ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ മൂന്നാമത്തെ പ്രൊജക്ടായ സംഗീത ആല്‍ബം 'നിര്‍ഭയ' പ്രകാശനം ചെയ്തു. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സിധിന്‍ ആണ് നിര്‍ഭയയുടെ ആശയവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടുള്ള ആദരസൂചകമായാണ് ഈ ആല്‍ബം ഒരുക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിരവധി നിര്‍ഭയമാര്‍ ഉണ്ട്. എന്നാല്‍ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്ന സന്ദേശമാണ് 'നിര്‍ഭയ' എന്ന ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്.
ആല്‍ബത്തിന്റെ ഓണ്‍ലൈന്‍ മ്യൂസിക് ലോഞ്ച് സുരേഷ് ഗോപി എം പി നിര്‍വ്വഹിച്ചു. കൂടാതെ നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാറും മേനക സുരേഷ്‌കുമാറും ചേര്‍ന്ന് ആല്‍ബത്തിന്റെ ഡിവിഡി ലോഞ്ചും മ്യൂസിക് ഡയറക്ടര്‍ സ്റ്റീഫന്‍ ദേവസ്സി വെബ് സൈറ്റ് പ്രകാശനവും നിര്‍വ്വഹിച്ചു. സായ് പ്രൊഡക്ഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ സതീഷ് കുമാര്‍, സായ് സുധാ സതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജഗതി ശ്രീകുമാറിന്റെ മകനും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ എം ഡിയുമായ രാജ് കുമാറും നിര്‍ഭയയില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സിനിമ രംഗത്തും സജീവമായ സംവിധായകന്‍ സിധിന്‍, ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ കൂടിയാണ്. പതിനേഴോളം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ട്‌സില്‍ ഇടം നേടുകയും 8 തവണ ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കുകയും ചെയ്ത ശ്രീകര്‍ പ്രസാദാണ് നിര്‍ഭയയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
മുന്‍നിര ഛായാഗ്രഹകരില്‍ ഒരാളായ ബിനേന്ദ്ര മേനോനാണ് ഛായാഗ്രഹണം. ഗിരീഷ് നക്കോടിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. സിനിമാ പിന്നണിഗായിക ശ്വേത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ സായ് പ്രൊഡക്ഷന്‍സാണ് നിര്‍ഭയ നിര്‍മ്മിച്ചിരിക്കുന്നത്.