ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകരുള്ള താരം തന്റെ വിശേഷങ്ങളൊക്കെ പങ്ക് വക്കാറുണ്ട്. ഇപ്പോഴിതാ താന്‍ കേരളം വിട്ട് ദുബായിലേക്ക് താമസം മാറിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
പുതിയ ജോലി കിട്ടിയതിനെത്തുടര്‍ന്നാണ് ശ്രുതി ദുബയിലേക്ക് പോകുന്നത്. താന്‍ ആഗ്രഹിച്ചിരുന്ന ഒരു ജോലിയായിരുന്നു ഇതെന്നും എങ്കിലും പുതിയ സാഹചര്യങ്ങളും എപ്പോള്‍ തിരിച്ചുവരുമെന്ന് അറിയാത്തതുമൊക്കെ തന്നെ വൈകാരികമായി ഏറെ ബാധിച്ചതായും ശ്രുതി പുതിയ വീഡിയോയില്‍ പറയുന്നു. കരഞ്ഞുകരഞ്ഞ് കണ്ണ് വീര്‍ത്തെന്നു പറഞ്ഞാണ് ശ്രുതി വീഡിയോ ആരംഭിക്കുന്നതു തന്നെ.
ഇത്തവണത്തെ വിഷു ദുബായില്‍ ആയിരിക്കുമെന്നും നാട്ടിലെ അത്തരം കാര്യങ്ങളൊക്കെ മിസ് ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ''സന്തോഷവും സങ്കടവുമൊക്കെ ചേര്‍ന്ന ഒരുതരം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചതുകൊണ്ടു തന്നെ കാര്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിഞ്ഞില്ല. ഇതുവരെ എവിടെ പോയാലും, തോന്നുമ്പോഴെല്ലാം തിരിച്ചുവരാന്‍ കഴിയുമായിരുന്നു. യാത്ര ചെയ്യുമ്പോളെല്ലാം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തുമല്ലോ. എന്നാല്‍ ഇത്തവണ എനിക്ക് എപ്പോള്‍ വരാന്‍ കഴിയുമെന്ന് അറിയില്ല. ലീവ് കിട്ടാന്‍ എളുപ്പമാണോ എന്നൊന്നും അറിയില്ല'', ശ്രുതി കൂട്ടിച്ചേര്‍ത്തു.
പ്രിയപ്പെട്ടവരില്‍ നിന്നും വളര്‍ത്തുനായയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് തന്റെ ഏറ്റവും വലിയ വിഷമമെന്നും ശ്രുതി പറയുന്നു. ദുബായിലേക്ക് താമസം മാറുകയാണെങ്കിലും, കേരളത്തിലെ പെര്‍ഫ്യൂം ബിസിനസ് അവസാനിപ്പിക്കുന്നില്ലെന്നും താരം അറിയിച്ചു. ബിസിനസ് കാര്യങ്ങള്‍ നിയന്ത്രിക്കാനും നോക്കി നടത്താനും ആവശ്യമായതെല്ലാം ചെയ്തതിനു ശേഷമാണ് താന്‍ ദുബായിലേക്ക് പോകുന്നതെന്നും ശ്രുതി പറഞ്ഞു.
നിരവധി പേരാണ് വീഡിയോയുടെ താഴെയായി ശ്രുതിക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ജോലി കിട്ടി എന്ന് പറഞ്ഞെങ്കിലും അതേക്കുറിച്ച് കൂടുതലായി വിശദീകരിച്ചിരുന്നില്ല. വീഡിയോ മുഴുവനും കണ്ടിട്ടും അതേക്കുറിച്ച് മാത്രം മനസിലായില്ല. എന്തായാലും ആശംസകള്, തുടക്കത്തിലെ ബുദ്ധിമുട്ടുകളുണ്ടാവൂ, ഇനി എല്ലാം സെറ്റായിക്കോളും തുടങ്ങി നിരവധി പേരാണ് ആശംസ അറിയിച്ചിട്ടുള്ളത്.