മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് വിനോദ് കോവൂർ. നാടക രംഗത്തുകൂടി അഭിനയ രംഗത്തെത്തിയ വിനോദ് ആദാമിന്റെ മകൻ അബു, പുതിയ തീരങ്ങൾ,101 ചോദ്യങ്ങൾ , വല്ലാത്ത പഹയൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കോവൂർ സ്വദേശിയായ ഇദ്ദേഹം മഴവിൽ മനോരമ ചാനലിൽ പ്രദർശിപ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. മീഡിയ വൺ ടെലിവിഷൻ ചാനലിലെ എം80 മൂസ എന്ന ടെലി സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിചിരുന്നു. എന്നാൽ ഇപ്പോൾ എം80 മൂസയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് വിനോദ് കോവൂർ.
കഴിഞ്ഞ ദിവസം കോഴിക്കോട് ചെന്നപ്പോള്‍ വാട്‌സപ്പില്‍ ഒരു വോയ്‌സ് മെസേജ് വന്നു ഒരു കുഞ്ഞുകുട്ടിയുടെ ശബ്ദം. മൂസക്കായ്യേ ഇങ്ങള് നമ്മളെയൊക്കെ മറന്നൂല്ലേ ന്ന് . ആ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. M80 മൂസയുടെ ഷൂട്ടിംഗ് ചെലവൂരിലെ വീട്ടില്‍ വെച്ച് നടക്കുമ്പോള്‍ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒരു രണ്ട് വയസ്‌കാരിയായിരുന്നകുഞ്ഞാറ്റ എന്ന മോള്‍ . ഷൂട്ടിംഗ് നടന്നോണ്ടിരിക്കുമ്പോള്‍ അമ്മയുടെ ഒക്കത്തിരുന്ന് അവള്‍ നീട്ടി വിളിക്കും മൂസക്കായ്യേന്ന് അപ്പോള്‍ ചെന്ന് അവളെ ഒന്നെടുത്ത് കൊഞ്ചിക്കും. ഷൂട്ടിന് വരുന്ന ഓരോ ദിവസവും അവള്‍ക്ക് ഇഷ്ട്ടമുള്ള മിഠായിയും ഐസ് ക്രീമും കളിപ്പാട്ടങ്ങളും ഒക്കെ അവള്‍ക്ക് കൊണ്ടു കൊടുക്കുമായിരുന്നു.
മൂസാ കുടുംബത്തിന്റെ ഓമനയായിരുന്നു കുഞ്ഞാറ്റ. ഇടയ്ക്ക് ഷൂട്ടിനിടയില്‍ അവള്‍ടെ വീട്ടിലേക്ക് ക്ഷണിക്കും ചായയും പലഹാരവും ഒക്കെ തരും. ഒരിക്കല്‍ അവള്‍ കുടുംബത്തോടൊപ്പം കോവൂരിലെ എന്റെ വീട്ടിലും വന്നിരുന്നു.മൂസയുടെ ഷൂട്ടിംഗ് തീര്‍ന്നതോടെ രണ്ട് മൂന്ന് തവണ കുഞ്ഞാറ്റയെ പോയി കണ്ടിരുന്നു. പിന്നെ വലിയ ഒരു ഇടവേള വന്നു. ഞാന്‍ കൊച്ചിയിലേക്ക് താമസം മാറിയതോടെ വിവരം ഒന്നും അറിയാതെയായ്. ഫോണ്‍ ഫോര്‍മാറ്റ് ചെയ്തപ്പോള്‍ നമ്പറും നഷ്ട്ടപ്പെട്ടു. എന്തായാലും അവള്‍ടെ വോയ്‌സ് ക്ലിപ് കേട്ടതോടെ അന്ന് തന്നെ കുഞ്ഞാറ്റയെ പോയ് കാണണംന്ന് തീരുമാനിച്ചു. പണ്ട് അവള്‍ക്ക് വാങ്ങിച്ച് കൊടുക്കാറുള്ള മിഠായിയും ഐസ് ക്രീമും പലഹാരങ്ങളും വാങ്ങിച്ച് കുഞ്ഞാറ്റയെ കാണാന്‍ ചെന്നു. സന്തോഷ നിമിഷം എന്നെ കണ്ടതും മൂന്നക്കായ്യേന്നും വിളിച്ച് അവള്‍ ഓടി വന്നു. വിശേഷങ്ങള്‍ പങ്കു വെച്ചു.
അവള്‍ പഴയ കുഞ്ഞാറ്റയല്ല വല്ല്യ കുട്ടിയായി. പിന്നെ ഷൂട്ടിംഗ് നടന്ന മൂസക്കായുടെ വീടും പരിസരവും അവളുടെ കൈയ്യും പിടിച്ച് നടന്ന് കണ്ടു. അയല്‍പക്കത്തെ എല്ലാ വീടുകളിലും കയറി വിശേഷങ്ങള്‍ കൈമാറി. ഓര്‍മ്മകളുടെ വല്ലാത്തൊരു ഒഴുക്ക്. ഷൂട്ടിംഗ് നടന്ന മണ്‍പാതയുടെ കുറേ ഭാഗം കോണ്‍ക്രീറ്റ് ഇട്ടിരിക്കുന്നു. എന്നാലും കാടും പച്ചപ്പും ഒക്കെ അങ്ങനെ തന്നെ വീടിനും മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെന്ന് പ്രകാശേട്ടനും പറഞ്ഞു. തൊട്ടടുത്ത പുഴയും പതിവ് രീതിയില്‍ ഒഴുകുന്നു. ഷൂട്ട് നടക്കുമ്പോള്‍ പലപ്പോഴും വന്ന് ബുദ്ധിമുട്ടി കാറുള്ള വാനരന്മാരും മൂക്കായി യെ കണ്ടപ്പോള്‍ ചുറ്റും വന്നു. എന്തായാലും 3 വര്‍ഷത്തോളം ആ ലൊകേഷനും വീടും പരിസരത്തെ നന്മയുള്ള വീട്ട്കാരും എല്ലാം ഞങ്ങള്‍ക്ക് പ്രിയമുള്ളവരായിരുന്നു. വീടിന്റെ ഉള്ളില്‍ കയറിയപ്പോള്‍ ഓര്‍മ്മകള്‍ ഇരമ്പി വന്നു
തമാശകളും കാര്യങ്ങളും നടന്ന എത്രയെത്ര രംഗങ്ങള്‍ അവിടെ ചിത്രീകരിച്ചിരിക്കുന്നു. ഞങ്ങളെയെല്ലാം ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ടവരാക്കിയM80 മൂസ എന്ന പ്രോഗ്രാം ശരിക്കും ഒരു അദ്ഭുതമാണ്. ഇനി ഇങ്ങനെ ഒരു പരിപാടി ഉണ്ടാകുമോന്ന് അറിയില്ല. മീഡിയ വണ്ണിനെ ഓര്‍ക്കുന്നു ഷാജി അസീസ് എന്ന സംവിധായകനെ ഓര്‍ക്കുന്നു നിര്‍മ്മാതാക്കളായ ഇബ്രാഹിംക്ക റെയ്‌സല്‍ ഷംസീര്‍ ക്യാമറ മാന്‍ അബി.
കുമ്മാട്ടി എന്ന അഖില്‍ മുഖത്ത് ചായം തേച്ച് തന്ന ദിനേശേട്ടന്‍ അസോസിയേറ്റ് മഹേഷ് ഷാജിയേട്ടന്റെ അഭാവത്തില്‍ സംവിധായകന്‍മാരായി മാറിയ മനോജ് കല്പത്തൂര്‍ സുനില്‍ കാര്യാട്ടുകര ഷൈജു അങ്ങനെ അങ്ങനെ ഒരുപാട് പേരെ ഓര്‍മ്മ വന്നു.കുഞ്ഞാറ്റ മോള്‍ ടെ സ്‌നേഹത്തോട്ടെയുള്ള ഒരു വിളിയാണ് എന്നെ പഴയ മധുരമുള്ള ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയത്.
ഇനി ഒരീസം പാത്തൂനേം റസിയയേയും റിസ്വാനേയും കൂട്ടീട്ട് വരാന്ന് പറഞ്ഞ് യാത്രയാകുമ്പോള്‍ ഓര്‍മ്മകള്‍ പുറകോട്ട് തന്നെ ഓടി.വല്ലാത്തൊരു ലോകംപിടിവിട്ട് പറക്കണ കാലം പൊല്ലാപ്പിലായൊരു വല്ലാത്ത പഹയന്റെ കൂടെ കലികാലം .എന്ന ടൈറ്റില്‍ സോംഗ് കാറിലെ സ്റ്റീരിയോയില്‍ പാടി കൊണ്ടിരിക്കുകയായിരുന്നു.