Latest News

ഉയരക്കുറവിലൂടെ കണ്ടുമുട്ടി; പ്രണയിച്ചു; വീട്ടുകാര്‍ എതിര്‍ത്തു; അഞ്ചു വര്‍ഷത്തെ കാത്തിരിപ്പ്; മഞ്ജുവിന് കൂട്ടായി വിനു രാജ് എത്തിയ കഥ

Malayalilife
ഉയരക്കുറവിലൂടെ കണ്ടുമുട്ടി; പ്രണയിച്ചു; വീട്ടുകാര്‍ എതിര്‍ത്തു; അഞ്ചു വര്‍ഷത്തെ കാത്തിരിപ്പ്; മഞ്ജുവിന് കൂട്ടായി വിനു രാജ് എത്തിയ കഥ

തൃശൂര്‍ മുണ്ടൂര്‍ സ്വദേശിനി മഞ്ജുവിന് ഉയരം കുറവാണ്. അതുകൊണ്ടു തന്നെ അതിന്റേതായ ബുദ്ധിമുട്ടുകളും അവള്‍ ജീവിതത്തില്‍ നേരിട്ടുണ്ട്. എങ്കിലും മഞ്ജു തളരാതെ പോരാടി. ഉയരമുള്ള ഏതു മനുഷ്യനും ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അവള്‍ ചെയ്യുകയും നേടുകയും ചെയ്തു. മഞ്ജു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ മരിച്ചു. ഇതോടെ തീരെ ചെറുതായിരുന്ന അനിയത്തിക്ക് അമ്മയായി മാറുകയായിരുന്നു മഞ്ജു. അനിയത്തിയെ കൂടാതെ, അച്ഛനും സഹോദരനും ഉണ്ടായിരുന്നു. അവര്‍ക്ക് താങ്ങായും തണലായും മഞ്ജു നിന്നു. ഇതിനിടയില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. പാരാലിംപിക്‌സില്‍ പങ്കെടുത്തു. സിനിമയില്‍ അഭിനയിച്ചു. പല ജോലികള്‍ ചെയ്തു. ശരീരം കൊണ്ട് പരിമിതികള്‍ ഉണ്ടെങ്കിലും ആത്മവിശ്വാസം കൊണ്ട് ജീവിതം വെട്ടിപ്പിടിച്ചു.

കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനും എതിര്‍പ്പുകള്‍ക്കും ശേഷം കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജ് ആണ് മഞ്ജുവിനെ താലി ചാര്‍ത്തി സ്വന്തമാക്കിയത്. ആ പ്രണയകഥ ഇങ്ങനെയാണ്:

മഞ്ജു ടൈപ്പ്‌റൈറ്റിങ് പഠിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ വിനുവിന്റെ സുഹൃത്താണ്. വിനുവിന് ഉയരം കുറവായതിനാല്‍ ഉയരം കുറവുള്ള പെണ്ണിനെ വിവാഹം കഴിക്കാന്‍ ആയിരുന്നു ആഗ്രഹം. അങ്ങനെ ആരെയെങ്കിലും ഉണ്ടായാല്‍ വിവാഹം ആലോചിക്കാന്‍ അധ്യാപകനായ സുഹൃത്തിനോട് പറഞ്ഞിരുന്നു. അങ്ങനെയാണ് മഞ്ജുവിന്റെ നമ്പര്‍ കൊടുക്കുന്നതും ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. എന്നാല്‍ വിനുവിന്റെ കുടുംബം മഞ്ജു ഇത്ര ഉയരം കുറഞ്ഞ ആളാകുമെന്ന് കരുതിയില്ല. ഇക്കാര്യം മനസ്സിലാക്കിയതോടെ വിവാഹം നടക്കില്ലെന്നു വീട്ടുകാര്‍ തീര്‍ത്തു പറഞ്ഞു.

ഇത് മഞ്ജുവിനെ അറിയിക്കാന്‍ വിനു നേരിട്ടു വന്നപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്നും ഇതിവിടെ അവസാനിപ്പിക്കാം എന്നും മഞ്ജുവിനോടു പറഞ്ഞു. അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ വിനുവിന്റെ മെസേജ് വന്നു. എനിക്ക് നിന്നെ ഇഷ്ടമാണ്. ഇനി വേറെ ആരെയും ഞാന്‍ നോക്കുന്നില്ല. കല്യാണം കഴിക്കുകയാണെങ്കില്‍ നിന്നെ മാത്രമായിരിക്കും എന്നായിരുന്നു അത്.

പരിചയപ്പെടുകയും ആ വ്യക്തിത്വം മനസ്സിലാക്കുകയും ചെയ്തപ്പോഴാണ് മഞ്ജുവിനെ കൂടുതല്‍ ഇഷ്ടമായതെന്ന് വിനു പറയുന്നു. പല കാരണങ്ങളാല്‍ രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഉയരക്കുറവും മറ്റുമായിരുന്നു പ്രശ്‌നം. അനിയന്റെ വിവാഹം കഴിയുമ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല.

നേരത്തെ ഉയരം കുറഞ്ഞവരുടെ വിവാഹാലോചനകള്‍ വന്നിരുന്നുവെങ്കിലും ഒന്നും നടന്നില്ല. അപ്പോഴാണ് വിനുവിനെ പരിചയപ്പെടുന്നത്. തന്റെ ഉയരക്കുറവോ സാമ്പത്തിക സ്ഥിതിയോ ഒന്നും വിനുവിന് പ്രശ്‌നമായിരുന്നില്ല. തമ്മില്‍ ഒരുപാട് മനസിലാക്കുകയും അറിയുകയും ചെയ്തു. അഞ്ചു വര്‍ഷത്തോളം കാത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് മാറില്ലെന്നു മനസ്സിലായതോടെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും.

അങ്ങനെ ജൂലൈ ഒന്നിന്, പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍വച്ച് മുണ്ടൂര്‍ നൊച്ചിപുള്ളി പുത്തന്‍പുരയ്ക്കല്‍ രാഘവന്റെ മകള്‍ മഞ്ജുവിന് കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജ് താലി ചാര്‍ത്തി. 2018ല്‍ പുറത്തിറങ്ങിയ സൂരജ് എസ്. കുറുപ്പ് സംവിധാനം ചെയ്ത മൂന്നര എന്ന സിനിമയിലെ നായിക കഥാപാത്രമായാണ് തൃശൂരുകാരി മഞ്ജു മലയാളികള്‍ക്കിടയിലേക്ക് എത്തിയത്. ഇതു മാത്രമല്ല, പൊക്കമില്ലാത്തവര്‍ അഭിനേതാക്കളായ ഒട്ടേറെ സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്നു തമിഴ്, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിലും ആല്‍ബങ്ങളിലും അഭിനയിച്ചു. മോഹിനിയാട്ടം, ഭരതനാട്യം നര്‍ത്തകി കൂടിയായ മഞ്ജു ഒട്ടേറെ സ്റ്റേജ് ഷോകളിലും പങ്കെടുത്തു.

സിനിമാ താരം മാത്രമല്ല പാരാലിംപിക്‌സ് ദേശീയ മെഡല്‍ ജേതാവു കൂടിയാണ്. ഷോട്പുട്, ബാഡ്മിന്റന്‍, ലോങ്ജംപ് മത്സരങ്ങളില്‍ കേരളത്തിനായി 3 സ്വര്‍ണവും രാജ്യത്തിനായി വെള്ളിയും നേടി. ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ ഹിസ്റ്ററിയില്‍ ബിരുദവും കംപ്യൂട്ടര്‍ കോഴ്‌സില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലുള്ള കുടുംബത്തെ കരകയറ്റാന്‍ ഇപ്പോഴും സ്വപ്‌നങ്ങളുമായാണ് മഞ്ജുവിന്റെ യാത്ര. ഇനി അതിനെല്ലാം കൂട്ടായി വിനും ഉണ്ടെന്ന ധൈര്യത്തിലാണ് മഞ്ജു ഇപ്പോള്‍.

Read more topics: # Actress manju ,# real love story
Actress manju real love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES