അല്‍ഫോണ്‍സാമ്മയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് അശ്വതി. ദുബായിലേക്ക് വിവാഹിതയായതോടെ സ്ഥിരതാമസമാക്കിയ അശ്വതിക്ക് ഇപ്പോൾ ലോക്ഡൗണ്‍ കാലം വേദന നിറഞ്ഞ ഒന്നാണ്. അശ്വതിയുടെ അമ്മയുടെ അമ്മ രാജമ്മ മാത്യുവിന്റെ വിയോഗമാണ് അശ്വതിയെ ഇപ്പോൾ വേദനപെടുത്തുന്നത്.
അശ്വതിയുടെ വാക്കുകളിലൂടെ
ഞാനും അനിയത്തിമാരും ദുബായില്‍ ആണ്. ഞങ്ങളെ അവസാനമായി ഒന്നു നേരില്‍ കാണമെന്ന് അമ്മച്ചിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് അമ്മച്ചി പറയുകയും ചെയ്തു. പക്ഷേ സാധിച്ചില്ല... ഇത്ര വേഗം അമ്മച്ചി പോകുമെന്ന് പ്രതീക്ഷിച്ചതല്ലല്ലോ... പറഞ്ഞു തുടങ്ങിയപ്പോള്‍ അശ്വതിയുടെ വാക്കുകള്‍ ഇടറി. ശബ്ദത്തില്‍ സങ്കടത്തിന്റെ കനം.
അമ്മച്ചിക്ക് 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. എന്നെയും അനിയത്തിമാരെയും അവസാനമായി ഒരു നോക്ക് കാണണമെന്നു വലിയ ആഗ്രഹമായിരുന്നു. ലോക്ക് ഡൗണ്‍ കാരണം ഞങ്ങള്‍ക്ക് ദുബായില്‍ നിന്നു നാട്ടിലെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ആ മോഹം ബാക്കിവച്ച് കഴിഞ്ഞ മെയ് 3ാം തീയതി അമ്മച്ചി പോയി. മരണ സമയത്ത് ഞങ്ങളുടെ മമ്മി മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളു. ഞങ്ങളുടെ പപ്പ ബോംബെയിലും കുടുങ്ങിപ്പോയിരുന്നു.
ഞാനും എന്റെ അനിയത്തിമാരും ദുബായിലിരുന്ന്, വിഡിയോ കോളിലൂടെയാണ് അമ്മച്ചിയുടെ മരണാനന്തര ചടങ്ങുകള്‍ കണ്ടത്. അമ്മച്ചിയുടെ അവസാന നിമിഷങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും ഒപ്പമുണ്ടാകാന്‍ സാധിക്കാത്തതില്‍ വലിയ സങ്കടമുണ്ട്. ഇപ്പോഴും അതിന്റെ വേദന മാറിയിട്ടില്ലതന്നെയാണ്.