ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനോട്  യോജിപ്പില്ല: സംവിധായകൻ ഭദ്രൻ

Malayalilife
topbanner
 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനോട്  യോജിപ്പില്ല: സംവിധായകൻ ഭദ്രൻ

 ലയള സിനിമ മേഖലയിൽ കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുകയാണ്.  ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന വാര്‍ത്തയാണ് ഈ വിവാദങ്ങൾ സൃഷ്‌ടിച്ചത്‌. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനോട്  യോജിപ്പില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ  ഭദ്രന്‍. 

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. ഞാനതിനെ നൂറ് ശതമാനവും എതിര്‍ക്കുന്നു. ചെറിയ ബഡ്ജറ്റില്‍ ചെയ്യുന്ന സിനിമകള്‍ക്ക് അതൊരു സാധ്യതയായിരിക്കാം. പൂര്‍ത്തിയാക്കി വച്ചിരിക്കുന്നൊരു സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്നത്, അതിനു പണം മുടക്കിയവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. അവിടെ മാനുഷികമായി ചിന്തിച്ചാല്‍, അത്തരം സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യട്ടെ. പക്ഷേ, വന്‍ ബഡ്ജറ്റില്‍ ചെയ്യുന്ന സിനിമകള്‍ വലിയ സ്‌പെക്‌ട്രത്തില്‍ തന്നെ കാണണം. 25 വര്‍ഷങ്ങള്‍ക്കു മുമ്ബ് എത്രയോ തിയേറ്ററുകളില്‍ നൂറും നൂറ്റമ്ബതും ദിവസങ്ങള്‍ ഓടിയ സിനിമയാണ് സ്ഫടികം. ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ സിനിമ ടെലിവിഷനിലും മറ്റുമായി എത്രയോ തവണ കണ്ടു കഴിഞ്ഞു. സ്ഫടികം, അതിറങ്ങി കാല്‍ നൂറ്റാണ്ടിനിപ്പുറം എല്ലാ ശക്തിയോടും കൂടി 4 കെ-യില്‍ വീണ്ടും വരാന്‍ പോവുകയാണ്. ആ സിനിമ സ്‌ക്രീനില്‍ ഒരിക്കല്‍ കൂടി കാണണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്ര തവണ കണ്ടതാണെങ്കില്‍ പോലും വൈഡ് സ്‌ക്രീനില്‍ വരുമ്ബോള്‍, അതിന്റെ ലൈഫ് എന്നു പറയുന്നത് ഒന്നു വേറെ തന്നെയാണ്. അടുത്തിടയ്ക്ക് പ്രശസ്തനായൊരു ക്രിക്കറ്റ് താരം പറഞ്ഞതോര്‍ക്കുന്നു. അദ്ദേഹത്തോട് ചോദിച്ചു, കാണികള്‍ ഇല്ലാതെ കളി നടത്തിയിട്ട്, അതിന്റെ ജയപരാജയങ്ങളെക്കുറിച്ച്‌ മാത്രം അവരെ അറിയിച്ചാല്‍ പോരെയെന്ന്. കാണികള്‍ ഇല്ലാതെ കളി നടക്കും, ജയപരാജയങ്ങളും സംഭവിക്കും. പക്ഷേ, വലിയൊരു സ്റ്റേഡിയത്തിനകത്ത്, കാണികളെ ഉള്‍ക്കൊണ്ടു കൊണ്ട് ഒരു കളി നടക്കുമ്ബോള്‍ അതിനൊപ്പം നടക്കുന്നൊരു അണ്‍നോണ്‍ ഗെയിം ഉണ്ട്, അത് നഷ്ടപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുപോലെയാണ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒരു സിനിമ റിലീസ് ചെയ്യുമ്ബോള്‍, ആ സിനിമയുടെ മാഗ്നം ഓപ്പസ് നഷ്ടപ്പെടുകയാണ്.

ഒരിക്കല്‍ തിയേറ്ററില്‍ വന്നുപോയ സിനിമകളാണെങ്കില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കാണുന്നതില്‍ കുഴപ്പമുണ്ടാകില്ലായിരിക്കും. എത്രയോ കോടികള്‍ മുടക്കിയ ബോണ്ട് സിരീസിലെ പുതിയ സിനിമ റിലീസ് ചെയ്യാന്‍ അവര്‍ രണ്ടു വര്‍ഷം കാത്തിരിക്കാന്‍ പോവുകയാണ്. പ്രശസ്തരായ സംവിധായകന്മാരുടെ ആറോ ഏഴോ ചിത്രങ്ങളാണ് രണ്ടു വര്‍ഷത്തേക്ക് റിലീസ് മാറ്റിവച്ചിരിക്കുന്നത്. അതെന്തുകൊണ്ടാണ്? ബോണ്ട് സിനിമ അവര്‍ക്ക് വേണമെങ്കില്‍ നെറ്റ്ഫ്‌ളിക്‌സിലോ ആമസോണ്‍ പ്രൈമിലോ റിലീസ് ചെയ്യാമല്ലോ. അങ്ങനെ വന്നാല്‍ ആ സിനിമയ്ക്ക് എന്തെങ്കിലും ചാരുതയുണ്ടാകുമോ?

തിയേറ്ററില്‍ തന്നെ കാണേണ്ട ഒരു ആര്‍ട്ട്‌ഫോമാണ് സിനിമ. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എത്രകാലം കഴിഞ്ഞാലും അതിന്റെ പകിട്ട് പോകില്ല.

കുറച്ചു കാലങ്ങള്‍ക്കു മുമ്ബാണ് ഒരു സിനിമ എല്ലാ തിയേറ്ററുകളിലും റീലീസ് ചെയ്യാന്‍ പാടില്ലെന്നൊരു ആവശ്യം ഉയര്‍ന്നത്. വലിയ ചര്‍ച്ചയായി, വിവാദമായി. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. സര്‍ക്കാര്‍ കര്‍ശനമായി പറഞ്ഞത്, സിനിമ ആര്‍ക്ക് വേണമെങ്കിലും എവിടെ വേണമെങ്കിലും പ്രദര്‍ശിപ്പിക്കാമെന്നും അതില്‍ നിന്നും ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും അതൊക്കെ ഓരോരുത്തരുടെയും അവകാശമാണെന്നുമായിരുന്നു. അന്ന് താഴെക്കിടയിലുള്ള തിയേറ്റുകളെല്ലാം വലിയ പണം മുടക്കി വിപുലീകരിച്ചുകൊണ്ട് സിനിമകള്‍ സ്വീകരിക്കാന്‍ തയ്യാറാക്കി. അത്തരം തിയേറ്റുകള്‍ക്കൊന്നും സിനിമ കിട്ടാതെ വരുന്ന അവസ്ഥയാകില്ലേ ഓണ്‍ലൈന്‍ റിലീസിംഗ്?

നമ്മള്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് എന്തിനാണ്! സിനിമ കാണുകയെന്നത് മാത്രമല്ല ലക്ഷ്യം. നമ്മുടെ ജീവിതത്തിലെ ഒരു ഷെഡ്യൂള്‍ ആണ്. അതിനൊരു ടൈംടേബിള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആഴ്ച്ചയവസാനം, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണ്ടാത്ത ദിവസം എല്ലാവരും കൂടി പുറത്തു പോയി, സിനിമ കണ്ട്, ഭക്ഷണം കഴിച്ചൊക്കെ വരുന്നത് ഒരു വിനോദത്തിന്റെ ഭാഗമാണ്. നമ്മള്‍ മലയാളികള്‍ക്ക് ഇതല്ലാതെ വേറെന്താണ് വിനോദമായിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെപ്പോലെ പരിഷ്‌കാരങ്ങളൊന്നും ഇവിടെയില്ല. ഉള്ളത് നിലനില്‍ക്കണ്ടേ?

തത്കാലം തിയേറ്ററുകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. എന്നു തുറക്കുമെന്നും അറിയില്ല. സിനിമ മൊത്തത്തില്‍ അനിശ്ചിതത്വത്തിന്റെ കൂട്ടില്‍ കിടക്കുകയാണ്. തത്തയെ പിടിച്ച്‌ കൂട്ടിലിട്ടതുപോലെ. തത്തയ്ക്ക് ആഹാരം കൊടുക്കാനെങ്കിലും കൂട് തുറക്കും. അതുപോലുമില്ലാത്ത അവസ്ഥയിലാണ് സിനിമ.

എന്റെ അടുത്ത ചിത്രമായ 'ജൂതന്‍' ഈ മേയ് 26-ന് ഷൂട്ടിംഗ് ഷെഡ്യൂള്‍ ചെയ്തിരുന്നതാണ്. സ്ഫടികം സിനിമയ്ക്കായി ലക്ഷകണക്കിന് രൂപ ചെലവാക്കിയിട്ടിരിക്കുകയാണ്. എല്ലാവരും തന്നെ വിഷമഘട്ടത്തിലാണ്. ജൂതന്‍ ഞാന്‍ ഒരു സ്‌പെക്‌ട്രത്തില്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന സിനിമയാണ്. വളരെ ത്രില്ലോടെ,സ്പിരിറ്റോടെ എടുക്കേണ്ട സിനിമ. അതിനെ ഒരു ചെറിയ സ്‌ക്രീനിലേക്ക് പറഞ്ഞു വിടാന്‍ എനിക്കാകില്ല. ടെലിവിഷനില്‍ നിന്നും എനിക്ക് നിരവധി ഓഫറുകള്‍ വന്നിരുന്നു. ഞാനൊന്നിനും കൈകൊടുത്തില്ല. എനിക്കെന്തോ ചെറിയ സ്‌ക്രീനിലേക്ക് പോകാന്‍ കഴിയില്ല. വലിയ സ്‌പെക്‌ട്രത്തില്‍ നില്‍ക്കാനാണ് ആഗ്രഹം. അതുകൊണ്ട് ചെറിയ സ്‌ക്രീനിലേക്ക് ഒതുങ്ങാന്‍ കഴിയില്ല.

സ്ഫിടകം ഇറങ്ങിയിട്ട് 25 വര്‍ഷം കഴിയുന്നു. വളരെ സത്യസന്ധമായി പറയുകയാണ്, ഈ 25 വര്‍ഷത്തിനുള്ളില്‍ അതെത്ര തവണ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു, എന്നാല്‍ ഞാന്‍ ഇന്നേവരെ ആ സിനിമ ടി വി സ്‌ക്രീനില്‍ കണ്ടിട്ടില്ല. ഒരുപക്ഷേ സ്ഫടികം ടിവിയില്‍ കാണാത്ത ഒരു മലയാളി ഞാന്‍ ആയിരിക്കാം. ഞാന്‍ മന:പൂര്‍വം കാണാത്തതാണ്. അതോരോ തവണ ടിവിയില്‍ വരുമ്ബോഴും പലരും വിളിച്ചു പറയും, സ്ഫടികം ടിവിയിലുണ്ട്, കാണൂ എന്ന്. വീട്ടുകാരും പറയാറുണ്ട്. ഞാന്‍ കാണില്ല, അവിടെ നിന്നും ഒഴിഞ്ഞു മാറും. സ്ഫടികത്തിന്റെ മാഗ്നം ഓപസ് ഞാന്‍ വൈഡ് സ്‌ക്രീനില്‍ കണ്ടതാണ്. എനിക്കതൊരു ചെറിയ സ്‌ക്രീനില്‍ പറ്റില്ല. അതുകൊണ്ടാണ് കാണാത്തത്. വീണ്ടും തിയേറ്ററുകളില്‍ എത്തിക്കാന്‍ വേണ്ടിയുള്ള വര്‍ക്കുകള്‍ക്കിടയില്‍ ഞാനതിന്റെയൊരു മൂന്നു റീലുകള്‍ കണ്ടു. അതുണ്ടാക്കിയ അത്ഭുതം ഒന്നുവേറെയാണ്. മോഹന്‍ലാലിനെയും തിലകനെയുമൊക്കെ സ്‌ക്രീനില്‍ കാണുമ്ബോള്‍ നമുക്ക് കിട്ടുന്നൊരു ആനന്ദമുണ്ട്. അതൊരിക്കലും ചെറിയ സ്ക്രീനില്‍ കിട്ടില്ല. ഇനിയിപ്പോള്‍ വലിയ പണം മുടക്കിയൊരുക്കിയ ഹോം തിയേറ്ററില്‍ കണ്ടാല്‍ പോലും വെള്ളിത്തിരയില്‍ നിന്നും കിട്ടുന്ന സംതൃപ്തി കിട്ടില്ല. അതുകൊണ്ടാണ്, ഒരു ഫലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നത്, ഒരു സിനിമയുണ്ടാക്കി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.

Bhadran says he is not in favor of releasing the movie on online platforms

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES