യുവ നടന്‍ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നിറയുന്നത് നടന്റെ അഹങ്കാരത്തിന്റെ സാക്ഷ്യപത്രം. സംഭവത്തില്‍ കേസെടുത്ത് മരട് പൊലീസ് നടപടികള്‍ തുടങ്ങി. അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് നടനെ ജയിലില്‍ അടയ്‌ക്കേണ്ട വിധമാണ് കാര്യങ്ങളെന്നാണ് പരാതി പറയുന്നത്.
കഞ്ചാവും മയക്കുമരുന്നിനും അടിമയാണ് പല ന്യൂജെന്‍ സിനിമാക്കാരുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയോട് വിനായകന്‍ ചീത്ത വിളിച്ചതും പൊതു സമൂഹം ചര്‍ച്ചയാക്കി. ഇത്തരം പരാതികളില്‍ ഒന്നും മതിയായ നടപടികള്‍ പൊലീസ് നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ സീമയും ലംഘിക്കുന്ന ചീത്തവിളിയാണ് ശ്രീനാഥ് ഭാസി നടത്തുന്നത്. അതിശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ ഇനിയും മാധ്യമ പ്രവര്‍ത്തകരോട് ഇത്തരത്തില്‍ പെരുമാറുന്ന യുവ നടന്മാരുടെ എണ്ണം കൂടും.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചട്ടമ്ബി സിനിമയുടെ പ്രമോഷനാണ് വിവാദത്തിലേക്ക് മാരുന്നത്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്ബിയുടെ കഥയാണ് പറയുന്നത്. ചെമ്ബന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്‌സ് ജോസഫ് ആണ്. ഇത്തരമൊരു സിനിമയുടെ പ്രമോഷനാണ് വിവാദത്തില്‍ പെടുന്നത്. പുറത്തു പറയാന്‍ പാറ്റാത്ത വാക്കുകളാണ് തെറിയായി വിളിച്ചത്.
മാധ്യമ പ്രവര്‍ത്തകയെ അഭിമുഖത്തിനിടെ എല്ലാ അര്‍ത്ഥത്തിലും അപമാനിക്കുകയായിരുന്നു ശ്രീനാഥ് ഭാസി. തെറി അഭിഷേകവും ഭിഷണിയും നടന്നു. പറയാന്‍ പാടില്ലാത്ത രീതിയിലുള്ള അസഭ്യമാണ് പറഞ്ഞത് എന്നാണ് പരാതിക്കാരി മറുനാടനോട് പ്രതികരിച്ചത്. 'ചട്ടമ്ബി' സിനിമയുടെ പ്രെമോഷന്റെ ഭാഗമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയതെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ പറയുന്നു.
ഈ സംഭവം ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാല്‍ എന്നേയും എന്റെ മെമ്ബേഴ്സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തില്‍ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാന്‍ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാന്‍ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്നത്തിന് ഒരു തീര്‍പ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
ബുധനാഴ്ചയാണ് സംഭവം. ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് അഭിമുഖം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അഭിമുഖം തുടങ്ങിയത്. ചിത്രത്തിന്റെ പ്രെമോഷന്‍ അഭിമുഖമായിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പേരായ 'ചട്ടമ്ബി'ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഇത് ചിത്രത്തിന്റെ പിആര്‍ഒ ആതിരയേയും ശ്രീനാഥ് ഭാസിയേയും അറിയിച്ചിരുന്നു. എന്നിട്ടും അപ്രകാരമുള്ള ആദ്യ ചോദ്യത്തിനും വ്യക്തമായ ഉത്തരം തന്നില്ല. രണ്ടാമത്ത് ചോദ്യം വീട്ടിലാരാണ് ചട്ടമ്ബി എന്നതായിരുന്നു. ഇതിന് പ്ലാസ്റ്റിക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകില്ലെന്ന് പറഞ്ഞ് അഭിമുഖത്തിന് ഇരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. അടുത്ത ചോദ്യത്തോടെ ചീത്ത വിളിയുമായി ആക്രോശിച്ചു. അതിന് ശേഷം ക്യമാറ നിര്‍ബന്ധ പൂര്‍വ്വം ഓഫാക്കി. പിന്നെ തെറിവിളിയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.
ഇതിനിടെ സിനിമയുടെ പ്രൊഡ്യൂസര്‍ ഇടപെട്ടു. അഭിമുഖമാണെന്ന് നടനോട് പറഞ്ഞു. അതിന് നിര്‍മ്മാതാവിനേയും ശ്രീനാഥ് ഭാസി തെറിവിളിച്ചുവെന്നും പരാതിയില്‍ പറയുന്നു. തെറി കേട്ട് അപമാനം സഹിക്കാന്‍ കഴിയാതെയാണ് ഹോട്ടല്‍ വിട്ടതെന്നും പരാതിയില്‍ പറയുന്നു. ശ്രീനാഥ് ഭാസി ആദ്യമായി സോളോ ഹീറോ പരിവേഷത്തില്‍ എത്തുന്ന ചിത്രമാണ് ചട്ടമ്ബി. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്ബിയിലെ നായകന്‍ എന്നാണ് അണിയറക്കാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഭാസിയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സിനിമയുടെ പ്രെമോഷനെതിരായണ് പരാതി.
1990കളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ മലയോര ഗ്രാമത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചട്ടമ്ബിയുടെ കഥ വികസിക്കുന്നത്. കൂട്ടാര്‍ എന്ന ഗ്രാമത്തിലെ എല്ലാവരും ഭയക്കുന്ന ചട്ടമ്ബിയാണ് താഴേതില്‍ അവിര മകന്‍ സക്കറിയ എന്ന കറിയ. മുട്ടാറ്റില്‍ ജോണ്‍ എന്ന ആ നാട്ടിലെ പണക്കാരന്റെ വലംകൈയാണ് കറിയ.