കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലിരുന്ന് ലതാമങ്കേഷ്‌ക്കറിന്റെ പ്രശസ്തമായ ഗാനം അതിമനോഹരമായി പാടിയ റാണുമണ്ഡല്‍ സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തി. റനുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത് .ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് താരം ഹിമേഷ് രേഷ്മിയയുടെ ചിത്രത്തിലൂടെ ബോളിബുഡില്‍ വരെ റനു മണ്ഡല്‍ എത്തി.ഇപ്പോള് റാണു വാര്‍ത്തകളില്‍ നിറയുന്നത് വിവാദത്തോടൊപ്പമാണ് .
റാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വീഡിയോയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്' എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്.
റാണു ആരാധികയെ ശകാരിക്കുന്നത് കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായെത്തിയത്. ജനങ്ങളാണ് നിങ്ങളെ താരമാക്കിയത്, അത് മറക്കരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.