Latest News

നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ സഞ്ജയ് ദത്തിന്റെ കരണത്ത് അടിച്ചു; തെറ്റുപറ്റിയെന്ന് പറഞ്ഞ് കാലില്‍ വീണ് വാവിട്ട് കരഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ഐ.പി.എസ്. ഓഫീസര്‍;  ഇരുണ്ട നാളുകളെക്കുറിച്ച് പറഞ്ഞ് സഞ്ജയ് ദത്ത്

Malayalilife
 നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ സഞ്ജയ് ദത്തിന്റെ കരണത്ത് അടിച്ചു; തെറ്റുപറ്റിയെന്ന് പറഞ്ഞ് കാലില്‍ വീണ് വാവിട്ട് കരഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ഐ.പി.എസ്. ഓഫീസര്‍;  ഇരുണ്ട നാളുകളെക്കുറിച്ച് പറഞ്ഞ് സഞ്ജയ് ദത്ത്

1993-ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നടന്‍ സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്ത ശേഷമുള്ള നാടകീയ രംഗങ്ങള്‍ വെളിപ്പെടുത്തി മുന്‍ ഐ.പി.എസ്. ഓഫീസറും മുംബൈ പോലീസ് കമ്മീഷണറുമായിരുന്ന രാകേഷ് മരിയ. അറസ്റ്റിന് പിന്നാലെ സഞ്ജയ് ദത്ത് പിതാവും നടനും രാഷ്ട്രീയ നേതാവുമായിരുന്ന സുനില്‍ ദത്തിന്റെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരഞ്ഞെന്നും, എനിക്ക് തെറ്റിപ്പോയി എന്ന് ഏറ്റുപറഞ്ഞെന്നും രാകേഷ് മരിയ ഓര്‍ത്തെടുത്തു. 

ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ്, ആ കേസിന്റെ അന്വേഷണത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വൈകാരിക നിമിഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. 1993-ലെ സ്‌ഫോടനത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കൈവശം വെച്ച കേസില്‍ സഞ്ജയ് ദത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെക്കുറിച്ചും രാകേഷ് മരിയ വെളിപ്പെടുത്തി. കേസില്‍ ഉള്‍പ്പെട്ട ഹനീഫ് കഡാവാല, സമീര്‍ ഹിംഗോര എന്നിവര്‍ വലിയ ആളുകളെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് തന്നോട് ചോദിച്ചപ്പോഴാണ് സഞ്ജയ് ദത്തിന്റെ പേര് ആദ്യമായി ഉയര്‍ന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മൗറീഷ്യസിലെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജയ് ദത്തിനെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ, താന്‍ നിരപരാധിയാണെന്ന് സഞ്ജയ് ആവര്‍ത്തിച്ചപ്പോള്‍, തനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ലെന്ന് മരിയ പറയുന്നു. 'രാവിലെ 8 മണിക്ക് ഞാന്‍ റൂമില്‍ കയറി. 'നിന്റെ കഥ നീ പറയുന്നോ, അതോ ഞാന്‍ പറയണോ?' എന്ന് ഞാന്‍ ചോദിച്ചു. നിരപരാധിയാണെന്ന് അവന്‍ വീണ്ടും പറഞ്ഞു. ഞാന്‍ നടന്ന് അവന്റെ അടുത്തെത്തി. അന്ന് അവന് നീണ്ട മുടിയുണ്ടായിരുന്നു.

ഞാന്‍ ഏഴുന്നേറ്റ് ചെന്ന് അവന്റെ കരണത്ത് അടിച്ചു, അവന്‍ കസേരയില്‍ അല്‍പം പിന്നോട്ട് മറിഞ്ഞു. ഞാന്‍ അവന്റെ മുടിയില്‍ പിടിച്ചുവലിച്ച് എഴുന്നേല്‍പ്പിച്ചു. 'മര്യാദയ്ക്ക് സംസാരിക്കാന്‍ ഉദ്ദേശമുണ്ടോ?' എന്ന് ചോദിച്ചു. അതോടെ അവന്‍ തനിച്ചു സംസാരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാം ഏറ്റുപറഞ്ഞു. 'എനിക്ക് തെറ്റിപ്പോയി, ദയവായി അച്ഛനോട് പറയരുത്' എന്ന് അവന്‍ എന്നോട് അപേക്ഷിച്ചു,' രാകേഷ് മരിയ ഓര്‍ത്തെടുത്തു. ആ ദിവസം വൈകുന്നേരം സുനില്‍ ദത്ത്, രാകേഷ് മരിയയെ കാണാന്‍ വന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ മഹേഷ് ഭട്ട്, രാജ് കപൂര്‍, യാഷ് ജോഹര്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 

പുതുച്ചിറ തന്റെ മകന്‍ നിരപരാധിയാണെന്ന് സുനില്‍ ദത്ത് ആവര്‍ത്തിച്ചു. തുടര്‍ന്ന്, സഞ്ജയ് ദത്തിനെ മുറിയിലേക്ക് കൊണ്ടുവന്ന നിമിഷം രാകേഷ് മരിയ വിവരിച്ചു: 'സഞ്ജയ് ദത്ത് മുറിയില്‍ കയറിയതും അച്ഛനെ കണ്ടതും കുട്ടിയെപ്പോലെ അലറിക്കരഞ്ഞു, നേരെ പോയി സുനില്‍ ദത്തിന്റെ കാല്‍ക്കല്‍ വീണ് 'അച്ഛാ, എനിക്ക് തെറ്റിപ്പോയി' എന്ന് പറഞ്ഞു. ഒരു അച്ഛനും ഈ അവസ്ഥ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സുനില്‍ ജിയുടെ മുഖം വിളറിപ്പോയി.' നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷം 2016-ല്‍ സഞ്ജയ് ദത്ത് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. 

ബോളിവുഡിലെ ഐക്കോണിക് താരങ്ങളായ സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകനാണ് സഞ്ജയ് ദത്ത്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകന്റെ ജീവിതം പക്ഷെ എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സഞ്ജയ് ദത്ത് ഒരുകാലത്ത് കടുത്ത മയക്കുമരുന്ന് അടിമയായിരുന്നു. തന്റെ ഭൂതകാലത്തെക്കുറിച്ച് ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ സഞ്ജയ് ദത്ത് തന്നെ തുറന്ന് പറയുകയുണ്ടായി

കരിയറും ജീവിതവും ജീവനുമെല്ലാം നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗം നിര്‍ത്താന്‍ തീരുമാനിക്കുന്നത്. എന്നാല്‍ അതൊട്ടും എളുപ്പമായിരുന്നില്ല. രണ്ട് വര്‍ഷക്കാലം അമേരിക്കയിലെ റിഹാബിയില്‍ കഴിയേണ്ടി വന്നു അദ്ദേഹത്തിന്. അന്ന് മകനെ വിധിക്കലുകള്‍ക്ക് വിട്ടുകൊടുക്കാതെ സുനില്‍ ദത്ത് കൂടെ നിന്നു.


''ഞാന്‍ തന്നെയായിരുന്നു ടേണിങ് പോയന്റ്. ഒരു ദിവസം രാവിലെ എഴുന്നേറ്റ ഞാന്‍ ബാത്ത് റൂമിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ട മുഖം ഭയപ്പെടുത്തുന്നതായിരുന്നു. ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് കാണാമായിരുന്നു. എന്റെ മുഖം മാറിപ്പോയിരുന്നു. എനിക്ക് ഭയമായി. ഞാന്‍ അച്ഛനോട് സഹായം തേടി. അദ്ദേഹം എന്റെ കൂടെ നിന്നു, സഹായിച്ചു. എന്നെ അമേരിക്കയിലെ റീഹാബിലേക്ക് അയച്ചു. വളരെ കുറച്ച് ഭാഗ്യവാന്മാര്‍ക്ക് മാത്രം സാധിക്കുന്നതായിരുന്നു അത്. രണ്ട് വര്‍ഷം ഞാന്‍ അവിടെ റീഹാബിലായിരുന്നു'' സഞ്ജയ് ദത്ത് പറയുന്നു.

''ആ രണ്ട് വര്‍ഷക്കാലം, ഞാന്‍ കൗണ്‍സിലര്‍മാരുമായി സംസാരിച്ചു. തടാകത്തില്‍ പോയി. ബാര്‍ബിക്യു പാര്‍ട്ടികളില്‍ പങ്കെടുത്തു. ആളുകളുമായി സംസാരിക്കുന്നത് കൂടി. സിനിമയെക്കുറിച്ച് സംസാരിച്ചു. മറ്റ് പലതിനെ കുറിച്ചും സംസാരിക്കാന്‍ തുടങ്ങി. ഇത്രയും വര്‍ഷം ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോ എന്ന് ചിന്തിച്ചു. മനോഹരമായ ഈ തടാകം കാണുന്നതിന് പകരം, മാരത്തോണ്‍ ഓടുന്നതിന് പകരം, ബൈക്ക് റൈഡ് പോകുന്നതിന് പകരം ഇത്രയും കാലം വെറുതെ നഷ്ടപ്പെടുത്തി. അങ്ങനൊന്ന് ഞാനൊരിക്കലും അനുഭവിച്ചിരുന്നില്ല. ഇനിയെന്ത് സംഭവിച്ചാലും ഇതാണ് എനിക്ക് വേണ്ട ജീവിതം എന്ന് ഞാന്‍ തീരുമാനിച്ചു. അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്'' സഞ്ജയ് ദത്ത് പറയുന്നു.


 

sanjay dutt about drugs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES