വീണ്ടും സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയല്‍ നടിയും നര്‍ത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബര്‍ തട്ടിപ്പിനിരയാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച് അഞ്ജിത വ്യക്തമാക്കിയത്. ആരാധകര്‍ക്കും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് താരത്തിന്റെ കുറിപ്പ്..
ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഞ്ജിത തനിക്ക് സംഭവിച്ച അബദ്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ''ടെലഗ്രാമില്‍ പുതിയൊരു സ്‌കാം വന്നിട്ടുണ്ട്. ഞാന്‍ ടെലഗ്രാം ഉപയോഗിക്കുന്ന വ്യക്തിയല്ല. അതുകൊണ്ടു തന്നെ എന്റേതെന്ന പേരില്‍ എന്തെങ്കിലും മെസേജ് വരികയാണെങ്കില്‍ അവഗണിക്കുക. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ നിന്നും വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്. അവരെ വിളിച്ച് കാര്യങ്ങള്‍ നേരിട്ട് അന്വേഷിച്ചു മാത്രം മുന്നോട്ട് പോകുക. എനിക്ക് ആ അബദ്ധം പറ്റി, വീണ്ടും വീണ്ടും. ശ്രദ്ധിക്കുക'', അഞ്ജിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
താന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായി മുന്‍പും അഞ്ജിത തുറന്നു പറഞ്ഞിട്ടുണ്ട്. പ്രശസ്ത നര്‍ത്തകിയായ രഞ്ജന ഗൗഹറിന്റെ വാട്സാപ്പ് ഹാക്ക് ചെയ്താണ് തന്നെ തട്ടിപ്പിന് ഇരയാക്കിയതെന്നാണ് അഞ്ജിത നേരത്തേ വെളിപ്പെടുത്തിയത്. രഞ്ജന ഗോറിന്റെ വാട്സാപ്പ് നമ്പറില്‍ നിന്ന് മെസേജ് അയച്ച് 10000 രൂപ ആവശ്യപ്പെട്ടുവെന്നും പണം അയച്ചുകൊടുത്തു എന്നും താരം പറഞ്ഞിരുന്നു.