ഐ ആം എ ഡിസ്‌കോ ഡാൻസർ..
ഈ പാട്ട് ഒരിക്കലെങ്കിലും പാടാത്ത സംഗീതപ്രേമികൾ ഉണ്ടാവില്ല.. അത്രകണ്ട് ആസ്വാദക മനസിനെ കീഴടിക്കിയിട്ടുണ്ട് ഈ ഗാനം.. ഈ ഒരൊറ്റ ഗാനം മതി ബപ്പിലാഹിരി എന്ന സംഗീത പ്രതിഭയെ കാലങ്ങളോളം ഓർത്തുവെക്കുവാനും. ബപ്പി ലാഹിരി വിടപറയുമ്ബോൾ ഇന്ത്യൻ സംഗീത ശാഖയ്ക്ക് ആസ്വാദനത്തിന്റെ പുത്തൻ രീതി സമ്മാനിച്ച പ്രതിഭയാണ് ഓർമ്മയിലേക്ക് മറയുന്നത്.ഇന്ന് രാവിലെ മൂംബൈയിലെ സ്വകാര്യാശുപത്രിയിലാണ് ബപ്പി ലാഹിരിയുടെ അന്ത്യം.69 മത്തെ വയസ്സിലാണ് ബപ്പി ദ ഓർമ്മയാകുന്നത്.2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ക്രിട്ടികെയർ ആശുപത്രി ഡയറക്ടർ ദീപക് നംജോഷി പറഞ്ഞു.
സൽമാൻ ഖാൻ അവതാരകനായ ബോളിവുഡ് ഷോ ബിഗ് ബോസ് 15-ൽ ആയിരുന്നു ബപ്പി ലാഹിരി അവസാനായി സ്‌ക്രീനിലെത്തിയത്. കൊച്ചുമകനായ സ്വാസ്തികിന്റെ ബച്ചാ പാർട്ടി എന്ന ഗാനത്തിന്റെ പ്രൊമോഷൻ പരിപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അന്ന് ബിഗ് ബോസ് ഷോയിലെത്തിയത്.2014ൽ പശ്ചിമ ബംഗാളിലെ ശ്രീറാംപൂരിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം രോഗമുക്തി നേടി.
ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയാണ് ബപ്പി ദ ഇന്ത്യൻ സംഗീത ലോകത്ത് തന്റെതായ ഒരിടം കണ്ടെത്തുന്നത്.കാലഘട്ടങ്ങളെ അതിജീവിച്ച ഐ ആം എ ഡിസ്‌കോ ഡാൻസർ, കിഷോർ കുമാറിനെപ്പോലും വിസ്മയിപ്പിച്ച അനശ്വര പ്രണയഗാനം ചൽത്തെ.. ചൽത്തെ.., ശരാബി തുടങ്ങി എഴുപതുകളെയും എൺപതുകളെയും ത്രസിപ്പിച്ച നിരവധി ഹിറ്റുകൾ ബപ്പി ലാഹിരിയുടെ സംഗീതത്തിൽ പിറവിയെടുത്തു.ഗുഡ്‌ബോയ്‌സ് എന്നൊരു മലയാള ചിത്രത്തിനും അദ്ദേഹം സംഗീതം നൽകിയിരുന്നു.അറിയപ്പെടുന്നത് ഫാസ്റ്റ് നമ്ബറുകളുടെ പേരിലാണെങ്കിലും നാടൻ പാട്ടുകളും മെലഡികളും ഗസലുകളും ബപ്പിക്കു വഴങ്ങുമായിരുന്നു.
ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിന്റെ വേദന തീരും മുൻപേയാണ് 'ഡിസ്‌കോ കിങ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബപ്പിയുടെ വിയോഗം. അടുത്ത ഹൃദയബന്ധം പുലർത്തിയ ഇരുവരും വിടവാങ്ങിയതും അടുത്തടുത്ത ദിവസങ്ങളിൽ എന്നത് യാദൃശ്ചികം മാത്രം. ബപ്പി ലഹിരിക്ക് എപ്പോഴും ആശ്രയമായി ഉണ്ടായിരുന്നത് ലതാ മങ്കേഷകർ ആണ്. കരിയറിന്റെ തുടക്കകാലത്തു തന്നെ ബപ്പിയുടെ സംഗീതത്തിൽ മനസ്സുടക്കിയ ലത, യുവത്വത്തെ ത്രസിപ്പിക്കുന്ന സംഗീതജ്ഞനായി അദ്ദേഹം വളരുമെന്ന് ആശംസിച്ചിരുന്നു. കാലം ചലിച്ചപ്പോൾ ലതയുടെ വാക്കുകൾ സത്യമായി. യുവത്വത്തെ മാത്രമല്ല, ഇന്ത്യയെ ഒന്നാകെ താളം പിടിപ്പിക്കാൻ ബപ്പിക്കു കഴിഞ്ഞു.
1972ൽ പുറത്തിറങ്ങിയ 'ദാദു' എന്ന ബംഗാളി ചിത്രത്തിലാണ് അദ്ദേഹത്തിന് സംഗീത ലോകത്തേക്ക് എത്തുന്നത്. തുടർന്ന് 1973ൽ 'നൻഹ ശിക്കാരി' എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചു. താഹിർ ഹുസൈന്റെ ഹിന്ദി ചിത്രമായ 'സഖ്മി' ആണ് അദ്ദേഹത്തെ ബോളിവുഡിൽ പ്രശസ്തനാക്കുന്നത്. ഇതിനു ശേഷം സംഗീത സംവിധായകൻ, പിന്നണി ഗായകൻ എന്നീ നിലകളിൽ ബോളിവുഡ് ചലച്ചിത്ര മേഖലയിൽ ഒരു പുതിയ യുഗം കൊണ്ടുവന്നു.
ജന്മദിനം നവംബർ 27 നായിരുന്നുവെങ്കിലും ബപ്പിലാഹിരി തന്റെ പിറന്നാൾ ആഘോഷിച്ചിരുന്നത് ജുലൈ 18 നാണ്.ഈ അപൂർവ്വതയ്ക്ക് പിന്നിലും ഒരു കഥയുണ്ട്.തന്റെ രണ്ടാം ജന്മമെന്ന് ബപ്പി ലാഹിരി വിശേഷിപ്പിക്കുന്ന ജുലൈ 18 നാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചൽത്തെ... ചൽത്തെ... കിഷോർ കുമാർ പാടി റെക്കോർഡ് ചെയ്യുന്നത്.താരതമ്യേന പുതുമുഖമായ സംഗീത സംവിധായകന് കീഴിൽ ഭഭചൽത്തേ ചൽത്തേ'' (1976) എന്ന പടത്തിനു വേണ്ടി ഒരു പ്രണയ ഗാനം പാടി റെക്കോർഡ് ചെയ്തു പുറത്തിറങ്ങിയതായിരുന്നു കിഷോർ കുമാർ. തിരിച്ചുപോകും വഴി, യുവ സംഗീത സംവിധായകന്റെ പുറത്തുതട്ടി കിഷോർ പറഞ്ഞു:
'അതിഗംഭീരമായിരിക്കുന്നു പാട്ട്. ഇനി അധികം കാത്തിരിക്കേണ്ടിവരില്ല നിന്റെ ഭാഗ്യം തെളിയാൻ ..'' സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയെന്ന് ബപ്പി പറഞ്ഞിട്ടുണ്ട്.അതുവരെ വെറും അലോകേഷ് ലാഹിരി ആയിരുന്നു ഞാൻ. ബംഗാളിയിലെ പഴയ പാട്ടുകാരായ അപരേഷ് ലാഹിരിയുടെയും ബൻസാരിയുടെയും മകൻ. ആ ഒരൊറ്റ പാട്ട് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്നത്തെ ബപ്പി ലാഹിരിയിലേക്കുള്ള എന്റെ യാത്ര ആരംഭിച്ചത് ആ പാട്ടിൽ നിന്നാണെന്നും ്‌അദ്ദേഹം ഓർത്തെടുക്കുമായിരുന്നു''
ഗായകനെന്ന നിലയിലും സിനിമയിൽ ശ്രദ്ധേയനായ ബപ്പി ലഹിരി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ബാപ്പി ലാഹിരി ചെയ്ത തമിഴ് ചിത്രങ്ങളിൽ പ്രധാനം 'അപൂർവ സഹോദരികളാ'ണ്. ഗുജറാത്തിയിൽ പ്രദർശനത്തിനെത്തിയ സിനിമയായ 'ജനം ജനം ന സാതി'നു വേണ്ടിയും ബപ്പി ലാഹിരി സംഗീത സംവിധാനം നിർവഹിച്ചു.
ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം അലോകേഷ് ലാഹിരി എന്നാണ്.ബംഗാളിയിലെ പഴയ പാട്ടുകാരായ അപരേഷ് ലാഹിരിയുടെയും ബൻസാരിയുടെയും മകനായ ബപ്പി മൂന്നാം വയസ്സിൽ തബല വായിച്ചാണ്
സംഗീതലോകത്തേയ്‌ക്കെത്തിയത്.മാതാപിതാക്കൾ തന്നെയായിരുന്നു ആദ്യ ഗുരുക്കന്മാർ. തുടർന്ന് സംഗീതം തന്നെയായിരുന്നു ബപ്പിയുടെ ജീവിതം.അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. 1985ലെ ഫിലിം ഫെയറിൽ 'ശരാബി' എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായാകാൻ ,ഡെർട്ടി പിക്ചർ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ 'ഉ ലാ ലാ' എന്ന ഗാനം 2012 ൽ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 63-ാമത് ഫിലിംഫെയർ അവാർഡുകളിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടി.
2006-ൽ ടാക്‌സി നമ്ബർ 9211 എന്ന ചിത്രത്തിനായി വിശാൽ ശേഖറിന് വേണ്ടി പാടിയ 'ബോംബൈ നഗരിയ' എന്ന ഗാനത്തിനും സംഗീത സംവിധാനം ചെയ്തു. തുടർന്ന്, മണിരത്നം ചിത്രമായ 'ഗുരു' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിനായി ശബ്ദം നൽകി. അതും സൂപ്പർഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. മുഹമ്മദ് റാഫിക്കും കിഷോർ കുമാറിനുമൊപ്പം ബപ്പി പ്രവർത്തിച്ചു. ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ തുടങ്ങിയ പ്രശസ്ത ഗായകർക്കൊപ്പവും അദ്ദേഹം പാടിയിട്ടുണ്ട്. 'ബപ്പി മാജിക് - ദി അസ്ലി ബാപ് മിക്‌സ്' എന്ന ആൽബം 2004ൽ പുറത്തിറങ്ങിയിരുന്നു. 2016-ന്റെ അവസാനത്തിൽ, ഡിസ്‌നിയുടെ 3ഡി കമ്ബ്യൂട്ടർ ആനിമേറ്റഡ് ചിത്രമായ മോവാനയുടെ ഹിന്ദി-ഡബ്ബ് ചെയ്ത പതിപ്പിൽ ബപ്പി ടമാറ്റോവ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരുന്നു. 'ഷൈനി' യുടെ ഹിന്ദി പതിപ്പായ 'ഷോന'യിൽ അദ്ദേഹം സംഗീതം ചെയ്യുകയും പാടുകയും ചെയ്തു.
ആസ്വാദകരെ ഒന്നാകെ താളം പിടിപ്പിച്ച് പാതിയിൽ മുറിഞ്ഞ ഈണമായി ബപ്പി ലഹിരി മടങ്ങുമ്ബോൾ മുഴങ്ങുന്നത് അദ്ദേഹത്തിന്റെ തന്നെ ഗാനമാണ്... കഭി അൽവിദ നാ കെഹന... കഭി അൽവിദ നാ കെഹന...