മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുധാചന്ദ്രന്‍. ചുരുക്കം ചില മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു അഭിനേത്രിയാണ്. ഒരു അപകടത്തില്‍ പെട്ട് കാലുകള്‍ മുറിച്ചു മാറ്റിയിട്ടും തളരാതെ പൊയ്ക്കാലുകളില്‍ നൃത്തം ചെയ്ത് എല്ലാവരെയും ഞെട്ടിച്ച ആളാണ് സുധാചന്ദ്രന്‍. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തവും ദുരന്തത്തില്‍ നിന്നും താന്‍ കരകയറിയത് എങ്ങെയെന്നും സുധ തുറന്നുപറഞ്ഞിരിക്കയാണ്.
ഇരിങ്ങാലക്കുടയിലെ കെ.ഡി. ചന്ദ്രന്റെയും പാലക്കാട് കുഴല്‍മന്ദം സ്വദേശി തങ്കത്തിന്റെയും മകളാണ് സുധ ചന്ദ്രന്‍. മൂന്നാം വയസ്സ് മുതല്‍ നൃത്തം പഠിച്ചുതുടങ്ങിയ ആളായിരുന്നു സുധ ചന്ദ്രന്‍. ഏഴാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച സുധ പിന്നീട് നിരവധി വേദികളില്‍ നൃത്തമാടി. എങ്കിലും നൃത്തം സുധയ്ക്ക് വലിയ ലഹരിയൊന്നും അല്ലായിരുന്നു. എന്നാല്‍ തന്റെ 16ാം വയസില്‍ സംഭവിച്ച അപകടം ചിന്താഗതികളെ തന്നെ മാറ്റിയെന്നാണ് സുധ പറയുന്നത്. 1981ല്‍ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ കുടുംബസമേതം പോയി മടങ്ങുമ്പോഴാണ് സുധയ്ക്കും കുടുംബത്തിനും ബസ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിസാരപരിക്കുകള്‍ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥ കാരണമാണ് സുധയ്ക്ക് കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെ സുധയുടെ വലതുകാല്‍ മുറിച്ചു മാറ്റി.
നൃത്തം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പഠിച്ചു വേറെ ജോലി നോക്കിക്കൂടെ എന്നാണ് സുധയോട് ഡോക്ടര്‍ ചോദിച്ചത്. എന്നാല്‍ അപ്പോഴാണ് നൃത്തം എത്ര മാത്രം വിലപ്പെട്ടതാണെന്ന് സുധയ്ക്ക്് മനസ്സിലായത്. പിന്നീട് നൃത്തം ചെയ്യാന്‍ തനിക്ക് ഒരേ ഒരു അവസരം നല്‍കണമെന്നാണ് സുധ ദൈവത്തോട് പ്രാര്‍ഥിച്ചത്. ആറു മാസം ആശുപത്രിയില്‍ തന്നെ സുധയ്ക്ക് കിടക്കേണ്ടിവന്നു. ഇതിനിടയിലാണ് ഡോ. സേഥിയെക്കുറിച്ചും അദ്ദേഹത്തിന്റെ ജയ്പൂര്‍ കാലുകളെക്കുറിച്ച് സുധ അറിയുന്നത്. തുടര്‍ന്ന് സുധ ഡോക്ടര്‍ സേഥിയെ കാണാനെത്തി.തനിക്ക് ഈ കാലുകള്‍ വച്ച് നൃത്തം ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു സുധയ്ക്ക് അറിയേണ്ടിയിരുന്നത്. സാധിക്കുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.പിന്നീട് സുധയ്ക്ക് അതിജീവനത്തിന്റെ നാളുകളായിരുന്നു. നിറഞ്ഞ സദസ്സിനു മുന്‍പില്‍ നൃത്തംചെയ്യുന്ന സുധാ ചന്ദ്രനെ സ്വപ്‌നം കണ്ടായിരുന്നു പിന്നീട് ജിവിതം മുഴുവന്‍.
കൃത്രിമക്കാലില്‍ ഒരോ ചുവടുവയ്ക്കുമ്പോഴും കടുത്ത വേദന ഉണ്ടായിരുന്നു. ചോര ഒഴുകാന്‍ തുടങ്ങി. എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. അങ്ങനെ രണ്ടര വര്‍ഷത്തെ അധ്വാനത്തിന് ശേഷം സുധ വീണ്ടും വേദിയില്‍ നൃത്തം ചെയ്തു. അതും മൂന്നു മണിക്കൂര്‍. കൃത്രിമക്കാലില്‍ നൃത്തം പഠിക്കുന്ന സമയത്ത് പലരും സുധയോട് എന്തിനാ വെറുതെ വേദന സഹിക്കുന്നതെന്നെന്നും നൃത്തമൊന്നും ഇനി വേണ്ടായെന്ന്. പറഞ്ഞിരുന്നു. പക്ഷേ സുധയുടെ മനസില്‍ നൃത്തം മാത്രമായിരുന്നു. പിന്നെ എന്റെ സ്വപ്നം എന്തു വിലകൊടുത്തും നേടണമെന്ന ആഗ്രഹവും' ഒടുവില്‍ ആ ആഗ്രഹം തന്നെ സുധയെ സിനിമയിലേക്കും എത്തിച്ചു. മയൂരി എന്ന ആത്മകഥാംശമുള്ള തെലുങ്ക് സിനിമയിലാണ് സുധ ആദ്യം അഭിനയിച്ചത്. പിന്നീട് അത് വിവിധ ഭാഷകളിലേക്കും മൊഴി മാറിയെത്തി. പിന്നീട് വിവിധ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ സുധ വേഷമിട്ടു. നാഗകന്യക ഉള്‍പെടെ ഹിറ്റ് സീരിയലുകളിലും സുധ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. ചെറിയ നഷ്ടങ്ങളുടെ പേരില്‍ ജീവിതം കഴിക്കുന്നവര്‍ക്ക് സുധയുടെ ജീവിതം എന്നും ഒരു പാഠമാണ്.