വ്യത്യസ്തമായ അവതരണവും പ്രേക്ഷകപ്രീതിയും നേടിയ സീരിയലാണ് ഉപ്പും മുളകും. സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായത് കൊണ്ട് തന്നെ ഉപ്പും മുളകും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബാലചന്ദ്രന്‍ തമ്പിയും നീലുവും അഞ്ചുമക്കളുമാണ് സീരിയലിന്റെ ഹൈലൈറ്റ്. ഇടയ്ക്ക് വച്ച് പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങില്‍ മുന്നേറുകയായിരുന്നു. സീരിയലിലെ ലച്ചുവിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തോടെ സീരിയലില്‍ നിന്നും ജൂഹി പിന്മാറുകയായിരുന്നു. അഭിനയത്തിനിടെ വിട്ടുപോയ പഠനത്തിന് വേണ്ടിയാണ് താരം പോയത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലുമായും താരം എത്തിയിരുന്നു. ജൂഹി സീരിയലില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലായിരുന്ന ആരാധകര്‍ ലച്ചു സീരിയലിലേക്ക് തിരിച്ചുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലച്ചു എത്തിയില്ലെങ്കിലും ലെച്ചുവിനോട് അപാര മുഖസാദൃശ്യമുള്ള ഒരു കുട്ടി പരമ്പരയിലേക്ക് എത്തിയിരുന്നു.
അശ്വതി എസ് നായര്‍ എന്നാണ് പൂജയുടെ യഥാര്‍ത്ഥ പേര്. സൂര്യമ്യൂസിക്കിലെ സ്ട്രീറ്റ് ട്രന്‍ഡ്സ് എന്ന പ്രോഗ്രാമിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. ലച്ചു പിന്മാറിയ ശേഷം ആണ് പൂജ ജയറാം എന്ന കഥാപാത്രമായി ഉപ്പും മുളകിലേക്കും അശ്വതി എത്തിയത്. പാറമട വീട്ടിലേക്ക് ഒരു ദിവസം കടന്നുവന്ന പാവാടക്കാരി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആണ് കയറിക്കൂടിയത്. മിക്ക എപ്പിസോഡുകളിലും പൂജയും സ്ഥിരസാന്നിധ്യം ആയിരുന്നു. മുടിയനെ കല്യാണം കഴിക്കണം എന്ന ആഗ്രഹത്തോടെയാണ് പൂജയുടെ മാസ് എന്‍ട്രി. എന്നാല്‍ പൂജയുടെ വരവ് ഉപ്പുംമുളക് ആരാധകര്‍ക്ക് അത്ര രസിച്ചിരുന്നില്ല. അത് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രകടമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓണത്തിന് ശേഷമുളള ഉപ്പും മുളകിലെ എപ്പിസോഡുകളില്‍ പൂജ എത്തിയില്ല. അതോടെ വിമര്‍ശനത്തെത്തുടര്‍ന്ന് പൂജയെ പുറത്താക്കിയോ എന്നായി ആരാധകരുടെ അന്വേഷണം. ആരാധകരുടെ അന്വേഷണത്തിനൊടുവില്‍ മറുപടിയുമായി എത്തിയിരിക്കയാണ് ഈ കൊച്ചിക്കാരി ഫ്രീക്കത്തി. ഉടന്‍ ഉപ്പും മുളകിലേക്കും താന്‍ തിരികെ എത്തും എന്ന് സമയം മലയാളത്തോട് അശ്വതി നായര്‍ വ്യക്തമാക്കി. ഒരു ചെറിയ ബ്രെയ്ക്ക് എടുത്തു എന്ന് മാത്രമേ ഉള്ളൂ. കഴിഞ്ഞ ദിവസം മുതല്‍ ഷൂട്ടിങ്ങിലേക്ക് തിരികെ എത്തി. ഇനി വരാന്‍ ഇരിക്കുന്ന എപ്പിസോഡില്‍ ഉണ്ടാകും എന്ന ഉറപ്പും അശ്വതി നല്‍കി.
അശ്വതി വിവാഹിതയാണ്. ഇന്‍ഫോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനാണ് അശ്വതിയുടെ ജീവിതനായകന്‍. അശ്വതിയെ കണ്ട് ഇഷ്ടമായി ഹരികൃഷ്ണന്‍ വീട്ടിലെത്തി കല്യാണം ആലോചിക്കുകയായിരുന്നു. പിന്നീട് ഇരുവരും ഇഷ്ടപ്പെട്ട് കഴിഞ്ഞ വര്‍ഷം കല്യാണവും നടന്നു. വിവാഹം കഴിഞ്ഞെങ്കിലും കരിയറില്‍ അശ്വതിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഹരി തന്നെയാണ്. നല്ലൊരു സൈക്ലിസ്റ്റ് കൂടിയാണ് അശ്വതി. സൈക്ലിങ്ങും നൃത്തവുമാണ് താരത്തിന്റെ വിനോദങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് അശ്വതിയുടെ കുടുംബം.