കേരളത്തെ ഞെട്ടിച്ച വാളയാര്‍ കേസിലെ കേസന്വേഷണം അട്ടിമറിച്ചതിനെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ് രംഗത്തെത്തിയത് . കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താനുള്‍പ്പടെയുള്ള സാധാരണക്കാര്‍വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടൊവിനോ പറഞ്ഞു.കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നില്‍ക്കില്ല. അവര്‍ പ്രതികരിക്കും. ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവിനോ വ്യക്തമാക്കി.
വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.അഞ്ചുപ്രതികളുണ്ടായിരുന്ന കേസില്‍ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായെന്നാണ് വിവരം.സംഭവം നടന്ന് രണ്ട് വര്‍ഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.