രം പണം ഈ ചിത്രത്തിനായി മുടക്കിയിട്ടുണ്ട്. ജീവിത പ്രശ്നമാണ്. 40 കോടി അഡ്വാന്‍സ് വാങ്ങിയിട്ടില്ല. 4.89 കോടി മാത്രമാണ് വാങ്ങിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രവും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി വ്യക്തമാക്കി.
ആന്റണിക്ക് ഫിയോക്കിന്റെ മറുപടിയും എത്തിയിട്ടുണ്ട്. ഫിയോക്ക് മരയ്ക്കാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതല്ല. ഏകപക്ഷീയമായി അങ്ങനൊരു തീരുമാനവും എടുത്തിട്ടില്ല. ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത് ആന്റണി പെരുമ്ബാവൂരാണെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. മരയ്ക്കാറിനെതിരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. 40 കോടി രൂപ നല്‍കിയെന്ന് ഫിയോക്കിലെ ആരും പറഞ്ഞിട്ടില്ല. 500 സ്‌ക്രീനുകളും 15 കോടി രൂപയും ഉറപ്പ് നല്‍കിയിരുന്നു. തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ ബാധ്യത ഉണ്ടാകാത്ത തരത്തില്‍ വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറായി. എന്നാല്‍ നേരത്തെ തന്നെ ഒടിടിയുമായി മരയ്ക്കാര്‍ കരാര്‍ ഒപ്പിട്ടതാണെന്നും വിജയകുമാര്‍ പറഞ്ഞു.