വര്‍ഷങ്ങളായി മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ നടനായിരുന്നു നാദിര്‍ഷ. പക്ഷേ തന്റെ കഴിവുകള്‍ പുറം ലോകം അറിയാനായി അമര്‍ അക്ബര്‍ ആന്റണി എന്ന ഒരു ചിത്രം സംവിധാനം ചെയ്യേണ്ടി വന്നു നാദിര്‍ഷായ്ക്ക്. ഇപ്പോഴിതാ താരത്തിന്റെ പേരില്‍ ആറുകോടിയുടെ തട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നതാണ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
മേരാനാം ഷാജി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധാനത്തിരക്കുകളിലാണ് നാദിര്‍ഷയിപ്പോള്‍. ബിജുമേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാദിര്‍ഷായുടെ ആദ്യ ചിത്രം അമര്‍ അക്ബര്‍ അന്തോണി വമ്പന്‍ ഹിറ്റായിരുന്നു. തുടര്‍ന്നെത്തിയ കട്ടപ്പനയിലെ ഹൃതിക് റോഷനും വലിയ വിജയമായി. മേരാ നാം ഷാജിയും ഹിറ്റ് ചാര്‍ട്ടിലെത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് നാദിര്‍ഷായുടെ പേര് ദുരുപയോഗം ചെയ്ത് കോടികള്‍ തട്ടാന്‍ ചിലര്‍ രംഗത്തെത്തിയത്. നാദിര്‍ഷായുടെ പേരില്‍ നിര്‍മാതാക്കളെയും പണം മുടക്കാന്‍ തയ്യാറുള്ളവരെയും ലക്ഷ്യം വച്ചാണ് ഒരു പരസ്യ രൂപത്തില്‍ ചിലര്‍ തട്ടിപ്പുനടത്തിയത്.
നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള പുതിയ ചിത്രത്തില്‍ മുതല്‍മുടക്കാന്‍ നിര്‍മ്മാതാക്കളെ തിരഞ്ഞുകൊണ്ടുള്ള പരസ്യം ഒരു ഫേസ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള പ്രൊജക്ടില്‍ ആറുകോടി രൂപ മുടക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു മൊബൈല്‍ നമ്പറും പരസ്യത്തോടൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തട്ടിപ്പ് നാദിര്‍ഷാ തന്നെ പൊളിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ പ്രതികരിച്ചത്.
വ്യാജ പ്രചരണമാണെന്നാണ് താരം വ്യക്തമാക്കിയത്. പ്രിയ സുഹൃത്തുക്കളെ,എല്ലാവരുടേയും അറിവിലേക്കായാണു ഈ പോസ്റ്റ്. താഴെ കാണുന്ന സ്‌ക്രീന്‍ ഷോട്ട് ഒന്ന് ശ്രദ്ധിക്കുക. ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അധികാരികളെ സമീപിച്ച് കഴിഞ്ഞു. പ്രിയപ്പെട്ടവരെ നിങ്ങള്‍ ആരും ഇത്തരം വഞ്ചകരുടെ വലയില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത് എന്നാണ് നാദിര്‍ഷാ പോസ്റ്റില്‍ പറഞ്ഞത്.
മേരാ നാം ഷാജി റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെയാണ് നിര്‍മ്മാതാവിനെ തേടിയുള്ള വ്യാജ പരസ്യമെത്തുന്നത്. സിനിമയിലെ പടലപിണക്കങ്ങള്‍ കാരണമാകും ഇത്തരത്തില്‍ വ്യാജ പ്രചരണം നടക്കുന്നതെന്നാണ് വിലയിരുത്തല്‍. ദീലിപന്റെ അടുത്ത സുഹൃത്താണ് നാദിര്‍ഷാ. എന്നാല്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ സൗഹൃദങ്ങള്‍ നാദിര്‍ഷായ്ക്കുണ്ട്. മേരാ നാം ഷാജിയില്‍ ബിജു മേനോനും ആസിഫ് അലിയുമെല്ലാം മുഖ്യ കഥാപാത്രങ്ങളാകുന്നത് അതുകൊണ്ടാണ്. ഇത്തരത്തിലെ സൗഹൃദ ഇടപെടല്‍ പിടിക്കാത്ത ആരോ ആണ് പ്രചരണത്തിന് പിന്നിലെന്നാണ് സൂചന. മേക് മൂവീ കാസ്റ്റിങ് എംഎംസി എന്ന പ്രൊഫൈലിന്റെ പേരിലായിരുന്നു നാദിര്‍ഷായുടെ ചിത്രത്തിനായി നിര്‍മ്മാതാവിനെ കണ്ടെത്താന്‍ ശ്രമിച്ചത്. എന്തായാലും താരം ഇതിനെതിരെ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.