സിനിമകളേക്കാള്‍ കൂടുതല്‍ പ്രേക്ഷക പ്രിയം നേടിയ നിരവധി പരമ്പരകളിലൂടെയാണ് കൈലാസ് നാഥ് എന്ന നടനെ മലയാളികള്‍ക്ക് പരിചിതം. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി ചേര്‍ക്കാവുന്ന കഥാപാത്രമാണ് സാന്ത്വനത്തിലെ നാരായണ പിള്ള എന്ന പിള്ളച്ചേട്ടനായി അദ്ദേഹം എത്തിയത്. അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആകുന്നതിന്റെ തൊട്ടുമുമ്പു വരെ അദ്ദേഹം അഭിനയരംഗത്ത് സജീവമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അനാരോഗ്യത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ആദ്യം വിശ്വസിക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ രോഗാവസ്ഥ ശരീരം തളര്‍ത്തുകയും അഭിനയത്തു നിന്നും ഇടവേള എടുത്ത് മാറിനില്‍ക്കുകയും ചെയ്തപ്പോഴാണ് പ്രശ്നം ഗൗരവതരമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്.
ശുദ്ധമനസിന് ഉടമയായിരുന്നു കൈലാസ് നാഥ്. പ്രാര്‍ത്ഥനയും പൂജയും കലയും ജീവിതമാക്കിയ ബ്രാഹ്മണന്‍. അദ്ദേഹത്തിന്റെ രൂപത്തിലും ഭാവത്തിലും എല്ലാം എന്തിനേറെ കഥാപാത്രങ്ങളില്‍ പോലും തന്റെ ദൈവ വിശ്വാസം ആരാധകര്‍ക്കും വ്യക്തമാകുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയം. നെറ്റിയില്‍ നീട്ടി വരച്ച ചന്ദനക്കുറിയില്ലാതെ അദ്ദേഹത്തെ കാണുവാനേ സാധിച്ചിട്ടില്ല. മദ്യപാനമോ പുകവലിയോ തുടങ്ങി യാതൊരു തരത്തിലുള്ള ദുശ്ശീലങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നിട്ടും കൈലാസ് നാഥ് തന്റെ 63-ാം വയസില്‍ കരള്‍ രോഗ ബാധിതനായി. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് അഥവാ മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗം ആയിരുന്നു അദ്ദേഹത്തിന് ബാധിച്ചത്.
ബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ടയാളായതിനാല്‍ തന്നെ പൂജയും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ രോഗം ആദ്യമാര്‍ക്കും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹം ഗുരുതരാവസ്ഥയിലായതോടെ അപ്പോള്‍ അഭിനയിച്ചു കൊണ്ടിരുന്ന പരമ്പരയില്‍ നിന്നും മാറിനിന്നതോടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരും ഇക്കാര്യം മനസിലാക്കിയത്. എന്നാല്‍ ലിവര്‍ സിറോസിസിനു പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. ഏറെക്കാലം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതോടെ ചികിത്സയ്ക്ക് സഹായം തേടി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും പണം സ്വരൂപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നീണ്ടനാളത്തെ ചികിത്സ പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ആരോഗ്യാവാനായി ആശുപത്രി വിട്ടത്.
അതിനു ശേഷം ഏകമകളുടെയും ഭാര്യയുടെയും പരിചരണത്തിലായിരുന്നു അദ്ദേഹം. അമ്മയേയും ഭാര്യയേയും മകളേയും എല്ലാം ജീവനു തുല്യം സ്നേഹിച്ചിരുന്ന അദ്ദേഹത്തന് സഹപ്രവര്‍ത്തകരും ഏറെ പ്രിയപ്പെട്ടവരായിരുന്നു. സാന്ത്വനത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നുവെങ്കിലും അവരോടൊക്കെ എപ്പോഴും തമാശ പറഞ്ഞു സംസാരിക്കുന്ന ആളായിരുന്നു. രോഗത്തിന്റെ തീവ്രതയിലും എപ്പോഴും ഊര്‍ജ്ജസ്വലന്‍ ആയിരിക്കാന്‍ എപ്പോഴും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിരുന്നു കൈലാസ് നാഥ്.
വര്‍ഷങ്ങളായി മുടങ്ങാതെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ചിരുന്ന അദ്ദേഹം അടുത്തകാലത്തായി മുന്‍കാല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുക മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വീണ്ടും ആശുപത്രിയിലായതോടെ അതും നിലച്ചിരുന്നു. എങ്കിലും അദ്ദേഹം വീണ്ടും തിരിച്ചു വരുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് മരണ വാര്‍ത്ത എത്തിയത്. 65-ാം വയസിലാണ് കൈലാസ് നാഥിന്റെ വിയോഗം സംഭവിച്ചത്. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് വിലപിടിപ്പുള്ള നടനായിരുന്നു ഇദ്ദേഹം. ദീര്‍ഘകാലം ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ 'ഇതു നല്ല തമാശ' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
ചിരഞ്ജീവി, ശങ്കര്‍, ശ്രീനാഥ്, നാസര്‍ എന്നിവര്‍ക്കൊപ്പം ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ കൈലാസ് 1977ല്‍ പുറത്തിറങ്ങിയ 'സംഗമം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. 'ഒരു തലൈ രാഗം' എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പര്‍ ഹിറ്റായി മാറി. പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു.
സേതുരാമയ്യര്‍ സിബിഐയിലെ സ്വാമിയായും സ്വന്തമെന്ന പദത്തിലെ കൊച്ചു കുട്ടനായും ഇരട്ടി മധുരത്തിലെ സുമനായും ശ്രീനാരായണ ഗുരുവിലെ ചട്ടമ്പി സ്വാമികളായും ശരവര്‍ഷത്തിലെ അയ്യരായും ഒക്കെ നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു.