നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരമാണ് അനൂപ് മേനോന്‍. വളരെ സലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. തന്റെ 36-ാം വയസിലാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. 2014 ഡിസംബര്‍ 27ന് അനൂപിന്റെ വീട്ടില്‍ വച്ചു നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്. ക്ഷേമ അലക്സാണ്ടര്‍ എന്ന ക്രിസ്ത്യന്‍ യുവതിയാണ് അനൂപിന്റെ ജീവിതത്തിലേക്ക് എത്തിയത്.
ഒരു മേക്കപ്പ് പോലും ഇട്ടില്ലെങ്കിലും അതിസുന്ദരിയായ യുവതിയായിരുന്നു ക്ഷേമ. വിവാഹവാര്‍ത്തയ്ക്കു പിന്നാലെ ആരാണ് ഈ ക്ഷേമ എന്ന അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. താന്‍ ക്ഷേമ അലക്സാണ്ടര്‍ എന്ന തന്റെ ദീര്‍ഘകാല സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന വിവരം മാത്രമേ അനൂപ് മേനോനും നല്‍കിയുള്ളൂ. പക്ഷെ തിരക്കിയിറങ്ങിയ മാധ്യമങ്ങള്‍ ക്ഷേമ നേരത്തെ ഒരു വിവാഹം ചെയ്തതാണെന്നും ഭര്‍ത്താവ് മരിച്ചതാണെന്നുമൊക്കെ കണ്ടെത്തി.
എന്നാല്‍ പിന്നീട് അനൂപ് മേനോന്‍ എന്തിനാണ് ഒരു വിധവയെ വിവാഹം ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്നാണ് തന്റെ ഭാര്യയെ കുറിച്ച് അനൂപ് മേനോന്‍ തന്നെ തുറന്നു പറഞ്ഞത്. പത്തനാപുരത്തെ പ്രിന്‍സ് അലക്‌സാണ്ടര്‍ എന്ന ഒരു വലിയ പ്ലാന്ററുടെ മകളാണ് ക്ഷേമ. അദ്ദേഹത്തെ നാട്ടിലെല്ലാവരും അറിയും. അനൂപ് മേനോനും ക്ഷേമയും തമ്മില്‍ അഞ്ച് വര്‍ഷമായി സുഹൃത്തുക്കളായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. ഒരു ദിവസം കണ്ടപ്പോഴാണ് ക്ഷേമ ചോദിച്ചത് നമുക്ക് വിവാഹം കഴിച്ചൂടെ എന്ന്. അനൂപ് അത് സമ്മതിക്കുകയും ചെയ്തു. അവള്‍ ഒരുപാട് ദുഖിച്ചവളാണ്. ദുരന്തങ്ങളെയെല്ലാം മനോധൈര്യം വിടാതെ നേരിട്ടവളാണ്. ആ ബോള്‍ഡ്നസ്സ്, പോസ്റ്റീവ് എനര്‍ജിയാണ് തനിക്കിഷ്ടപ്പെട്ടതെന്ന് അനൂപ് തുറന്നു പറഞ്ഞിരുന്നു.
ക്ഷേമ നേരത്തെ ഒരു കല്യാണം കഴിച്ചതാണ്. ഭര്‍ത്താവ് റെനി മരിച്ചു പോയി. 24 വയസുള്ള ഒരു മകളുണ്ട്. ക്ഷേമയുടെ അമ്മ ലില്ലി ഒരു ക്യാന്‍സര്‍ രോഗിയായിരുന്നു. മൂന്ന് വര്‍ഷം ക്ഷേമയാണ് അവരെ ശുശ്രൂഷിച്ചത്. അത് കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മരണം. 2006ലാണ് ഹാര്‍ട്ട് അറ്റാക്ക് മൂലം ഭര്‍ത്താവ് മരിച്ചത്. അതിനെയൊക്കെ ധൈര്യപൂര്‍വ്വം നേരിട്ട ക്ഷേമയെ ജീവിതത്തിലേക്ക് കൂടെ കൂട്ടാന്‍ അനൂപ് ആഗ്രഹിച്ചതില്‍ ഒരു തെറ്റുമില്ല. ഞാന്‍ ആഗ്രഹിച്ചതിലേറെ ജീവിതത്തില്‍ നേടിയവനാണ്. വരുമാനവുമുണ്ട്. ജീവിത സാഹചര്യങ്ങളെ യുക്തിപൂര്‍വ്വം നേരിടുന്നവരെയാണ് എനിക്കിഷ്ടം. ക്ഷേമയുടെ ആ സ്വഭാവമാണ് എന്നെ അവളുടെ സുഹൃത്താക്കിയത്. ഇതിലൊരു പൈങ്കിളി കഥയുടെ ത്രഡ്ഡില്ലെന്ന് അനൂപ് പറയുന്നു.
ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. അപ്പോഴും സന്തോഷത്തോടെ ഭാര്യയ്‌ക്കൊപ്പം ജീവിക്കുകയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ അനൂപ് മേനോന്‍. പറമ്പത്ത് ഗംഗാധരന്‍ നായരുടേയും ഇന്ദിര മേനോന്റെയും മകനാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്താണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജില്‍ നിയമപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ദുബായില്‍ ലോ സ്‌കൂളില്‍ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവില്‍ സൂര്യാ ടി.വി., കൈരളി എന്നിവയില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു.
തുടര്‍ന്ന് സീരിയലുകളിലൂടയാണ് അഭിനയ രംഗത്തക്ക് പ്രവേശിച്ചത്. നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അനൂപ് മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകല്‍ നക്ഷത്രങ്ങള്‍, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.