ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സീരിയൽ താരം അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ സീരിയൽ നടൻ അർജുനെയാണ് ഓട്ടോക്കാരന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. എളമക്കര കീർത്തിനഗർ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ എം.എ. മുനീറിന്റെ പരാതിയിലാണ് നടപടി. ബുധനാഴ്ച രാത്രി ചക്കരപ്പറമ്പിലായിരുന്നു പരാതിക്ക് ആധാരമായ സംഭവം.
സർവിസ് റോഡിൽനിന്ന് ബൈപാസിലേക്ക് അർജുൻ പെട്ടെന്ന് കാർ കയറ്റിയപ്പോൾ എന്താണ് ചെയ്യുന്നതെന്ന് മുനീർ ആംഗ്യം കാണിച്ച് ചോദിച്ചു. ഇത് അർജുന് ഇഷ്ടമായില്ല. ഇതേതുടർന്ന് അർജുൻ കാറിൽ ഓട്ടോ ഡ്രൈവറെ പിന്തുടരുകയും ഓട്ടോയിൽനിന്ന് വിളിച്ചിറക്കി മർദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കാർ ഓട്ടോറിക്ഷയിൽ ഉരസുകയും ചെയ്തു.
ഇതിനു പിന്നാലെ ഓട്ടോ ഡ്രൈവർ പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നൽകുക ആയിരുന്നു. അറസ്റ്റിലായ അർജുനെ പിന്നീട് ജാമ്യത്തിൽവിട്ടു. കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂനിയൻ (സിഐ.ടി.യു) എളമക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു