ബിഗ്‌ബോസിലെ നഗ്നതാ പ്രദര്‍ശനത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവട്ടി ഹൈദ്രബാദ് ഹൈക്കോടതി. തെലുങ്ക് ബിഗ് ബോസ് മൂന്നാം സീസണെതിരായി സിനിമാ നിര്‍മാതാവ് ജഗദീശ്വര്‍ റെഡ്ഡി നല്‍കിയ പരാതിയില്‍ ഹൈക്കോടതി നടപടി. റിയാലിറ്റി ഷോയെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈദരാബാദ് ഹൈക്കോടതി ഉത്തരവിരിക്കുന്നത്.
ബിഗ് ബോസ് നഗ്‌നതാ പ്രദര്‍ശനത്തിനും ലൈംഗിക ചൂഷണത്തിനുമുള്ള ഇടമാണെന്നും സംസ്‌കാരത്തെ ബാധിക്കുന്ന ഇത്തരം ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കര്‍ശനമായി സെന്‍സര്‍ ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു ജഗദീശ്വര്‍ റെഡ്ഡിയുടെ പരാതി. നിര്‍മാതാവിന്റെ പരാതിയ്ക്ക് പിന്നാലെ ഹൈദരാബാദ് പോലീസ് സ്റ്റേഷനില്‍ റിയാലിറ്റി ഷോയ്ക്കെതിരായി മറ്റ് രണ്ട് പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ട്.
ജൂലൈ 21ന് ആരംഭിക്കാനിരിക്കുന്ന ബിഗ് ബോസ് തെലുങ്ക് മൂന്നാം പതിപ്പിനെതിരെ ഗുരുതര ആരോപണവുമായി ഹൈദരാബാദിലെ വനിതാ മാധ്യമപ്രവര്‍ത്തകയും രംഗത്ത് വന്നിരുന്നു. ബിഗ്ബോസിന്റെ സംഘാടകരായ നാലുപേര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്നോട്ടു വന്നത്. തങ്ങള്‍ക്കു വഴങ്ങുകയാണെങ്കില്‍ ബിഗ് ബോസ് തെലുങ്കിന്റെ ഫൈനലില്‍ പ്രവേശിപ്പിക്കാമെന്നു സംഘാടകര്‍ വാഗ്ദാനം ചെയ്തതായും ഹോട്ടലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ തന്നെ ബോഡി ഷെയിമിങ്ങിന് ഇരയാക്കിയതായും തങ്ങളുടെ 'ബോസിന്' വഴങ്ങാന്‍ നിര്‍ബന്ധിച്ചതായും യുവതി പറയുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അസി. പൊലീസ് കമ്മിഷണര്‍ കെ. ശ്രീനിവാസ റാവു മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 13ന് പത്രപ്രവര്‍ത്തകയും അവതാരകയുമായ യുവതിയില്‍ നിന്ന് പരാതി ലഭിച്ചതായും സംഭവത്തില്‍ അഭിഷേക്, രവികാന്ത്, രഘു, ശ്യാം എന്നിവര്‍ക്കെതിരെ കേസെടുത്തതായും ശ്രീനിവാസ റാവു മാധ്യമങ്ങളോട് പറഞ്ഞു.