ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സീതാകല്ല്യാണം ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതേ ഉദ്വേഗങ്ങളാണ് ഇന്ന് ഷൂട്ടിങ് സെറ്റിലും നടന്നത്. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് താരങ്ങളേയും അണിയറ പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. വർക്കലയിലെ റിസോർട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്. അയിരൂർ പൊലീസ് ഈ റിസോർട്ട് സീൽ ചെയ്യുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങളിൽ സീരിയൽ ഷൂട്ടിംഗിനും വിലക്കുണ്ട്. എന്നിട്ടും അതീവ രഹസ്യമായി ഷൂട്ടിങ് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റിസോർട്ടിൽ പൊലീസ് ഇടപെടൽ. ഇതോടെ സീരിയൽ പ്രതിസന്ധിയിലാകും. തൽകാലത്തേക്ക് എങ്കിലും ഈ സീരിയിൽ നിർത്തേണ്ടി വരും. നേരത്തെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ ഷൂട്ടിംഗും അവസാനിച്ചിരുന്നു. ചെന്നൈയിൽ നടന്ന ഷൂട്ടിംഗിൽ തമിഴ്‌നാട് പൊലീസാണ് ബിഗ് ബോസിൽ ഇടപെട്ടത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിങ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് സ്ഥലത്തെത്തുകയും സീരിയൽ താരങ്ങളും ടെക്‌നീഷ്യന്മാരുമടക്കം ഇരുപതോളം പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം നടപടിയുണ്ടാകും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ റിസോർട്ട് അടച്ച് സീൽ ചെയ്യുകയും ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
മെയ് എട്ടിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ സംസ്ഥാനത്ത് സിനിമ- സിരീയൽ എന്നിവയുടെ ഇൻഡോർ ഔട്ട്‌ഡോർ ഷൂട്ടിങ്ങുകൾ നടത്തുന്നതിന് നിരോധനമുണ്ട്. ഇത് ലംഘിച്ചതിനാണ് നടപടി.