3 മിനിറ്റിനുള്ളില്‍ 184 സെല്‍ഫികള്‍ എടുത്ത് ബോളിവുഡിലെ ജനപ്രിയ നടന്‍ അക്ഷയ് കുമാര്‍. ഇതോടെ ഗിന്നസ് ബുക്കില്‍ നടന്‍ ഇടം നേടി.തന്റെ വരാനിരിക്കുന്ന ചിത്രമായ 'സെല്‍ഫി'യുടെ പ്രചരണാര്‍ത്ഥം മുംബൈയില്‍ നടന്ന ഒരു പരിപാടിയിലാണ് മൂന്ന് മിനിറ്റിനുളളില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഈ റെക്കോര്‍ഡ് തകര്‍ത്തതിലും ഈ നിമിഷം എന്റെ ആരാധകരുമായി പങ്കിടുന്നതിലും ഞാന്‍ ആഹ്ലാദിക്കുന്നു. ഞാന്‍ ഇതുവരെ നേടിയതും എന്റെ ജീവിതത്തിന്റെ ഈ നിമിഷത്തില്‍ ഞാന്‍ എവിടെയാണെന്നും എന്റെ ആരാധകരുടെ നിരുപാധികമായ സ്നേഹവും പിന്തുണയും കാരണമാണ്''. അക്ഷയ് കുമാര്‍ പറഞ്ഞു.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ' ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് ആണ് ' സെല്‍ഫി'. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. രാജ് മേഹ്ത്ത സംവിധാനം ചെയ്ത് റിഷഭ് ശര്‍മ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ എത്തും.
ജെയിംസ് സ്മിത്ത് (യുഎസ്എ) 2018 ജനുവരി 22ന് കാര്‍ണിവല്‍ ഡ്രീം ക്രൂയിസ് കപ്പലില്‍ മൂന്ന് മിനിറ്റിനുള്ളില്‍ 168 സെല്‍ഫികള്‍ എടുത്തത ലോക റെക്കോര്‍ഡ് ആണ് അക്ഷയ് കുമാര്‍ തകര്‍ത്തത് . നേരത്തെ 2015ല്‍ ലണ്ടനിലെ സാന്‍ ആന്‍ഡ്രിയാസ് പ്രീമിയറില്‍ മൂന്ന് മിനിറ്റിനുള്ളില്‍ 105 സെല്‍ഫികള്‍ എടുത്ത് ആഗോള ഐക്കണും ഹോളിവുഡ് നടനുമായ ഡ്വെയ്ന്‍ ജോണ്‍സണ്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.