സീ കേരളത്തില്‍ സംപ്രേക്ഷണം ആരംഭിച്ച് മാസങ്ങള്‍ക്കകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയാണ് മാംഗല്യം. അതില്‍ അനഘ എന്ന കഥാപാത്രം ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അര്‍ച്ചനാ കൃഷ്ണ. മുന്‍പ് റാണി രാജയിലും സാന്ത്വനത്തിലും എല്ലാം അഭിനയിച്ച അര്‍ച്ചന കന്യാദാനത്തില്‍ അഭിനയിച്ചു വരവേയാണ് മാംഗല്യം സീരിയലിലേക്ക് എത്തിയത്. അതിനിടയില്‍ മോഡലിംഗും ജിമ്മിലെ ട്രെയിനറും ഒക്കെയായി വര്‍ക്ക് ചെയ്തു വരുന്നുണ്ട്. മിസ് ട്രിവാന്‍ഡ്രം പട്ടം വരെ നടിയെ തേടിയെത്തിരുന്നു. അതിനിടെയാണ് മാംഗല്യത്തിലെ അര്‍ച്ചന എന്ന കഥാപാത്രത്തിലേക്ക് എത്തിയത്. മറ്റൊരു കുട്ടി ചെയ്തു കൊണ്ടിരുന്ന കഥാപാത്രമാണ് അര്‍ച്ചന ഏറ്റെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം പരമ്പരയുടെ ഷൂട്ടിംഗിന് എത്തിയ നടി കണ്ടത് താന്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയ സീനുകള്‍ മറ്റൊരു കുട്ടിയെ വച്ച് ഷൂട്ട് ചെയ്യുന്നതാണ്. തുടര്‍ന്ന് സെറ്റില്‍ ചോദ്യങ്ങളുയര്‍ത്തിയ നടിയെ പരമ്പരയില്‍ നിന്നും പുറത്താക്കിയെന്ന് അറിയിക്കുകയായിരുന്നു,
കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു മാസം ഒന്നില്‍ കൂടുതല്‍ സീരിയലുകളില്‍ അഭിനയിക്കുന്നവരാണ് സീരിയല്‍ താരങ്ങളെല്ലാം. മാസത്തിന്റെ ആദ്യ പകുതി ഒരിടത്തും ബാക്കി പകുതി മറ്റൊരു സീരിയലിലേക്കുമൊക്കെ ഡേറ്റ് കൊടുക്കുന്ന നിരവധി പേരുണ്ട്. എപ്പോഴും സീനുകള്‍ ഇല്ലാത്തവരെ നേരത്തെ മുന്‍കൂട്ടി അറിയിക്കുന്നതു പ്രകാരമാണ് എത്തുന്നതും. അതു പ്രകാരമാണ് കഴിഞ്ഞ ദിവസം അര്‍ച്ചനയും ലൊക്കേഷനിലേക്ക് എത്തിയത്. അടുത്ത ദിവസം തനിക്ക് കൊല്ലത്ത് ഷൂട്ടിംഗിനു പോകേണ്ടതിനാല്‍ 10.30ക്ക് തന്നെ വിടണമെന്ന് പറയുകയും ചെയ്തു. സാധാരണ 9.30 വരെയാണ് ഷൂട്ട് ടൈം. അതിനു ശേഷവും ഷൂട്ട് നീളാറുണ്ടെങ്കിലും അധിക വേതനമൊന്നും അതിനു ലഭിക്കാറില്ല. അന്നും 11.30 കഴിഞ്ഞപ്പോഴാണ് ഷൂട്ട് തീര്‍ന്നത്. ഇനിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നു പറയുകയും യാത്ര പറഞ്ഞ് ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്നും അയച്ച വണ്ടിയില്‍ കയറി കുറച്ചു ദൂരം എത്തിയപ്പോഴാണ് സെറ്റില്‍ നിന്നും വിളിക്കുകയും കണ്ടിന്യൂറ്റി ഷൂട്ടിനായി ഡ്രസ് വച്ച് പോകാനും പറഞ്ഞത്. വീണ്ടും തിരിച്ച് വന്ന് ഡ്രസ് വച്ച് പോവുകയും ചെയ്തു.
അടുത്ത ദിവസം ഷൂട്ട് ഉണ്ടായിട്ടും അര്‍ച്ചനയെ ലൊക്കേഷനില്‍ നിന്നും ആരും വിവരം അറിയിച്ചിരുന്നില്ല. തുടര്‍ന്ന് സഹ താരങ്ങള്‍ അറിയിച്ച് അര്‍ച്ചന ഓടിയെത്തിയപ്പോഴാണ് തലേദിവസം തന്നെ വച്ച് ഷൂട്ട് ചെയ്ത സംഭവങ്ങളെല്ലാം പുതിയൊരു നടിയെ കൊണ്ടു വന്ന് വീണ്ടും റീഷൂട്ട് ചെയ്യുന്നത് കണ്ടത്. തുടര്‍ന്ന് അതു തീരാന്‍ കാത്തു നിന്ന അര്‍ച്ചന ബ്രേക്കായപ്പോള്‍ സംവിധായകനോടും മറ്റും കാര്യങ്ങള്‍ നേരിട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരമ്പരയുടെ പ്രൊഡ്യൂസറിന്റെ ഭാര്യയോടും സംസാരിച്ചു. തന്നെ സീരിയലിലേക്ക് തിരിച്ചെടുക്കണമെന്ന് അര്‍ച്ചന ആവശ്യപ്പെട്ടെങ്കിലും അവരതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് അര്‍ച്ചന ചാനല്‍ അധികൃതരെ ബന്ധപ്പെട്ടു. അപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. അര്‍ച്ചനയെ മാറ്റാന്‍ കാരണം, മറ്റൊരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് കള്ളം പറഞ്ഞ് പോയി എന്നതായിരുന്നു. അപ്പോള്‍ തന്നെ താന്‍ കള്ളം പറഞ്ഞതല്ല, ലൊക്കേഷനില്‍ ആണ് എന്നതടക്കം ചൂണ്ടിക്കാട്ടിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
തുടര്‍ന്ന് സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുമായും അര്‍ച്ചന സംസാരിച്ചു. അവിടെ നിന്നും ലഭിക്കാനുള്ള ബാക്കി പേയ്മെന്റ് എങ്കിലും വാങ്ങിയെടുത്തോളൂ എന്നായിരുന്നു അര്‍ച്ചനയ്ക്ക് ലഭിച്ച മറുപടി. ഇതില്‍ ചാനലിന് യാതൊരു പങ്കുമില്ലെന്നും പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചാനലിനെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ മാറ്റിയതെന്നും അര്‍ച്ചന കണ്ണീരോടെ പറയുന്നു