Latest News

മണ്ണമ്പേട്ടയിലെ മലഞ്ചരക്ക് കച്ചവടക്കാരന്‍ വറീതിന്റെ 11 മക്കളില്‍ നാലാമന്‍; നാലാംക്ലാസില്‍ പഠിക്കുമ്പോളെ കച്ചവടത്തിലേക്ക്; ഉപേക്ഷിച്ചതുമായ എയര്‍ കണ്ടീഷണറുകള്‍ നിന്നും പുതിയവ നിര്‍മ്മിച്ച് സെക്കന്റ് ഹാന്‍ഡായി നല്കി തുടക്കം; തൃശ്ശൂര്‍ രാഗം തീയേറ്റര്‍ ഉടമ ജോര്‍ജ്ജ് നെരേപറമ്പില്‍ കോടീശ്വരനായി മാറിയത് ഇങ്ങനെ

Malayalilife
 മണ്ണമ്പേട്ടയിലെ മലഞ്ചരക്ക് കച്ചവടക്കാരന്‍ വറീതിന്റെ 11 മക്കളില്‍ നാലാമന്‍; നാലാംക്ലാസില്‍ പഠിക്കുമ്പോളെ കച്ചവടത്തിലേക്ക്; ഉപേക്ഷിച്ചതുമായ എയര്‍ കണ്ടീഷണറുകള്‍ നിന്നും പുതിയവ നിര്‍മ്മിച്ച് സെക്കന്റ് ഹാന്‍ഡായി നല്കി തുടക്കം; തൃശ്ശൂര്‍ രാഗം തീയേറ്റര്‍ ഉടമ ജോര്‍ജ്ജ് നെരേപറമ്പില്‍ കോടീശ്വരനായി മാറിയത് ഇങ്ങനെ

തൃശൂരുകാരുടെ കാഞ്ഞ ബിസിനസ് ബുദ്ധി ലോകപ്രശസ്തമാണ്. ഗള്‍ഫ് മണ്ണില്‍ സുവര്‍ണ നേട്ടങ്ങള്‍ കൊയ്ത നൂറുകണക്കിനു പേരാണ് ഉള്ളത്. അക്കൂട്ടത്തിലൊരാണ് തൃശൂരുകാരന്‍ ജോര്‍ജ്ജേട്ടന്‍ അല്ലെങ്കില്‍ ജോര്‍ജ്ജ് നെരേപറമ്പില്‍. ഇന്ന് തൃശ്ശൂര്‍ രാഗം തീയേറ്റര്‍ ഉടമയും ബുര്‍ജ്ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്മെന്റുകള്‍ സ്വന്തമായുള്ള മലയാളിയുമായ ജോര്‍ജ്ജിന്റെ വളര്‍ച്ചയും സമ്പത്തും ആരെയും മോഹിപ്പിക്കുന്നതാണ്. ഓരോ നാള്‍ കഴിയുമ്പോഴും വളരുന്ന അദ്ദേഹത്തിന്റെ ബിസിനസ് ബുദ്ധിയ്ക്കു പിന്നില്‍ മറ്റാരുമല്ല, സ്വന്തം അപ്പന്‍ കുട്ടിക്കാലത്തു പകര്‍ന്നു നല്‍കിയ മലഞ്ചരക്ക് കച്ചവടത്തിലെ നുറുങ്ങ് വിദ്യകളാണ്. അതുമായി ഗള്‍ഫിലേക്ക് എത്തിയ ജോര്‍ജ്ജിന് ആ ബുദ്ധി തുണയായി. പതുക്കെ പതുക്കെ ആ മണലാരണ്യം ജോര്‍ജ്ജ് കീഴടക്കുകയായിരുന്നു.

തൃശ്ശൂര്‍ മണ്ണമ്പേട്ടയിലെ മലഞ്ചരക്ക് വ്യാപാരിയായ വറീത് നെരേപ്പറമ്പിലിന്റെയും റോസ വറീതിന്റെയും 11 മക്കളില്‍ നാലാമനായിട്ടാണ് ജോര്‍ജ്ജ് ജനിച്ചത്. സ്‌കൂളില്‍ നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അപ്പന്‍ വറീതിനൊപ്പം കച്ചവടത്തില്‍ സഹായിയായി കൂടുകയായിരുന്നു. അടക്ക, കുരുമുളക്, പുളി, നെല്ല്, കശുവണ്ടി എന്നിങ്ങനെ എല്ലാ കാര്‍ഷികോത്പന്നങ്ങളും നാട്ടിന്‍പുറത്തുനിന്ന് സംഭരിച്ച് തൃശ്ശൂരിലും മറ്റും കൊണ്ടു പോയി വില്‍ക്കലായിരുന്നു വറീതിന്റെയും സഹായിയായ ജോര്‍ജിന്റെയും വലിയ ബിസിനസ്. അങ്ങനെ കച്ചവടത്തിന്റെയും പണം സമ്പാദിക്കുന്നതിന്റെയും പാഠങ്ങള്‍ അപ്പനില്‍നിന്നും അല്ലാതെയും ജോര്‍ജ്ജ് സ്വന്തമാക്കിയിരുന്നു.

എന്നാല്‍ അപ്പനോടൊപ്പം ബിസിനസ് ചെയ്യാന്‍ തനിക്ക് താഴെ മറ്റ് ഏഴുമക്കള്‍ കൂടി ഉള്ളതിനാല്‍ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ജോര്‍ജ്ജിനെ ഗള്‍ഫിലേക്കെത്തിച്ചത്. 1976ലായിരുന്നു അത്. അന്ന് ഗള്‍ഫ് വികസനത്തിന്റെ പാതയിലായിരുന്നു. അവിടുത്തെ ബിസിനസ് രംഗം ആഴത്തില്‍ പഠിച്ചപ്പോള്‍ അവിടെ കടുത്ത ചൂടില്‍ വെന്തുരുകുന്നവര്‍ക്ക് ആശ്വാസമേകുന്ന എയര്‍ കണ്ടീഷണറുകള്‍ക്ക് നല്ല ഡിമാന്‍ഡാണെന്ന് കണ്ടെത്തി. പുതിയ എയര്‍ കണ്ടീഷണറുകള്‍ വാങ്ങാനുള്ള പണമില്ലാത്തതിനാല്‍ കേടു വന്നതും  ചുളുവിലയ്ക്ക് വാങ്ങി. ആ സ്‌ക്രാപ്പില്‍ നിന്നും പുതിയ എയര്‍ കണ്ടീഷണറുകള്‍ ഉണ്ടാക്കി സെക്കന്‍ഡ് ഹാന്‍ഡായി വിറ്റായിരുന്നു ജോര്‍ജ്ജിന്റെ കാഞ്ഞ ബുദ്ധി പ്രവര്‍ത്തിച്ചത്.

സെക്കന്‍ഡ്സിന് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. പ്രത്യേകിച്ചും പുതിയ ഏസി വാങ്ങിക്കാന്‍ കാശില്ലാത്തവര്‍. നാട്ടില്‍ ചെയ്ത ബിസിനസില്‍ നിന്നും ജോര്‍ജ്ജ് പഠിച്ച പാഠമായിരുന്നു അത്. കുരുമുളകിലും കൊപ്രയിലും പുളിയിലും കശുവണ്ടിയിലുമെല്ലാം 'തിരിവ്' എന്ന പേരില്‍ കച്ചവടക്കാര്‍ മാറ്റിയിടുന്ന 'വേസ്റ്റ്' ചെറിയ വിലയ്ക്ക് വാങ്ങി അതില്‍ കുറച്ച് പരിശ്രമിച്ച് ഒന്നാംതരമാക്കി വേര്‍തിരിച്ചെടുക്കുന്ന വിദ്യയാണ് ജോര്‍ജിലെ ഏസി കച്ചവടക്കാരനെ വളര്‍ത്തിയത്. അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു അത്. തുടര്‍ന്ന് സ്വന്തമായി ഒരു കമ്പനി തുടങ്ങി - ടെയില്‍ സ്റ്റാര്‍ ഇലക്ട്രിക്കല്‍സ്.വാല്‍ നക്ഷത്രങ്ങള്‍ ഭാഗ്യം കൊണ്ടുവരുമെന്ന അന്നത്തെ പത്രവാര്‍ത്തകളില്‍ നിന്നാണ് ആ പേര്‍ നല്‍കിയത്. അതൊരു വിജയഗാഥയുടെ ആരംഭമായിരുന്നു.

പിന്നീട് ജോജ്ജിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനിടയില്‍ കമ്പനിയുടെ പേര് ജിയോ ഇലക്ട്രിക്കല്‍ ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് എന്നാക്കിമാറ്റി.പിന്നീടത് ജിയോ ഗ്രൂപ്പായി മാറി. 828 മീറ്റര്‍ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്ജ് ഖലീഫ പണി പൂര്‍ത്തിയാക്കിയപ്പോള്‍ 'നിനക്കൊന്നും അതിനകത്തേക്ക് കയറാന്‍ കൂടി പറ്റില്ല' എന്ന കൂട്ടുകാരന്റെ നിര്‍ദോഷകമായ പരിഹാസമാണ് ആ കൂറ്റന്‍ കെട്ടിടത്തില്‍ അപ്പാര്‍ട്മെന്റുകള്‍ സ്വന്തമാക്കാന്‍ ജോജ്ജിനെ പ്രേരിപ്പിച്ചത്. ആദ്യം വാടകയ്ക്ക് അപ്പാര്‍ട്മെന്റില്‍ താമസമാരംഭിച്ചു. പിന്നീട് അത് വിലയ്ക്ക് വാങ്ങി. തുടര്‍ന്ന് 900 അപ്പാര്‍ട്മെന്റുകള്‍ ഉള്ള ബുര്‍ജ്ജ് ഖലീഫയിലെ 22 അപ്പാര്‍ട്മെന്റുകള്‍ ജോര്‍ജ്ജ് സ്വന്തമാക്കി. ഇതില്‍ 12 എണ്ണം വാടകയ്ക്ക് കൊടുത്തിരിക്കയാണ്. അപ്പാര്‍ട്മെന്റുകളുടെ പരിപാലനത്തിനായി മാത്രം വര്‍ഷംതോറും 30 ലക്ഷം ദിര്‍ഹമാണ് അദ്ദേഹം ചിലവഴിക്കുന്നത്.

ബുര്‍ജ്ജ് ഖലീഫ കാണാനെത്തുന്ന കേരളത്തിലെ മിക്ക നേതാക്കളുടെയും അവിടുത്തെ ആതിഥേയന്‍ ജോര്‍ജ്ജ് ആയിരിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം പണി നടക്കുന്ന വേളയില്‍ പണമില്ലാതെ വിമാനത്താവളത്തിന്റെ പണി മുടങ്ങി എന്ന വാര്‍ത്തയാണ് സിയാലില്‍ നിക്ഷേപിക്കാന്‍ ജോര്‍ജ്ജിനെ പ്രേരിപ്പിച്ചത്. വീടിനടുത്ത് ഒരു വിമാനത്താവളം വേണമെന്നത് ജോര്‍ജ്ജിന്റെയും ആവശ്യമായിരുന്നു. അന്ന് സിയാല്‍ ഡയറക്റ്റര്‍ വി ജെ കുര്യന് നല്‍കിയത് 2.05 കോടി രൂപയുടെ ചെക്കായിരുന്നു. സിയാല്‍ മേധാവികള്‍ അന്തം വിട്ടുപോയ നിമിഷം. സിയാലില്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ വ്യക്തിഗത ഓഹരികളില്‍ പ്രഥമ സ്ഥാനം ജോര്‍ജ്ജിനാണ്. സിയാലിലെ ഡയറക്റ്റര്‍ സ്ഥാനം വര്‍ഷങ്ങളായി അദ്ദേഹം അലങ്കരിക്കുന്നു.

തൃശ്ശൂര്‍കാരുടെ വികാരമായ രാഗം തിയ്യേറ്റര്‍ സ്വന്തമാക്കിയതോടെയാണ് ജനങ്ങള്‍ ജോര്‍ജ്ജിനെ ശ്രദ്ധിക്കുന്നത്. തീയേറ്ററിന്റെ പേര് തന്നെ ജോര്‍ജ്ജേട്ടന്‍സ് രാഗമായപ്പോള്‍ അതിന് തൃശ്ശൂരിന്റെ തനിമ കൈവന്നു. ഇന്ന് യു.എ.ഇ.യിലും ഇന്ത്യയിലുമായി 15 വന്‍കിട കമ്പനികളാണ് ജിയോ ഗ്രൂപ്പിലുള്ളത്. ഭാര്യ മോളി ജോര്‍ജ്ജ് കമ്പനികളുടെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് തലവനാണ്. പെണ്‍മക്കള്‍ : ജെനി, ജെമി. മകന്‍ ജിയോണ്‍ ജോര്‍ജ്ജ് കമ്പനികളുടെ അസിസ്റ്റന്റ് മാനേജരാണ്. എന്റെ നിഘണ്ടുവില്‍ അസാധ്യം എന്നൊന്നില്ല. പരിശ്രമിച്ചാല്‍ എന്തും നേടാവുന്നതേയുള്ളൂ. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായ ജോര്‍ജ്ജേട്ടന്‍ തന്റെ വിജയരഹസ്യം തുറന്നു പറയുന്നത് ഇങ്ങനെയാണ്.

Ragam Theatre owner george

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES