ശ്രദ്ധേയകഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീനില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ശബരിനാഥ്. താരത്തിന്റെ അപ്രതീക്ഷിത വയോഗത്തില്‍ നിന്നും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇനിയും മുക്തി നേടിയിട്ടില്ല. യാതൊരുവിധ ദു:ശീലങ്ങളും ഇല്ലാത്ത, ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായ ശബരിക്ക് എങ്ങനെ ഹൃദയാഘാതം വന്നുവെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഷട്ടില്‍ കളിക്കുന്നതിനിടയിലായിരുന്നു ശബരി കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയിലായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. പാടാത്ത പൈങ്കിളി സീരിയലില്‍ അഭിനയിച്ച് വരുകയായിരുന്നു താരം. ശബരിനാഥുമൊത്തുളള ഓര്‍മ്മകള്‍ പങ്കുവച്ച് താരങ്ങളും എത്തിയിരുന്നു. സഹപ്രവര്‍ത്തകരുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ശബരിനാഥ്. മിന്നുകെട്ടിലൂടെയായിരുന്നു ശബരി സീരിയല്‍ രംഗത്തെത്തിയത്. പകരക്കാരനായി തുടങ്ങിയ അഭിനയ ജീവിതത്തില്‍ നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മുഴുനീള വക്കീല്‍ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍രെ ആഗ്രഹം. ആ സ്വപ്നം സഫലമാവും മുന്‍പായിരുന്നു വിയോഗം. ശബരിക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അര്‍ച്ചന സുശീലന്‍.
കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്വന്തം വീട്ടിലുള്ളൊരാളെപ്പോലെ, ഇതായിരുന്നു ശബരിയെക്കുറിച്ച് അര്‍ച്ചന പറഞ്ഞത്. പാടാത്ത പൈങ്കിളി എന്ന സീരിയലിന് വേണ്ടിയാണ് ഞങ്ങള്‍ ഇരുവരും ആദ്യമായൊരുമിച്ചത്. മുന്‍പേ ശബരിച്ചേട്ടനെ അറിയാമായിരുന്നു. ലൊക്കേഷനിലായിരുന്നില്ല, ചടങ്ങുകളിലും മറ്റ് പരിപാടികളിലുമൊക്കെയായി അദ്ദേഹത്തെ കാണാറുണ്ട്. എല്ലാവരോടും ഒരുപോലെ പെരുമാറുന്നയാളാണ് അദ്ദേഹം. പാടാത്ത പൈങ്കിളി ലൊക്കേഷനില്‍ വെച്ചാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തതെന്നും അര്‍ച്ചന പറയുന്നു. മെലിഞ്ഞിരുന്നു എല്ലാവരുമായി അടുത്ത സൗഹൃദമായിരുന്നു ശബരിച്ചേട്ടന്. ഒടുവില്‍ കണ്ടപ്പോള്‍ അദ്ദേഹം മെലിഞ്ഞിരുന്നു. അതിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. രാത്രി 7ന് ശേഷം ആഹാരം കഴിക്കാറില്ലെന്നും ആരോഗ്യ കാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കണമെന്നുമൊക്കെ പറഞ്ഞിരുന്നനു അദ്ദേഹം. ചേട്ടന്‍ പറഞ്ഞ ടിപ്‌സുകളൊക്കെ അതേ പോലെ പാലിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ നന്നായി മെലിഞ്ഞത്. അതേക്കുറിച്ച് ചേട്ടനോട് പറയാനിരിക്കുകയായിരുന്നു.
ഇനി കാണുമ്പോള്‍ അതേക്കുറിച്ച് പറയാമെന്ന് കരുതിയതാണ്. അക്കാര്യം നേരില്‍ പറയാനായി കാത്തിരിക്കുന്നതിനിടയിലാണ് വിയോഗ വാര്‍ത്ത അറിഞ്ഞത്. ആ കൂടിക്കാഴ്ച സംഭവിക്കാത്തതില്‍ സങ്കടമുണ്ടെന്നും അര്‍ച്ചന പറയുന്നു. അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ഒരു യാത്രയിലായിരുന്നു. കുറേ സമയത്തേക്ക് വിയോഗ വാര്‍ത്ത വിശ്വസിക്കാനായിരുന്നില്ല. നമ്മുടെ സഹപ്രവര്‍ത്തകന്‍ പെട്ടെന്നൊരു നാള്‍ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോവുകയെന്ന് പറയുമ്പോള്‍ വല്ലാത്ത അവിശ്വസനീയതയാണ് തോന്നിയത്. കുടുംബത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ആയുര്‍വേദ ഡോക്ടറാണ് അദ്ദേഹത്തിന്റെ ഭാര്യ. കൊവിഡ് പ്രതിരോധത്തിനുള്ള ആയുര്‍വേദ മരുന്നുകളൊക്കെ കൊണ്ടുതരാറുണ്ട്. 3 ഷെഡ്യൂളിലെ ചിത്രീകരണമാണ് പൂര്‍ത്തിയാക്കിയത്. ലൊക്കേഷനിലുള്ളപ്പോള്‍ ചെറിയ അസ്വസ്ഥത പോലും അദ്ദേഹം കാണിച്ചിരുന്നില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ അദ്ദേഹം ചോദിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ളൊരാള്‍ പോയെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നും അര്‍ച്ചന പറയുന്നു.