ഒരുപിടി നല്ല ചിത്രങ്ങള്‍, ഒരുപിടി നല്ല സീരിയലുകള്‍, പ്രതീഷ് നന്ദനെ പറ്റി കൂടുതല്‍ ഒന്നും മലയാള ടെലിവിഷന്‍ ആരാധകരോട് പറയേണ്ടതില്ല. കിരണ്‍ ടിവിയിലെ ആങ്കര്‍ ആയി എത്തിയ പ്രതീഷ് കോളേജ് കുമാരിമാരുടെ ആരാധനാ പാത്രം കൂടിയായിരുന്നു. അതിനു ശേഷം ചന്ദനമഴയിലെ അഭിഷേകായും കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തിയുടെ മകനായി എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ, വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രണ്ടാമതും അച്ഛനായിരിക്കുകയാണ് പ്രതീഷ് നന്ദന്‍. മൂത്തമകന്‍ ദേവപ്രതീകിനു 13 വയസാണ് പ്രായം.
കുവൈറ്റില്‍ നഴ്സാണ് പ്രതീഷിന്റെ ഭാര്യ ദേവജ. അപ്രതീക്ഷിതമായാണ് ദേവജ വീണ്ടും ഗര്‍ഭിണിയായതും വൈകിയ വേളയില്‍ ദൈവം അനുഗ്രഹിച്ചതു പോലെ ഒരു കുഞ്ഞിനെ കിട്ടിയതും. അതുകൊണ്ടു തന്നെ ആരാധകരുമായി ആ വിശേഷങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. ഇന്ന് കുഞ്ഞിന്റെ നൂലുകെട്ടും പേരിടല്‍ ചടങ്ങും നടത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോഴാണ് ആരാധകരും ഇതേക്കുറിച്ച് അറിഞ്ഞത്. പെണ്‍കുഞ്ഞാണ് താരത്തിന് ജനിച്ചത്. ദേവാംഗി എന്നാണ് തങ്ങളുടെ പൊന്നോമനയ്ക്ക് പേരിട്ടിരിക്കുന്നത്. എന്തായാലും അനിയത്തിക്കുട്ടിയുടെ വരവോടെ ചേട്ടന്‍ ദേവപ്രതീക് വളരെ സന്തോഷത്തിലാണ് എന്ന് ചിത്രങ്ങളില്‍ നിന്നു തന്നെ മനസിലാക്കാം.
തനി നാടന്‍ ശൈലിയില്‍ ഉള്ള അവതരണം കൊണ്ടും, തന്റെ പരിപാടിയിലേക്ക് വിളിക്കുന്ന ആരോടും സരസമായ സംഭാഷണത്തിലൂടെയും കിരണ്‍ ടിവിയിലൂടെ പ്രേക്ഷകരുടെ മനസു കവര്‍ന്ന താരത്തിന് ഇന്നും ഫാന്‍സിന് കുറവൊന്നുമില്ല. അവിടെ നിന്നുമാണ് ചന്ദനമഴയിലേക്ക് എത്തിയത്. ദേശായി കുടുംബത്തിലെ അനന്തരാവകാശികളില്‍ ഒരാളായ ചന്ദനമഴയിലെ വര്‍ഷയുടെ അഭിഷേക്, കുങ്കുമ പൂവില്‍ ആശ ശരത്തിന്റെ വീറുറ്റ കഥാപാത്രമായ പ്രൊഫസര്‍ ജയന്തിയുടെ മകന്‍ എന്നിങ്ങനെ പ്രതീഷ് അവതരിപ്പിച്ച കഥാപാത്രങ്ങളത്രയും പോസിറ്റീവ് റോളുകള്‍ ആയിരുന്നു. ഹാര്‍ട്ട് ടച്ചിങ് ആയ രണ്ട് റോളുകള്‍, അതാകാം ചന്ദന മഴയും കുങ്കുമപ്പൂവും അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ പ്രതീഷ് മായാതെ നിലനില്‍ക്കുന്നത്.
പിന്നീട് ആ ചെറുപ്പക്കാരനെ അധികമാരും സ്‌ക്രീനില്‍ കണ്ടിട്ടില്ല. താരം ഇപ്പോള്‍ എവിടെയെന്ന് പ്രേക്ഷകരില്‍ പലരും തിരക്കാറുമുണ്ട്. എന്നാല്‍ അഭിനയമോഹത്തിനൊപ്പം എഴുത്തിനോടും ഇഷ്ടമുള്ള നടന്‍ ഇപ്പോള്‍ അതിന്റെ പാതയിലാണ്. സൂര്യ ടിവിയില്‍ ഇപ്പോള്‍ കണ്ടന്റ് ഹെഡ് ആയി ജോലി നോക്കി വരികയാണ്. മുഴുവനായി അഭിനയം വിട്ടു എന്ന് പറയാനാകില്ല. നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. പക്ഷെ ഇപ്പോള്‍ പ്രിയം എഴുത്തിനോടാണ്. നല്ല കഥകള്‍ എഴുതാന്‍ താത്പര്യമുണ്ട്. മുന്‍പ് യോദ്ധ സിനിമയുടെ രണ്ടാം ഭാഗം പ്രതീഷ് എഴുതിയിരുന്നു. ജഗതി ശ്രീകുമാറിനെ കൊണ്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ധാരണയുമായി. പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അപകടം സംഭവിച്ചു.
സ്‌കൂള്‍ കാലഘട്ടം മുതല്‍ അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്ന പ്രതീഷ് സ്നേഹത്തിന്റെ ശ്രാദ്ധം എന്ന ടെലിഫിലിമിലൂടെയാണ് അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. അതില്‍ ബാബു നമ്പൂതിരിയുടെയും മായയുടെയും മകനായിട്ടാണ് പ്രതീഷ് എത്തിയത്. പിന്നീട് സീരിയല്‍ രംഗത്തും കിരണ്‍ ടിവിയില്‍ ആങ്കറായും തിളങ്ങി നിന്ന പ്രതീഷിന് 2007 മികച്ച അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുണ്ടായി. മഴവില്‍ മനോരമയിലെ നോക്കെത്താ ദൂരത്ത് എന്ന പരമ്പരയുടെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചതും പ്രതീഷ് ആയിരുന്നു. റേഡിയോ ജോക്കിയായും തന്റെ കഴിവ് തെളിയിച്ച പ്രതീഷ് ഇപ്പോള്‍ ജിസ് ജോയ് യുടെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.