ഏഷ്യാനെറ്റില്‍ ഏറ്റവും ഒടുവിലായി സംപ്രേക്ഷണം ആരംഭിച്ച സീരിയലാണ് പൗര്‍ണമിത്തിങ്കള്‍. രാത്രി ഏഴിന് സംപ്രേക്ഷണം ചെയ്തുവന്നിരുന്ന സീരിയല്‍ ഇപ്പോള്‍ സമയം മാറ്റി ഉച്ചയ്ക്ക് ടെലികാസ്റ്റ് ചെയ്യുന്നത്. അതേസമയം ഇപ്പോള്‍ സമയമാറ്റത്തിനൊപ്പം സീരിയലിലെ പ്രധാനകഥാപാത്രങ്ങളും മാറിയിരിക്കയാണ്. നായികയായ പൗര്‍ണമിയായി നടി ഗൗരി കൃഷ്ണന്‍ എത്തുമ്പോള്‍ വില്ലത്തിയായ ആനി പുഞ്ചക്കാടനായി എത്തുന്നത് ലക്ഷ്മി പ്രമോദാണ്.
നായികയായ പൗര്‍ണമിയെ അവതരിപ്പിച്ച രണ്ടു നടിമാരും മാറി ശ്രദ്ധേയ താരം ഗൗരി കൃഷ്ണന്‍ ഈ കഥാപാത്രത്തെ ഏറ്റെടുത്തിരിക്കയാണ്. പൗര്‍ണമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റി മുന്നേറുന്ന സീരിയലാണ് പൗര്‍ണമിതിങ്കള്‍. കന്നഡ നടി രഞ്ജനി രാഘവനാണ് സീരിയലില്‍ പൗര്‍ണമിയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് മനീഷ എന്ന പെണ്‍കുട്ടിയെയാണ് പൗര്‍ണമിയായി കണ്ടത്. രണ്ടു പേരുടെയും മുഖഛായയും ഏകദേശം ഒരു പോലെയാരുന്നു. ഇപ്പോള്‍ മനീഷ മാറിയാണ് പൗര്‍ണമിയായി ഗൗരി കൃഷ്ണന്‍ എത്തുന്നത്. അനിയത്തി, എന്നു സ്വന്തം ജാനി, സീത, നിലാവും നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു. കഥാഗതിക്ക് അനുസരിച്ച് പാവം റോളില്‍ നിന്നും ശക്തമായ കഥാപാത്രത്തിലേക്കും പൗര്‍ണമി മാറിയിരിക്കുകയാണ്.
നായിക മാറിയത് പോലെ തന്നെ സീരിയലിലെ പ്രധാന നെഗറ്റീവ് കഥാപാത്രമായ ആനി പൗലോസ് പുഞ്ചക്കാടനായി ഇപ്പോള്‍ എത്തുന്നത് നടി ലക്ഷ്മി പ്രമോദാണ്. ആനിയായി എത്തിയ നവമി മാറിയശേഷമാണ് ലക്ഷ്മി ഈ റോളിലേക്ക് എത്തിയത്. പരസ്പരത്തിലെ സ്മൃതിയായി എത്തി പ്രേക്ഷകരുടെ മനസു കീഴടക്കിയ താരമാണ് ലക്ഷ്മി. പിന്നീട് മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തിലും അഭിരാമി എന്ന ശക്തമായ വില്ലത്തിയെ അവതരിപ്പിച്ച് ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഭാഗ്യജാതകത്തില്‍ നിന്നും പിന്‍മാറിയ ശേഷമാണ് പൗര്‍ണമിതിങ്കളില്‍ ആനിയായി താരം എത്തുന്നത്. വീണ്ടും ഏഷ്യാനെറ്റിലേക്ക് എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലക്ഷ്മി സിനി ലൈഫിനോട് പറഞ്ഞു. ഭാഗ്യജാതകത്തില്‍ ഒന്നിച്ച് അഭിനയിച്ച വിഷ്ണുവും മഹേഷുമാണ് ലക്ഷ്മിയെ പൗര്‍ണമിതിങ്കളിലേക്ക് നിര്‍ദ്ദേശിച്ചത്. ഭാഗ്യജാതകത്തില്‍ വില്ലത്തിയായി മികച്ച അഭിനയം കാഴ്ചവച്ചതുകൊണ്ട് തന്നെ ആനിയെ നിഷ്പ്രയാസമായാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്.
സീരിയല്‍ ഇപ്പോള്‍ റേറ്റിങ്ങില്‍ നല്ലരീതിയില്‍ മുന്നേറുകയാണെന്നും സെറ്റില്‍ എല്ലാവരും നല്ല സൗഹൃദത്തിലാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സീ കേരളത്തില്‍ ടി എസ് സജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൂക്കാലം വരവായ് എന്ന സീരിയലിലും ലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രദ്ധേയവേഷങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ലക്ഷ്മി.