നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പൊന്നോമനയായിരുന്ന മിഥുന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ നടുക്കത്തിലാണ് എല്ലാവരും. വൈകുന്നേരം നേരത്തെയെത്താം എന്ന് അമ്മൂമ്മയോട് യാത്ര പറഞ്ഞാണ് മനു ഭവനത്തില്‍ നിന്ന് മിഥുന്‍ രാവിലെ സ്‌കൂളിലേക്ക് പോയത്. ഒരുപാട് പേരുടെ അനാസ്ഥയില്‍ പൊലിഞ്ഞ ആ മിടുക്കനെ ഓര്‍ത്ത് തേങ്ങുകയാണ് ഒരു നാടും വീട്ടുകാരും. സ്‌കൂളിലെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിക്കുന്നത്. ചേട്ടന്‍ പോയതിന്റെ സങ്കടത്തിലാണ് അനിയന്‍ സുജിനും. അമ്മ വിദേശത്തേക്ക് ജോലിക്ക് പോയതിന് ശേഷം എല്ലാ കരുതലും സുജിന് നല്‍കി വളര്‍ത്തിയത് ചേട്ടന്‍ മിഥുന്‍ ആയിരുന്നു. ഇപ്പോഴിതാ ചേട്ടന്റെ ആഗ്രഹം എന്തായിരുന്നുവെന്ന് പറയുകയാണ് ആ കുഞ്ഞ് അനുജന്‍.
ആ ചെരുപ്പ് ചേട്ടന്‍ മിഥുന്റെ ആയിരുന്നില്ല. കൂട്ടുകാരന്റേത് ആയിരുന്നു. തട്ടിക്കളിച്ചപ്പോള്‍ മേല്‍ക്കൂരയില്‍ വീണു. കൂട്ടുകാരന്‍ എടുക്കേണ്ട എന്ന് പറഞ്ഞതാണ്. പക്ഷേ അവര്‍ പോയി.. അപ്പോഴാണ്.. മിഥുന്റെ അനിയന് പറഞ്ഞ് വന്നത് മുഴുവിപ്പിക്കാനായില്ല. ഇടയില്‍ അവന്‍ പൊട്ടിക്കരഞ്ഞുപോയി. പട്ടാളക്കാരന്‍ ആകാനായിരുന്നു മിഥുന്റെ മോഹം. അതിനായിട്ടാണ് എന്‍സിസി യൂണിറ്റുള്ള സ്‌കൂളിലേക്ക് മാറിയത്. പക്ഷേ അതേ ഇങ്ങനെയൊരു ദുരന്തത്തിലേക്ക് മാറുമെന്ന് ആരും വിചാരിച്ചില്ല. ഇനി തന്റെ ചേട്ടനില്ല എന്ന് സങ്കടത്തിലാണ് കുഞ്ഞ് അനുജന്‍. അമ്മ ഇല്ലാത്തപ്പോള്‍ എല്ലാം നോക്കിയിരുന്നത് ചേട്ടനായിരുന്നു. അവന്റെ പഠനത്തിലും ഒപ്പം കളിക്കാനും എല്ലാം ചേട്ടന്‍ ഒപ്പം ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും ഒന്നിന്റെ പേരിലും മിഥുന്‍ തന്റെ കുഞ്ഞനുജനെ സങ്കടപ്പെടുത്തിയിട്ടില്ല. അമ്മൂമ്മയുടെ മടയില്‍ പൊഴിക്കാന്‍ ഒരു കണ്ണീര്‍ പോലും ഇല്ലാതെ നിര്‍വികാരനായി ഇരിക്കുകയാണ് സുജിന്‍. അവന് ഇനി ചേട്ടനെ കാണാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തില്‍.
അയല്‍പക്കത്തുള്ളവര്‍ക്കും മിഥുനെപ്പറ്റി നല്ലതേ പറയാനുള്ളൂ. ഫുട്‌ബോള്‍, വോളിബോള്‍ കളികളില്‍ കേമനായിരുന്നു. ചിത്രവും വരയ്ക്കും. പഠനത്തിലും മുന്നിലായിരുന്നു അവന്‍. ഏതൊരു കാര്യത്തിനും മടിയില്ലാതെ മുന്നിട്ടിറങ്ങുന്നവന്‍. അതുകൊണ്ടാകും കൂട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അവന്‍ ചെരിപ്പെടുക്കാന്‍ കയറിയത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് അമ്മ വിദേശത്തേക്ക് പോയപ്പോഴും അവന്‍ അനിയനെ ചേര്‍ത്തുപിടിച്ചു. അടുത്ത് താമസിക്കുന്ന അമ്മൂമ്മയുടെ വീട്ടിലായിരുന്നു ഭക്ഷണവും താമസവും. അച്ഛന്‍ മനു സ്വന്തം വീട്ടിലും. പക്ഷേ, പകല്‍ സമയങ്ങളില്‍ ചേട്ടനും അനിയനും സ്വന്തം വീടായ മനുഭവനത്തില്‍ എത്തുമായിരുന്നു. വിദേശത്ത് പോകുംമുന്‍പ് അമ്മ സുജ തൊഴിലുറപ്പിനു പോകുമായിരുന്നു. ഓടുമേഞ്ഞ മേല്‍ക്കൂര തകരാറിലായതോടെ ടാര്‍പോളിന്‍ കെട്ടിയാണ് മഴയെ തടയുന്നത്.
അതേസമയം, മിഥുന്റെ അമ്മ ഇന്ന് കുവൈറ്റില്‍ നിന്ന് എത്തും. രാവിലെ കൊച്ചിയില്‍ എത്തുന്ന സുജ പോലീസിന്റെ സഹായത്തോടെ കൊല്ലത്തേക്ക് എത്തിച്ചേരും. വൈകിട്ട് അഞ്ച് മണിയോടെയാണ് മിഥുന്റെ സംസ്‌കാരം വീട്ട് വളപ്പില്‍ നടത്തുക. മകന്റെ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മുഖം കണ്ടുകൊണ്ടാണ് സുജ എല്ലാം ഇട്ടെറിഞ്ഞ് ജീവിക്കുന്നതിന് വേണ്ടി കുവൈറ്റിലേക്ക് പോകുന്നത്. എല്ലാം നോക്കി നടത്താന്‍ തന്റെ മകന്‍ ഉണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലായിരുന്നു അനിയന്‍ സുജിനെ കൈപിടിച്ച് ഏല്‍പ്പിച്ച് അമ്മ കുവൈറ്റിലേക്ക് വിമാനം കയറിയത്. അവധിക്ക് തിരികെ എത്തുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കേണ്ട മകന്റെ ചേതനയറ്റ ശരീരം കാണുവാനാണ് ആ അമ്മയുടെ വിധി. വീട്ടിലെ ഏറ്റവും വലിയ പ്രശ്‌നമായിരുന്ന ദാരിദ്ര്യം മറികടക്കാനാണ് മിഥുനിന്റെ അമ്മ സുജ വിദേശത്ത് ജോലിക്ക് പോകേണ്ടിവന്നത്. വീട്ടിലെ പാടുപാടലുകളും ബാധ്യതകളും കുറയ്ക്കാനാണ് അമ്മ കുവൈറ്റിലേക്ക് ഹോം നഴ്സായി ജോലിക്കുപോയത്. അമ്മയില്ലാതായതിനാല്‍ മിഥുന്‍ വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്തു.
മാതാവ് സുജ കുവൈറ്റിലേക്ക് ജോലിക്കായി പോകുന്നതിന് മുന്‍പ് നാട്ടില്‍ തന്നെ ചെറിയ ജോലികളാണ് ചെയ്തിരുന്നത്. വീട്ടുകാരെ പോറ്റുന്നതിനായി ദുരിതം സഹിച്ച് ഏതു ജോലി വന്നാലും ചെയ്യാന്‍ തയ്യാറായതായിരുന്നു സുജ. വലിയ വരുമാനം ഒന്നുമില്ലാതിരുന്നെങ്കിലും കഴിയുന്നത്ര പരിശ്രമിച്ചാണ് കുട്ടികളെ വളര്‍ത്താന്‍ ശ്രമിച്ചത്. വീടിന്റെ അവസ്ഥയും വളരെ ദയനീയമായിരുന്നു. മേല്‍ക്കൂര മുഴുവന്‍ പഴകിയ ഓടുകള്‍ കൊണ്ടായിരുന്നു. ഒടുവില്‍ അതും തകരാറിലായതോടെ, കയറി വരുന്ന മഴയെ തടയാനായി നീല ടാര്‍പ്പോള ഷീറ്റ് ഓടിന്റെ മേല്‍ വലിച്ച് കെട്ടിയിരുന്നു. പുതിയ വീട് കിട്ടുന്നതിന് വേണ്ടി ലൈഫ് പദ്ധതിയില്‍ കൊടുത്തിരുന്നെങ്കിലും ലഭിച്ചില്ല. എല്ലാത്തില്‍ നിന്നും കരകയറാനാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കുവൈറ്റിലേക്ക് പോകുന്നത്. കുവൈറ്റില്‍ എത്തി മൂന്ന് മാസം ആയപ്പോഴെക്കുമാണ് വിധി മറ്റൊരു രൂപത്തില്‍ എത്തി മകനെ തട്ടിയെടുത്തത്.